ത്രേതായുഗത്തിനപ്പുറത്തേയ്ക്കു നീളുന്ന ഐതിഹ്യകഥകളുമായൊരു ശാസ്താ ക്ഷേത്രം. മൂന്നുഭാഗവും പ്രകൃതി രമണീയമായ ശുദ്ധജല തടാകത്താല്‍ ചുറ്റിക്കിടക്കുന്ന ശാസ്താംകോട്ട ശ്രീ ധര്‍മ്മശാസ്താക്ഷേത്രത്തിനാണ് ഈ ഐതിഹ്യ പെരുമ. കൊല്ലം ജില്ലയില്‍ കുന്നത്തൂര്‍ താലൂക്കില്‍ ശാസ്താംകോട്ടയിലുള്ള ക്ഷേത്രത്തെ കേരളത്തിലെ അതിപ്രാചീനമായ അഞ്ച് ശാസ്താ ക്ഷേത്രങ്ങളിലൊന്നായാണ് പരിഗണിക്കുന്നത്. കേരളത്തിലെ പ്രശസ്തമായ ശാസ്താ ക്ഷേത്രങ്ങളിലൊന്നാണിത്. ഭാര്യ പ്രഭാദേവി, മകന് സത്യകന് എന്നിവരോടൊപ്പമാണ് ശാസ്താവിനെ ഇവിടെ ആരാധിക്കുന്നത്.
ശാസ്താവിന്റെ സേവകരായി കാണുന്ന വാനരന്മാര് ഈ ക്ഷേത്രത്തിന്റെ പ്രത്യേകതയാണ്. ശ്രീരാമന് രാവണനിഗ്രഹശേഷം സീതയോടും ലക്ഷ്മണനോടും കൂടി ഇതു വഴിവന്നുവെന്നും ധര്‍മ്മശാസ്താവിനെ കണ്ടു വണങ്ങിയെന്നും ഐതിഹ്യം പറയുന്നു. ശാസ്താംകോട്ടയെന്ന സ്ഥലനാമത്തിനും ആധാരമാകുന്നത് ശാസ്താംകോട്ട ക്ഷേത്രത്തിന്റെ സാന്നിധ്യമാണ്. ശാസ്താവിന്റെ കോട്ടയാണ് ശാസ്താംകോട്ടയായി മാറിയത്.
സവിശേഷ സ്വഭാവമുള്ളവയാണ് ക്ഷേത്രത്തിലെ വാനരന്മാര്. കൗതുകമാര്‍ന്നൊരു ചരിത്രവുമുണ്ട് ഈ വാനരക്കൂട്ടത്തിന്. ഇവ രണ്ടുവിഭാഗമുണ്ട് അമ്പലക്കുരങ്ങുകളും, ചന്ത കുരങ്ങുകളും. ആദ്യകാലങ്ങളില്‍ അവര്‍ ഒരുമിച്ചായിരുന്നു അമ്പലത്തിനകത്ത് പ്രസാദവും വഴിപാടുകളും കായ് കനികളും കഴിച്ച് ശുദ്ധ സസ്യാഹാരികളായ് ഇവര്‍ കഴിഞ്ഞു പോന്നിരുന്നത്.
കാലക്രമേണ വാനരന്മാരുടെ എണ്ണം വര്‍ദ്ധിക്കുകയും ഭക്ഷണം തികയാതെ വരികയും ചെയ്തപ്പോള്‍ ഒരുവിഭാഗം കുരങ്ങന്മാര് സമീപത്തെ ചന്തയില്‍ ചെന്ന് കണ്ടതെല്ലാം കഴിക്കാന്‍ തുടങ്ങി. അതില്‍ മത്സ്യമാംസാദികളും ഉണ്ടായിരുന്നു. തിരികെയെത്തിയ വാനരന്മാരെ അമ്പലത്തിലുള്ള വാനരന്മാര് വിലക്കി. പിന്നെ അത് പൊരിഞ്ഞ പോരാട്ടമായി. കുറെ കഴിഞ്ഞപ്പോള്‍ ഭഗവാന്റെ ആജ്ഞപോലെ ഇരുകൂട്ടരും പരസ്പരം പിന്മാറിയതായും പറയപ്പെടുന്നു. അങ്ങനെ അമ്പലത്തില്‍ താമസിക്കുന്നവര്‍ അമ്പലകുരങ്ങുകളും,
പുറത്ത് താമസമാക്കിയവര്‍ ചന്ത കുരങ്ങുകളുമായി. നൂറ്റാണ്ടുകള്‍ക്കിപ്പുറവും തമ്മില്‍ യാതൊരു ബന്ധവുമില്ലാതെയാണ് ഇരുകൂട്ടരും പ്രത്യേകം നേതാക്കന്മാരുടെ കീഴില്‍ കഴിയുന്നത്. എന്നാല്‍ ഏതെങ്കിലും വഴിപാടുകാരന് അമ്പലത്തിന് അകത്ത് വച്ച് മാത്രം വാനരന്മാര്ക്ക് ഭക്ഷണം നല്കിയാല് ചന്തക്കുരങ്ങുകള്‍ വഴക്കിന് വരും.
അതുകൊണ്ട് വഴിപാടുകാര്‍ രണ്ടു കൂട്ടരും ശാസ്താവിന്റെ സ്വന്തം തന്നെയെന്ന് കരുതി പ്രത്യേകമായാണ് ഭക്ഷണം നല്‍കുന്നത്. അട വഴിപാടാണ് ക്ഷേത്രത്തിലെ പ്രധാന വഴിപാട്. കുംഭമാസത്തിലെ ഉത്രം ആറാട്ടായി പത്തുദിവസമാണ് ഇവിടുത്തെ പ്രധാന ഉത്സവം. സ്വയംഭൂവായ ശാസ്താവാണ് ക്ഷേത്രത്തിലെ പ്രധാന പ്രതിഷ്ഠ. ഗണപതി, ശിവന്, നാഗരാജാവ്, യക്ഷി, യോഗീശ്വരന്, രക്ഷസ്, മാടന് എന്നിവരാണ് ഉപദേവതകള്‍.
രഞ്ജിത് മുരളി
പ്രതികരിക്കാൻ ഇവിടെ എഴുതുക: