പലതവണശിവാജി ശത്രുവിന്റെ കൈയില്‍ പെട്ടതുപോലെ ആയി. ചിലപ്പോള്‍ ബുദ്ധിബലംകൊണ്ടും മറ്റു ചിലപ്പോള്‍ ധനബലംകൊണ്ടും ആത്മരക്ഷണം നടത്തി യാത്രതുടര്‍ന്നു. ഹിരോജി, മദാരി രണ്ടുപേരും സകുശലം ദക്ഷിണ ദേശത്തേക്കുള്ള യാത്രതുടര്‍ന്നു.
എന്നാല്‍ ശിവാജിയുടെ പരാമര്‍ശകരായ ത്ര്യംബക പന്ത് ഡബീര്‍, രഘുനാഥ പന്ത് കോരഡോ എന്നിവര്‍ ആഗ്രാനഗരത്തില്‍ പോളദാഖാന്റെ കൈയിലകപ്പെട്ടു. ശിവാജിയോടുള്ള ദേഷ്യം ഖാന് അവരുടെ മേല്‍ തീര്‍ത്തു. രാക്ഷസരൂപിയായ പോളാദഖാന്‍ രണ്ടുപേരുടെയും മേല്‍ നടത്തിയ വിചിത്ര ഹിംസാമുറകള്‍ സങ്കല്പ്പിക്കാന് പോലും സാധിക്കാത്തതായിരുന്നു. എന്നിരുന്നാലും ശിവാജി എങ്ങനെ പോയി, ആരുടെ പദ്ധതി അനുസരിച്ചാണ് പോയത് തുടങ്ങിയ വിഷയങ്ങളില്‍ ഒരക്ഷരംപോലും അവരുടെ മുഖത്തുനിന്നു പുറപ്പെട്ടില്ല. കാരണം സ്വരാജ്യനിഷ്ഠയാകുന്ന സമ്മോഹനാസ്ത്രമാണത്. ശിവാജി ഓരോരുത്തരേയും മൃത്യുഞ്ജയ വീരന്മാരായിട്ടാണ് തയ്യാറാക്കിയെടുത്തിരിക്കുന്നത് എന്നതിന് ശ്രേഷ്ഠമായ സാക്ഷ്യം വേറൊന്നു വേണോ?
ഇവിടെ രാജഗഡില്‍ വൃദ്ധമാതാ രാപകല്‍ ശിവാജിയുടെ പ്രതീക്ഷയിലായിരുന്നു. സമഗ്രം സ്വരാജ്യം അദ്ദേഹത്തിന്റെ ദര്‍ശനത്തിനായി പ്രതീക്ഷാരതരായിരുന്നു. എന്നാല്‍ സ്വരാജ്യത്തിന്റെ ഭരണചക്രം യഥാപൂര്‍വം നടന്നുകൊണ്ടിരിക്കുന്നുണ്ടായിരുന്നു. ശിവാജിയുടെ അനുപസ്ഥിതിയിലും പുതിയൊരു കോട്ട ജയിച്ച് സ്വരാജ്യത്തോട് ചേര്‍ത്തു അവര്‍.
ഒരിക്കല്‍ ഉത്തരഭാരതീയരായ സാധു സംന്യാസിമാരുടെ ഒരു കൂട്ടം മഹാരാഷ്ട്രയുടെ ഭൂമിയില്‍ കാല്‍വെച്ചു. ആയിരത്തിലേറെ മൈല്‍ നടന്ന് തളര്‍ന്ന് കാലുകള്‍ക്ക് മഹാരാഷ്ട്രയുടെ മണ്ണില്‍ കാല്വച്ചതോടുകൂടി തളര്‍ച്ച മാറി. അവരുടെ ഹൃദയം പുളകിതമായി. അവര്‍ നേരെ രാജഗഡിന്റെ അടിവാരത്തില്‍ വന്നു. 1666 നവംബര്‍ 20-ാം തീയതിയായിരുന്നു അത്.
ആ സംന്യാസിമാരുടെ കൂട്ടം രാജമാതാവിന്റെ ദര്‍ശനം ആഗ്രഹിക്കുന്നു. ഉത്തരഭാരതത്തില്‍ നിന്നും ഏതാനും സാധുസംന്യാസിമാര് എത്തിയിട്ടുണ്ടെന്നും അവര്‍ കാണാനാഗ്രഹിക്കുന്നുവെന്നും സേവകര്‍ ജീജാബായിയെ അറിയിച്ചു. അത്തരത്തിലുള്ള പുണ്യാത്മാക്കളുടെ അനുഗ്രഹം കൊണ്ടെങ്കിലും എന്റെ പുത്രന് വീട്ടിലെത്തട്ടെ എന്ന ആഗ്രഹത്തോടെ അവരെ കോട്ടക്കകത്തു പ്രവേശിക്കാനനുവദിച്ചു.
ആ സംന്യാസി ഗണം ജീജാബായിയുടെ മുന്നില്‍ വന്നുനിന്നു. രാജമാതാവിന്റെ ദര്‍ശനത്തോടെ അതിലൊരു സംന്യാസിയുടെ കണ്ണില്‍നിന്നും ആനന്ദാശ്രുക്കള്‍ പൊഴിഞ്ഞു. വികാരം അടക്കാനാവാതെ ആ സാധു നേരെ വൃദ്ധയുടെ പാദത്തില്‍ സാഷ്ടാംഗം നമസ്കരിച്ചു. ജീജാ മാതാ ആശ്ചര്യംകൊണ്ട് സ്തംഭിച്ചുപോയി. ഇതു വിചിത്രം തന്നെ, എന്നാല്‍ നമസ്കരിക്കപ്പെടേണ്ട സാധു എന്നെ നമസ്കരിക്കുന്നു. ആരാണിതെന്നറിയാതെ കിംകര്ത്തവ്യതാമൂഢയായി കുറച്ചുകാലം നിന്നു. ആ സംന്യാസി ആരാണെന്ന് അവര്‍ക്ക് മനസ്സിലായില്ല. അവിടെ ഉണ്ടായിരുന്ന ആര്‍ക്കും തന്നെ മനസ്സിലായില്ല.
മോഹന കണ്ണന്
പ്രതികരിക്കാൻ ഇവിടെ എഴുതുക: