ന്യൂദല്‍ഹി: കിഴക്കന്‍ ലഡാക്കില്‍ നിന്നും ചൈനീസ് സേന പിന്മാറുന്നത് കൃത്യമായി നിരീക്ഷിക്കാന്‍ ഡ്രോണ്‍ ഉപയോഗപ്പെടുത്തുന്നതായി ഇന്ത്യന്‍ സേന.
പാംഗോംഗ് തടാകതീരത്ത് നിന്നാണ് ചൈനീസ് സേന പിന്മാറുന്നത്. തടാകത്തിന്റെ വടക്ക്, തെക്ക് തീരങ്ങളില്‍ നിന്നുള്ള ചൈനീസ് സേനകളുടെ പിന്മാറ്റം ഫിബ്രവരി 20ഓടെ പൂര്‍ത്തിയാകണമെന്നാണ് പ്രതീക്ഷിക്കുന്നത്. പാംഗോംഗ് തടാകതീരത്തെ പിന്മാറ്റം ഇന്ത്യന്‍ സേനയും ചൈനീസ് പീപ്പിള്‍സ് ലിബറേഷന്‍ ആര്‍മിയും സംയുക്തമായി നേരിട്ട് നിരീക്ഷിക്കും. ‘ഒരു സംയുക്ത പരിശോധന സംഘമാണ് സേനപിന്മാറ്റം വിലയിരുത്തുക,’ ഒരു മുതിര്‍ന്ന സര്‍ക്കാര്‍ ഓഫീസര്‍ പറഞ്ഞു.
ഇന്ത്യന്‍ സേന ചൈനയുടെ സൈനിക സംവിധാനം പരിശോധിക്കാനും സേനാപിന്മാറ്റം യഥാര്‍ത്ഥത്തില്‍ നടക്കുന്നുണ്ടോ എന്ന് വിലയിരുത്താനും ദൂരക്കാഴ്ച കൂടിയ ക്യാമറകള്‍ ഘടിപ്പിച്ച ഡ്രോണുകള്‍ ഉപയോഗിക്കുമെന്ന് ഓഫീസര്‍ പറഞ്ഞു.
ആയിരക്കണക്കിന് പട്ടാളക്കാരെ താമസിപ്പിക്കാവുന്ന സ്ഥിരം കെട്ടിടങ്ങളും ബങ്കറുകളും ആണ് ചൈന ഫിംഗര്‍ 7ല്‍ പണിതിരിക്കുന്നത്. അവിടെ 13കടല്പ്പാലങ്ങളുണ്ട്. ദീര്‍ഘദൂരശേഷിയുള്ള തോക്കുകളും ചൈനീസ് പട്ടാളം സ്ഥാപിച്ചിട്ടുണ്ട്. ‘ഓരോന്നും അഴിച്ചെടുത്ത് അതാത് സ്ഥാനത്ത് നിന്നും നീക്കം ചെയ്യുന്നുണ്ടോ എന്ന് കൃത്യമായി പരിശോധിക്കും. കരാറില്‍ തീരുമാനിച്ചതുപോലെ പിന്മാറ്റം നടക്കുന്നുണ്ടോ എന്ന് ഉറപ്പുവരുത്താന്‍ ഫിംഗര്‍ 8 വരെ പരിശോധിക്കും,’ ഇന്ത്യന്‍ സേനാ ഓഫീസര്‍ പറഞ്ഞു.
ചൈനയുടെ സേന ഫിംഗര്‍ എട്ടിലേക്ക് പിന്‍വാങ്ങും. ഇന്ത്യന്‍ സേനയാകട്ടെ ധന് സിംഗ് ഥാപ പോസ്റ്റ് വരെ പിന്മാറും. പാംഗോംഗ് തടാകത്തിന്റെ വടക്കന്‍ തീരത്ത് ഫിംഗര്‍ 2 നും 3നും ഇടയിലാണ് ഈ പോസ്റ്റ്. പട്രോളിംഗ് ഉള്‍പ്പെടെയുള്ള സൈനിക നടപടികള്‍ക്ക് താല്‍ക്കാലികമായി മൊറട്ടോറിയവും പ്രഖ്യാപിച്ചിട്ടുണ്ട്. പത്ത് മാസമായി യഥാര്‍ത്ഥ നിയന്ത്രണരേഖലയില്‍ ഇന്ത്യയും ചൈനയും തമ്മിലുണ്ടായ ഏറ്റുമുട്ടലാണ് സേനാപിന്മാറ്റത്തോടെ ഇല്ലാതാകുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: