എട്ട് ലക്ഷത്തില്‍ അല്‍പ്പം കൂടുതല്‍ ജനസംഖ്യയും, ഒരേയൊരു ലോക്സഭാ മണ്ഡലവുമുള്ള കേന്ദ്രഭരണ പ്രദേശമായ പുതുച്ചേരിക്ക് ദേശീയ രാഷ്ട്രീയത്തില്‍ വലിയ പ്രാധാന്യമുണ്ടെന്ന് പറയാനാവില്ല. എന്നാല്‍ 30 നിയമസഭാ മണ്ഡലം മാത്രമുള്ള ഈ കൊച്ചു പ്രദേശത്തിന് ഇപ്പോള്‍ രാഷ്ട്രീയമായി കൈവന്നിരിക്കുന്ന പ്രതീകാത്മക മൂല്യം ദേശീയ പ്രാധാന്യം അര്‍ഹിക്കുന്നു.
വി. നാരായണ സ്വാമി നേതൃത്വം നല്കുന്ന സര്‍ക്കാരിനുള്ള പിന്തുണ നാല് കോണ്‍ഗ്രസ്സ് എംഎല്‍എമാര്‍ പിന്‍വലിച്ചതോടെ ഭൂരിപക്ഷം നഷ്ടമായിരിക്കുകയാണ്. എത്രയും വേഗം രാജിവയ്ക്കണമെന്ന പ്രതിപക്ഷത്തിന്റെ ആവശ്യം നിരസിച്ച് മുഖ്യമന്ത്രി നാരായണ സ്വാമി അധികാരത്തില്‍ തുടരുന്നു. മൂന്ന് ഡിഎംകെ എംഎല്‍എമാരുടെയും ഒരു സ്വതന്ത്രന്റെയും പിന്തുണയില്‍ ഭരണം നിലനിര്‍ത്തിപ്പോന്ന കോണ്‍ഗ്രസ്സ് സര്‍ക്കാര്‍ തുടക്കം മുതല്‍ തന്നെയെന്നു പറയാം, അസ്ഥിരതയുടെ പിടിയിലായിരുന്നു.
മുന്‍ ഐപിഎസ് ഓഫീസര്‍ കിരണ്‍ബേദി ഗവര്‍ണറായി എത്തിയതോടെ മുഖ്യമന്ത്രി നാരായണ സ്വാമി അവരോട് ദിവസേനയെന്നോണം യുദ്ധം പ്രഖ്യാപിച്ച് രാഷ്ട്രീയ പ്രസക്തി തെളിയിക്കുന്ന തിരക്കിലായിരുന്നു. എന്നാല്‍ നിയമസഭാ തെരഞ്ഞെടുപ്പിന്റെ മുന്നോടിയായി സഖ്യകക്ഷിയായ ഡിഎംകെ സ്വന്തം മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിയെ ഏകപക്ഷീയമായി പ്രഖ്യാപിച്ചതോടെ നാരായണ സ്വാമിയുടെ നാളുകള്‍ എണ്ണപ്പെട്ടു. അധികം വൈകാതെയാണ് കോണ്‍ഗ്രസ്സിന്റെ നാല് എംഎല്‍എമാര്‍ രാജിവച്ചതും.
യുപിഎ ഭരണകാലത്ത് കേന്ദ്ര മന്ത്രിയായിരുന്ന നാരായണ സ്വാമി, സോണിയയ്ക്ക് വിടുപണി ചെയ്താണ് മുഖ്യമന്ത്രിക്കസേരയില്‍ എത്തിയത്. വിധേയത്വം പ്രകടിപ്പിക്കാന്‍ എന്തൊക്കെ ചെയ്തിട്ടുണ്ടെന്ന് നാരായണ സ്വാമിക്കു മാത്രമേ അറിയൂ. ഒരിക്കല്‍ തമിഴ്നാട്ടിലെത്തിയ രാഹുലിന്റെ ചെരുപ്പുവരെ ചുമക്കുകയുണ്ടായി. ഇത് ചിത്രസഹിതം വാര്‍ത്തയായി. നാലുപാടുനിന്നും പരിഹാസമുയര്‍ന്നിട്ടും നാരായണ സ്വാമിക്ക് കുലുക്കമൊന്നുമുണ്ടായില്ല. നെഹ്റു കുടുംബത്തിന്റെ പ്രീതി പിടിച്ചുപറ്റാനുള്ള കുറുക്കുവഴികള്‍ ഇതൊക്കെയാണെന്ന് വളരെക്കാലത്തെ പാര്‍ട്ടി പരിചയത്തില്‍നിന്ന് സ്വാമി മനസ്സിലാക്കിയിട്ടുണ്ട്.
നിയമസഭാ തെരഞ്ഞെടുപ്പിന്റെ പ്രചാരണോദ്ഘാടനത്തിന് കോണ്‍ഗ്രസ്സ് നേതാവ് രാഹുല്‍ പുതുച്ചേരിയില്‍ എത്തിയ ദിവസമാണ് പാര്‍ട്ടി എംഎല്‍എ ജോണ്‍ കുമാര്‍ രാജിവച്ചത്. നാരായണ സ്വാമിയുടെ മനഃസാക്ഷി സൂക്ഷിപ്പുകാരനായി അറിയപ്പെടുന്നയാളാണ് ജോണ്‍. സ്ഥാനം രാജിവച്ച മറ്റൊരു എംഎല്‍എ മല്ലാഡി കൃഷ്ണറാവു പറഞ്ഞത് അടുത്ത തവണ മത്സരിച്ചില്ലെങ്കിലും ജനങ്ങളെ ദ്രോഹിക്കാന്‍ താന്‍ ആഗ്രഹിക്കുന്നില്ലെന്നാണ്. പുതുച്ചേരിയിലെ കോണ്‍ഗ്രസ്സ് ഭരണം അത്രയ്ക്ക് ജനവിരുദ്ധമായിരിക്കുന്നു എന്നര്‍ത്ഥം.
ഇതിനിടെ രസകരമായ ചില സംഭവങ്ങളും അരങ്ങേറി. മത്സ്യത്തൊഴിലാളികളുടെ ഒരു യോഗത്തില്‍ പങ്കെടുത്ത രാഹുലിനോട് പ്രായമായ ഒരു സ്ത്രീ തന്റെ പ്രയാസങ്ങള്‍ വിവരിക്കുകയും, സര്‍ക്കാര്‍ തിരിഞ്ഞുനോക്കിയിട്ടില്ലെന്നു പരാതിപ്പെടുകയും ചെയ്തു. തമിഴില്‍ പറഞ്ഞത് രാഹുലിന് മനസ്സിലായില്ല. പിന്നെ ഒട്ടും മടിച്ചില്ല. പരാതിക്കാരി തന്നെ അഭിനന്ദിച്ചതാണെന്ന് രാഹുലിന് പരിഭാഷപ്പെടുത്തിക്കൊടുക്കുകയാണ് ഒപ്പമുണ്ടായിരുന്ന നാരായണ സ്വാമി ചെയ്തത്! ഭാരതി ദാസന് വനിതാ കോളജിലെ പരിപാടിയില്‍ ഒരു വിദ്യാര്‍ത്ഥിനി, രാജീവ് ഗാന്ധിയെ എല്‍ടിടിഇ തീവ്രവാദികള്‍ വധിച്ചതിനെക്കുറിച്ച് രാഹുലിനോട് ചോദിക്കുകയുണ്ടായി. അച്ഛന്റെ ഘാതകരോട് വിരോധമില്ലെന്ന പതിവു മറുപടി പറയുന്നതിനിടെ ”എനിക്കറിയാം ഇവിടെ പല പെണ്‍കുട്ടികള്‍ക്കും അച്ഛനില്ലെന്ന്” എന്ന രാഹുലിന്റെ വിചിത്രമായ പ്രതികരണം കേട്ട് വിദ്യാര്‍ത്ഥിനികള്‍ അമ്പരന്നുപോയി. പാര്‍ലമെന്റിലായാലും പാര്ട്ടിയോഗങ്ങളിലായാലും പപ്പു, പപ്പു തന്നെയായിരിക്കുമെന്ന് തെളിയിക്കുകയായിരുന്നു.
രാജിവച്ച കോണ്‍ഗ്രസ്സ് എംഎല്‍എമാര്‍ ബിജെപി യില്‍ ചേരുമെന്നും, ബിജെപിയുടെ നേതൃത്വത്തില്‍ പുതിയ സര്‍ക്കാര്‍ രൂപീകരിക്കുമെന്നുമാണ് വാര്‍ത്തകള്‍. ഇതോടെ ബിജെപി കുതിരക്കച്ചവടം നടത്തുകയാണെന്ന പതിവ് ആരോപണം കോണ്‍ഗ്രസ്സ് ഉയര്‍ത്തിക്കഴിഞ്ഞു. എപ്പോഴൊക്കെ മറ്റ് പാര്‍ട്ടികളില്‍നിന്ന് ബിജെപിയിലേക്ക് എംഎല്‍എമാര്‍ വരുന്നുവോ അപ്പോഴെല്ലാം ഈ ആരോപണം ചിലര്‍ ഉന്നയിക്കാറുണ്ട്. കര്‍ണാടകയിലും മധ്യപ്രദേശിലും ഗുജറാത്തിലും രാജസ്ഥാനിലും പശ്ചിമബംഗാളിലുമൊക്കെ മറ്റു പാര്‍ട്ടികളില്‍നിന്ന് വളരെയധികം എംഎല്‍എമാര്‍ ബിജെപിയില്‍ ചേര്‍ന്നുകൊണ്ടിരിക്കുകയാണ്. കര്‍ണാടകയിലും മധ്യപ്രദേശിലും കോണ്‍ഗ്രസ്സിന് ഭരണം പോവുകയും, പശ്ചിമബംഗാളില്‍ മമതാ ബാനര്‍ജിയുടെ സര്‍ക്കാര്‍ അസ്ഥിരപ്പെടുകയും ചെയ്തിട്ടുണ്ട്.
പാര്‍ലമെന്ററി രാഷ്ട്രീയത്തിലെ പതിവു കാഴ്ചയാണിത്. പാര്‍ട്ടി മാറി വരുന്നവര്‍ക്ക് കൂറുമാറ്റ നിയമം ബാധകമാകുന്നുണ്ടോ എന്നു മാത്രമേ ഇക്കാര്യത്തില്‍ നോക്കേണ്ടതുള്ളൂ. ഈ നിയമപ്രകാരം ചിലര്‍ക്ക് അയോഗ്യത വന്നിട്ടുണ്ട്. മറ്റ് ചിലര്‍ രാജിവച്ച് തെരഞ്ഞെടുപ്പില്‍ മത്സരിച്ച് ജയിക്കുകയോ തോല്‍ക്കുകയോ ചെയ്യുന്നുമുണ്ട്. ഇതിനെ ജനാധിപത്യപരമായി കാണാന്‍ ബിജെപി വിരുദ്ധ പാര്‍ട്ടികള്‍ തയ്യാറല്ല.
ബിജെപിയിലേക്ക് ആരെങ്കിലും വന്നാല്‍ അത് കുതിരക്കച്ചവടം! ബിജെപിയില്‍നിന്ന് ആരെങ്കിലും മറ്റ് പാര്‍ട്ടികളിലേക്കു ചെന്നാല്‍ അത് ജനാധിപത്യപരം!! ഭാരതീയ ജനസംഘത്തിന്റെ കാലം മുതല്‍ ഒപ്പമുണ്ടായിരുന്നയാളാണ് ഗുജറാത്തിലെ ശങ്കര്‍ സിങ് വഗേല. വഗേല ബിജെപി വിട്ട് കോണ്‍ഗ്രസ്സില്‍ ചേരുകയും മുഖ്യമന്ത്രിയാവുകയും ചെയ്തു. കോണ്‍ഗ്രസ്സ് അന്ന് വല്ലാതെ ആഘോഷിച്ചതാണ്. ബിജെപിക്കേറ്റ ഈ തിരിച്ചടി ജനാധിപത്യത്തിന്റെ വിജയമായി ചിത്രീകരിച്ചവര്‍ക്ക് മധ്യപ്രദേശില്‍ ജ്യോതിരാദിത്യ സിന്ധ്യ കോണ്‍ഗ്രസ്സ് വിട്ട് ബിജെപിയില്‍ ചേര്‍ന്നപ്പോള്‍ അത് കുതിരക്കച്ചവടമായി! മറ്റ് പാര്‍ട്ടികളെ ശക്തിപ്പെടുത്തേണ്ടതും, അധികാരത്തില്‍ നിലനിര്‍ത്തേണ്ടതും ബിജെപിയുടെയും അമിത് ഷായുടെയും കടമയാണെന്നു വാദിച്ചാല്‍ അത് എങ്ങനെ ശരിയാകും? ഒഡിഷയില്‍നിന്നുള്ള ഗിരിധര്‍ ഗൊമാങ്ങിന്റെ അനധികൃതമായ ഒരൊറ്റ വോട്ടുകൊണ്ട് അടല്‍ ബിഹാരി വാജ്പേയിക്ക് രാജ്യം ഭരിക്കാന്‍ അവസരം നഷ്ടപ്പെട്ടതാണെന്നോര്ക്കുക. പി.വി.നരസിംഹറാവു പ്രധാനമന്ത്രിയായപ്പോള്‍ കോണ്‍ഗ്രസ്സ് എങ്ങനെയാണ് വിശ്വാസവോട്ടു നേടിയതെന്നും ചിന്തിക്കുക. ബിജെപിയെ ജനാധിപത്യം പഠിപ്പിക്കാന്‍ ശ്രമിക്കുന്നവര്‍ ചരിത്രം മറക്കുകയാണ്.
പുതുച്ചേരിയില്‍ കോണ്‍ഗ്രസ്സ് ഭരണം അവസാനിക്കുകയാണെങ്കില്‍ അത് അത്ര വലിയ ഒരു വാര്‍ത്തയല്ല. ഒരു സംസ്ഥാനം കൂടി (കേന്ദ്രഭരണ പ്രദേശം) കോണ്‍ഗ്രസ്സ് മുക്തമാകുമെന്നു മാത്രം. മറ്റൊരു വിധത്തിലാണ് അതിന്റെ രാഷ്ട്രീയ പ്രാധാന്യം. ദക്ഷിണ ഭാരതം സമ്പൂര്‍ണമായി കോണ്‍ഗ്രസ്സ് മുക്തമാവും. തെലങ്കാന, ആന്ധ്ര, കര്‍ണാടക, തമിഴ്നാട്, കേരളം എന്നിവിടങ്ങളിലൊന്നും ഇപ്പോള്‍ കോണ്‍ഗ്രസ്സ് ഭരണമില്ല. പേരിന് ഭരണമുള്ള പുതുച്ചേരിയും കൈവിടുന്നതോടെ ചിത്രം പൂര്‍ത്തിയാവും. കേരളത്തിലെ കോണ്‍ഗ്രസ്സിനും ഈ മാറ്റത്തില്‍ ചങ്കിടിക്കാതിരിക്കില്ല. ചില വാര്‍ത്തകളില്‍ കാണുന്നതുപോലെ പുതുച്ചേരിയില്‍ ബിജെപിയാണ് സര്‍ക്കാര്‍ രൂപീകരിക്കാന്‍ പോകുന്നതെങ്കില്‍ പുതിയൊരു ചരിത്രം സൃഷ്ടിക്കപ്പെടും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: