ന്യൂദല്‍ഹി : കാര്‍ഷിക നിയമത്തിനെതിരയെന്ന പേരില്‍ ദല്‍ഹിയില്‍ അരങ്ങേറിയ അക്രമത്തിന് കാരണക്കാരായ 20 പേരുടെ കൂടി ചിത്രങ്ങള്‍ പുറത്തുവിട്ടു. ചെങ്കോട്ടയില്‍ നടന്ന അക്രമങ്ങള്‍ക്ക് പിന്നില്‍ പ്രവര്ത്തിച്ചവര്ക്കെതിരെയുള്ള നടപടികളും കര്‍ശ്ശനമാക്കിയിട്ടുണ്ട്.
അക്രമങ്ങളില്‍ പങ്കെടുത്ത 200 പേരുടെ ചിത്രങ്ങള്‍ ഇതിന് മുമ്പ് പുറത്തുവിട്ടിരുന്നു. അതിനു പിന്നാലെയാണ് ഇരുപത് പേരുടെ കൂടി പുറത്തുവിട്ടിരിക്കുന്നത്. ചെങ്കോട്ടയിലെ അക്രമവുമായി ബന്ധപ്പെട്ട വീഡിയോ ദൃശ്യങ്ങളില്‍ നിന്നാണ് ഇവരുടെ ചിത്രങ്ങള്‍ ശേഖരിച്ചിരിക്കുന്നത്. അക്രമത്തില്‍ നേരിട്ട് പങ്കെടുത്തവരാണ് ഇവര്‍. ദല്‍ഹി പോലീസ് ഇവരെ കണ്ടെത്താനുള്ള ശ്രമങ്ങളും ഊര്‍ജ്ജിതമാക്കി കഴിഞ്ഞു.
റിപ്പബ്ലിക് ദിനത്തില്‍ ഇടനിലക്കാരുടെ സമരത്തിനിടെ നിരവധി ട്രാക്ടറുകളിലും ബൈക്കുകളിലുമായി ആയിരക്കണക്കിന് അക്രമികളാണ് ചെങ്കോട്ടക്ക് സമീപത്തായി അക്രമം അഴിച്ചു വിട്ടത്. അക്രമികള്‍ പോലീസിനെ ആക്രമിക്കുകയും വ്യാപകമായി പൊതുമുതല്‍ നശിപ്പിക്കുകയും ചെയ്തു.
സംഭവത്തില്‍ ഗൂഢാലോചന നടത്തുകയും നേരിട്ട് പങ്കെടുക്കുകയും ചെയ്ത പഞ്ചാബി നടനും ഗായകനുമായ ദീപ് സിദ്ധു ഉള്‍പ്പെടെയുള്ളവര്‍ നേരത്തെ പോലീസ് പിടിയിലായിരുന്നു. ഒളിവില്‍ കഴിഞ്ഞിരുന്ന ദീപ് സിദ്ധുവിനെ കണ്ടെത്തുന്നതിനായി പാരിതോഷികം ഉള്‍പ്പെടെ പ്രഖ്യാപിച്ചിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: