ലോകത്തിനു മുന്നില്‍ കേരളം ദൈവത്തിന്റെ സ്വന്തം നാടാണ്. പ്രകൃതിയുടെയും ഈശ്വരന്റെയും കൃപയുള്ള നാട്. മഹത്തായ സാംസ്ക്കാരിക മുന്നേറ്റങ്ങള്‍ക്ക് സാക്ഷ്യം വഹിച്ച പ്രദേശം. എല്ലാ അര്‍ത്ഥത്തിലും രാജ്യത്ത് മുന്‍ പന്തിയില്‍ എത്തേണ്ട സംസ്ഥാനം. പക്ഷേ പലകാര്യത്തിലും വളരെ പിന്നിലായി. കാഴ്ചപ്പാടില്ലാതെ ഭരണം നടത്തിയവര്‍ തന്നെയായിരുന്നു കാരണക്കാര്‍. കേരളത്തിലെ ജനങ്ങളെ എല്‍.ഡി.എഫും യു.ഡി.എഫും മാറിമാറി കബളിപ്പിക്കുകയായിരുന്നു. അവര്‍ക്ക് ബദല്‍ ഉണ്ടായിരുന്നില്ല. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിലാണ് അതിനു മാറ്റം ഉണ്ടായത്. കേരള ചരിത്രത്തില്‍ ആദ്യമായി ഒരു മൂന്നാം മുന്നണി രൂപംകൊണ്ടു. ഭാരത ധര്‍മ്മ ജന സേന (ബി.ഡി.ജെ.എസ്) ആയിരുന്നു അതിനു കാരണം. അതോടെ ദേശീയ ജനാധിപത്യ സഖ്യം സംസ്ഥാനത്തെ പ്രബലമായ മുന്നണിയായി മാറി. നിയമസഭ തെരഞ്ഞെടുപ്പില്‍ മികച്ച പ്രകടനം കാഴ്ചവച്ചു. ആസന്നമായ നിയമസഭാ തെരഞ്ഞെടുപ്പിലും ബി.ഡി.ജെ.എസ് ശക്തമായി മത്സര രംഗത്തുണ്ടാകും. സമ്പൂര്‍ണ്ണവും സമഗ്രവുമായ വികസനം സാധ്യമാക്കാന്‍ വ്യക്തമായ കര്മപദ്ധതിയുമായാണ് എന്‍.ഡി.എ ജനങ്ങളെ സമീപിക്കുന്നത്.
വികസിതരാജ്യങ്ങളുടെ നായകന്മാരുടെ തോളൊപ്പമോ ഒരടി മുന്നിലോ ആണ് ഇന്ന് ഇന്ത്യയുടെ സ്ഥാനം. അതിന് വഴിവച്ചത് പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ഭാവനാപൂര്‍ണമായ നിലപാടുകളും കര്‍മ്മകുശലതയുമാണ്. ഭാരതത്തിന്റെ നിലപാടും അഭിപ്രായവും ലോകം തേടുന്ന സാഹചര്യമാണിന്ന്. സാമ്പത്തികരംഗത്ത് ഭാരതം ഏറ്റവും വേഗത്തില്‍ വളരുന്ന ശക്തിയായി മാറി.
എല്ലാവര്ക്കും വീട്, വൈദ്യുതി, ബാങ്ക് അക്കൗണ്ട്, സൗജന്യനിരക്കില്‍ മരുന്ന്, അപകട ഇന്‍ഷ്വറന്‍സ്, ലൈഫ് ഇന്‍ഷ്വറന്‍സ്, ശൗചാലയം, തൊഴില്‍ നൈപുണ്യ പരിശീലനം എന്നിവയിലൂടെ ഇന്ത്യയൊട്ടാകെ ജനങ്ങളെ പുരോഗതിയിലേക്ക് നയിക്കുകയാണ് കേന്ദ്രസര്‍ക്കാര്‍.
ഗ്രാമവികസനത്തിനും കര്‍ഷകര്‍ക്കുമായി നിരവധി പരിഷ്ക്കാരങ്ങള്‍, സൗജന്യ ഗ്യാസ് കണക്ഷന്, കര്ഷകന് തങ്ങളുടെ ഉല്പന്നങ്ങള് രാജ്യത്തെവിടെയും വിറ്റഴിക്കാന്‍ നിയമം, ക്ഷേമപെന്‍ഷനുകളും സബ്സിഡികളും ഇടനിലക്കാരില്ലാതെ അര്‍ഹതപ്പെട്ടവരുടെ കൈകളിലേക്ക് ഇങ്ങിനെ അവിശ്വസനീയമായ ക്ഷേമപ്രവര്‍ത്തനങ്ങളാണ് മോദി സര്‍ക്കാര്‍ കാഴ്ചവയ്ക്കുന്നത്. വിദ്യാഭ്യാസം, വ്യവസായം തുടങ്ങി സര്‍വ്വ മേഖലകളും പുരോഗതിയുടെ പാതയിലാണ്.
പക്ഷേ കേരളം മാത്രം ഇതില്‍ നിന്നെല്ലാം അകന്നു നില്‍ക്കുകയാണ്. വികസനത്തിലും രാഷ്ട്രീയം കലര്‍ത്തുന്നതിനാല്‍ പല കേന്ദ്ര പദ്ധതികളുടേയും ഗുണഫലങ്ങള്‍ കേരളത്തിന് ലഭിച്ചിട്ടില്ല. അഞ്ചു വര്‍ഷം മുന്‍പ് എല്ലാം ശരിയാക്കും എന്നു പറഞ്ഞ് അധികാരത്തിലെത്തിയ എല്‍.ഡി.എഫ് എല്ലാം കുളമാക്കുകയാണ് ചെയ്തത്. ആരോഗ്യ രംഗത്ത് മികച്ച പാരമ്പര്യം ഉണ്ടായിരുന്നിട്ടും കൊവിഡിന്റെ ആസ്ഥാനമാണിപ്പോള്‍ കേരളം. രാജ്യ സുരക്ഷയക്കുതന്നെ വെല്ലുവിളി ഉയര്‍ത്തുന്ന അഴിമതികളുടെ കേന്ദ്രമായി ഭരണാധികാരികളുടെ ഓഫീസുകള്‍ മാറി. വിശ്വാസികളേയും വിശ്വാസത്തേയും വെല്ലുവിളിക്കുന്ന ഭരണകൂടമാണ് കേരളത്തിലേത്. പിന്‍വാതില്‍ നിയമനവും പട്ടിണിമരണവും കസ്റ്റഡി മരണവും സംസ്ഥാനത്ത് വിഷയമല്ലാതായി. പകല്‍ക്കൊള്ളയുടെ നാറിയ കഥകളാണ് കഴിഞ്ഞ അഞ്ചുവര്‍ഷവും കേരളം കേട്ടത്. പ്രധാനപ്രതിപക്ഷമായ യു.ഡി.എഫ് അഴിമതികള്‍ക്ക് കൂട്ടുനില്‍ക്കുകയും ചൂട്ടുപിടിക്കുകയും ചെയ്യുകയായിരുന്നു. കേന്ദ്ര വിരുദ്ധതയുടെ പേരുപറഞ്ഞ് സന്ധി ചെയ്തു ഇരു മുന്നണികളും.
കേരളത്തില്‍നിന്ന് അഴിമതിയും അക്രമവും ഒത്തുതീര്‍പ്പ് രാഷ്ട്രീയവും ഇല്ലാതാക്കാനുള്ള, വിശുദ്ധിയുടെ രാഷ്ട്രീയമാണ് എന്‍.ഡി.എ മുന്നോട്ടുവെക്കുന്നത്. നരേന്ദ്രമോദി സര്‍ക്കാര്‍ കാണിച്ചു തരുന്ന അഴിമതി രഹിത, വികസന രാഷ്ട്രീയമാണ് കേരളത്തിന് ഇന്നാവശ്യം. അവസാന വരിയില്‍ നില്ക്കുന്ന അവസാനത്തെ ആളെയും പരിഗണിക്കുന്ന വികസനമാണ് വേണ്ടത്. നാടിന്റെ വികസനത്തിന് ആവശ്യം പ്രീണനമല്ല തുല്യനീതിയാണ്.
ജനങ്ങളെ തമ്മിലടിപ്പിക്കാനും വിദ്വേഷത്തിന്റെ വിത്തുപാകുവാനുമാണ് കേരളത്തിലെ മുന്നണികള്‍ പരിശ്രമിക്കുന്നത്. ദയനീയമായ വികസന മുരടിപ്പും സാമ്പത്തിക തകര്‍ച്ചയും അവര്‍ക്കൊരു വിഷയമേ അല്ല. ഭരണകര്‍ത്താവ് മാറിയതുകൊണ്ടു കാര്യമില്ല. ആശയമാണ് മുഖ്യം. രണ്ടു മുന്നണികളുടെ ആശയങ്ങളും സമാനമാണ്. ഇന്ന് ഭരിക്കുന്നതും ഇന്നലെ ഭരിച്ചതും ഈ സമാന ആശയമാണ്. അത് മാറണം. സമൂല പരിവര്‍ത്തനം അതാണാവശ്യം. കേരളത്തിലെ എല്ലാ ജനവിഭാഗങ്ങള്‍ക്കും തുല്യ നീതി ഉറപ്പുവരുത്തുന്ന അഴിമതി രഹിതമായ അക്രമം ഇല്ലാത്ത സമത്വസുന്ദരമായ ഒരു ഭരണം കാഴ്ചവയ്ക്കുക എന്നുള്ളതാണ് എന്‍.ഡി.എ മുന്നണിയുടെ ലക്ഷ്യം. ഒപ്പം ലവ് ജിഹാദിനെതിരെ യു.പി.മോഡല്‍ നിയമനിര്‍മ്മാണവും നടപ്പിലാക്കും.
സംഘടിത വോട്ടുബാങ്കുകള്‍ക്ക് വേണ്ടി പുതിയ രാഷ്ട്രീയ അടവുനയത്തിന് രൂപംകൊടുത്തും അടിസ്ഥാന ജനവിഭാഗത്തെ വോട്ടുകുത്തികളായി മാത്രം കാണുന്ന ഇരു മുന്നണികള്‍ക്കുമെതിരെ കൊടുങ്കാറ്റായി എന്‍.ഡി.എ സഖ്യം മാറും. കേരളത്തിലെ അധികാര രാഷ്ട്രീയത്തിന്റെ സമവാക്യങ്ങള്‍ തിരുത്താന്‍ നവരാഷ്ട്രീയം ഉദയം ചെയ്തതിന്റെ പ്രഖ്യാപനമാകും ഈ തെരഞ്ഞെടുപ്പ്.ബി.ഡി.ജെ.എസ് കഴിഞ്ഞ തവണ നേടിയ ഏഴരലക്ഷത്തില്‍പ്പരം വോട്ടുകള്‍ ഇത്തവണ ഇരട്ടിയാക്കും. പാര്‍ട്ടി പ്രവര്‍ത്തനങ്ങള്‍ ബൂത്തുതലം വരെ സജീവവും ശക്തമാക്കുന്നതിന് വിപുലമായ കര്‍മ്മപരിപാടികള്‍ക്ക് പാര്‍ട്ടിയുടെ സംസ്ഥാന കൗണ്‍സിലും എക്സിക്യൂട്ടീവും രൂപം നല്‍കിയിട്ടുണ്ട്.
ഇടത് വലത് മുന്നണികള്‍ വലിയ വെല്ലുവിളികള്‍ നേരിടുന്ന രാഷ്ട്രീയ സാഹചര്യം എന്‍.ഡി.എയുടെയും ബി.ഡി.ജെ.എസിന്റെയും പ്രസക്തി വര്‍ദ്ധിപ്പിക്കുന്നു. കഴിഞ്ഞ തദ്ദേശസ്വയംഭരണ തിരഞ്ഞെടുപ്പില്‍ നേടിയ മുന്നേറ്റം കൂടുതല്‍ പ്രതീക്ഷയേകുന്നുമുണ്ട്. കേരളത്തിലെ വരും കാല രാഷ്ട്രീയം എന്‍.ഡി.എ കേന്ദ്രീകൃതമാകുമെന്നതില്‍ സംശയമില്ല. ആ നല്ല നാളുകളിലേക്കുള്ള വഴിയാണ് കേരളത്തില്‍ ഒരുങ്ങുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: