രാജ്യത്തെ ശാസ്ത്ര നയങ്ങളില്‍ സമൂലമാറ്റം ലക്ഷ്യം വച്ചുകൊണ്ടുള്ള കരടുനയം പൊതുജനാഭിപ്രായ രൂപീകരണത്തിനായി കഴിഞ്ഞ ദിവസം പുറത്തിറക്കിയിരിക്കുകയാണ്. ഇതുവരെ നാലു മുഖ്യ നയങ്ങളാണ് ശാസ്ത്ര സാങ്കേതിക രംഗത്ത് ഇന്ത്യ നടപ്പാക്കിയത്. സയന്റിഫിക് പോളിസി റസലൂഷന്‍ (1958), ടെക്നോളജി പോളിസി റസലൂഷന്‍ (1958), ശാസ്ര്ത്ര സാങ്കേതിക നയം (2003), ശാസ്ത്ര സാങ്കേതിക ഇന്നവേഷന്‍ നയം (2013) എന്നിവയാണവ. നാലു ലക്ഷത്തിലധികം ശാസ്ത്ര പ്രൊഫഷണലുകള്‍, അറുന്നൂറിലധികം സര്‍വകലാശാലകളിലും രണ്ടായിരത്തിലധികം ഗവേഷണ വികസന സ്ഥാപനങ്ങളിലും പതിനായിരത്തിലധികം കോളേജുകളിലുമായി നടത്തുന്ന ശാസ്ത്ര ഗവേഷണം എന്നിവ നാടിന്റെ വികസന പ്രക്രിയയുടെ മുഖ്യഘടകമാണ്.
ശാസ്ത്ര സാങ്കേതിക സ്വയംപര്യാപ്തതയിലൂടെ രാജ്യത്തെ മൂന്നു സൂപ്പര്‍ പവറുകളില്‍ ഒന്നാക്കുക എന്നതാണ് പുതിയ കരടു നയത്തിന്റെ മുഖ്യലക്ഷ്യം. ശാസ്ത്ര സാങ്കേതിക രംഗത്തെ ഡാറ്റ മാനേജുമെന്റ് ഏറ്റവും മുഖ്യമായ വിഷയമാണ്. ഗവേഷകര്‍ ഉപയോഗിക്കുന്നതും ഉല്പാദിപ്പിക്കുന്നതുമായ ഡാറ്റ ഒരു പൊതു പ്ലാറ്റ്ഫോമിലൂടെ കൈകാര്യം ചെയ്യാനായി ഒരു ഒബ്സര്‍വേറ്ററി പുതിയ കരടു നയത്തില്‍ വിഭാവനം ചെയ്തിട്ടുണ്ട്. വളരെ ലാഘവത്തോടെയാണ് ഇന്ന് ഡാറ്റ കൈകാര്യം ചെയ്യുന്നത്. നമ്മുടെ രാജ്യത്തെ ശാസ്ത്ര ഗവേഷണത്തെ പരിമിതപ്പെടുത്തുന്ന ഒരു മുഖ്യ കാര്യം ശാസ്ത്ര ജേര്‍ണലുകളുടെ വളരെ ഉയര്‍ന്ന വരിസംഖ്യയാണ്. ഗവേഷണ പേപ്പറുകള്‍ സമര്‍പ്പിക്കുന്ന ശാസ്ത്ര ഗവേഷകര്‍ക്കോ ഇത്തരം പേപ്പറുകള്‍ റിവ്യൂ ചെയ്യുന്ന ശാസ്ത്രജ്ഞന്മാര്ക്കോ യാതൊരു പ്രതിഫലവും നല്‍കാതെ കുത്തക പ്രസാധക കമ്പനികള്‍ ഉയര്‍ന്ന വരിസംഖ്യ ചുമത്തുന്ന രീതി മാറണം. രാജ്യത്തിനു മൊത്തമായി ഒരു വരിസംഖ്യ കൊടുത്താല്‍ ഇന്ത്യയിലെ ഏതു ഗവേഷകനും ഗവേഷണ പേപ്പറുകളും ഡാറ്റയും സൗജന്യമായി ലഭ്യമാക്കാന്‍ കരടുനയം ലക്ഷ്യമിടുന്നു. നിലവാരമുള്ള ‘ഫ്രീ ആന്റ് ഓപ്പണ്‍ സോള്‍സ്’ ജേര്‍ണലുകള്‍ ഈടാക്കുന്ന വളരെ ഉയര്‍ന്ന പബ്ലിഷിംഗ് ചാര്‍ജ് നേരിടാനുള്ള സംവിധാനം കൂടി ബഡ്ജറ്റില്‍ ഉള്‍പ്പെടുത്തണം.
ഇസ്രായേല്‍, തെക്കന്‍ കൊറിയ, അമേരിക്ക, ചൈന എന്നീ രാജ്യങ്ങള്‍ മൊത്തം ആഭ്യന്തര ഉല്പാദനത്തിന്റെ 4.9, 4.3, 2.7, 2.1 ശതമാനം ഗവേഷണ – വികസനത്തിനു ചെലവിടുമ്പോള്‍ ഇന്ത്യ വെറും 0.9 ശതമാനമാണ് ചെലവിടുന്നത്. ജി.ഡി.പി യുടെ രണ്ടു ശതമാനമെങ്കിലും ഗവേഷണ – വികസന രംഗത്ത് ചെലവാക്കേണ്ടത് രാജ്യത്തെ ഗവേഷണ നിലവാരം ഉയര്‍ത്താന്‍ ആവശ്യമാണ്. പുറത്തു നിന്നുള്ള ഗവേഷണ ഗ്രാന്റ് അടുത്ത അഞ്ചു വര്‍ഷം കൊണ്ട് ഇരട്ടിയാക്കുമെന്നുള്ള കരടുനയത്തിലെ പ്രഖ്യാപനവും ഇതേ ദിശയിലുള്ളതാണ്.
ഇന്ത്യയ്ക്കു പുറത്തുള്ള ഇന്ത്യന്‍ ഗവേഷകരുടെ ഗുണനിലവാര സൂചികകള്‍ ഇന്ത്യയ്ക്കകത്തുള്ളവരേക്കാള് വളരെ ഉയര്‍ന്നതാണ്. ഗവേഷണ – വികസന രംഗത്തുള്ള വിവിധ അഡ്മിനിസ്ട്രേറ്റീവ് നൂലാമാലകളും ധനകാര്യനിയമങ്ങളും ഇന്ത്യയ്ക്കകത്തുള്ളവരുടെ ഊര്‍ജ്ജം കെടുത്തുന്ന ഒരു മുഖ്യഘടകമാണ്. ഗവേഷണേതര ജോലികളില്‍ നിന്നും പൂര്‍ണമായും ശാസ്ത്രഗവേഷകരെ ഒഴിവാക്കുന്ന ഒരു സംവിധാനം രാജ്യത്തു നിലവില്‍ വരണം. നിലവിലുള്ള ഗവേഷണ അന്തരീക്ഷം അതിനനുവദിക്കുന്നില്ല.
സര്‍ക്കാര്‍ ശാസ്ത്ര ഗവേഷണ സ്ഥാപനങ്ങളില്‍ നിലവിലുള്ള മൂല്യനിര്‍ണയ മാനദണ്ഡങ്ങള്‍ അന്തര്‍ദേശീയ നിലവാരമുള്ള സ്ഥാപനങ്ങളുടെതുമായി തുലനം ചെയ്യുമ്പോള്‍ ലളിതമാണ്. ഇതിന് സമൂലമായ മാറ്റം വരണം. ലക്ഷ്യം മുന്‍നിര്‍ത്തിയുള്ള ഗവേഷണ മൂല്യനിര്‍ണയ മാനദണ്ഡങ്ങള്‍ നിലവിലുണ്ടെങ്കിലും അതൊക്കെ നടപ്പാക്കുന്നതില്‍ ലാഘവത്വം ഉള്ളതും ഗുണനിലവാരത്തെ ബാധിക്കുന്നു. കൊറിയ, ചൈന, അമേരിക്ക, ജപ്പാന്, ജര്‍മനി തുടങ്ങിയ രാജ്യങ്ങളിലൊക്കെ സ്വകാര്യമേഖലയുടെ ഗവേഷണത്തില്‍ ചെലവാക്കുന്ന ഓഹരി ഇന്ത്യയുടെതിനേക്കാള്‍ വളരെ കൂടുതലാണ്. ഇന്ത്യയില്‍ മൊത്തം ഗവേഷണ വികസന ചെലവിന്റെ അമ്പതു ശതമാനത്തിലധികവും സര്‍ക്കാര്‍ മേഖലയിലാണ്. മുകളില്‍ പറഞ്ഞ രാജ്യങ്ങളിലൊക്കെ ഇത് പതിനഞ്ചു ശതമാനത്തില്‍ താഴെ മാത്രമാണ്.രാജ്യത്തിന്റെ ശാസ്ത്ര സാങ്കേതിക നിലവാരം ഗണ്യമായി ഉയര്‍ത്താന്‍ ലക്ഷ്യമിട്ടുള്ള കരടുനയം ഈ രംഗത്തു പ്രവര്‍ത്തിക്കുന്നവരുടെയും മറ്റുള്ളവരുടെയും നിര്‍ദ്ദേശത്തിനായിട്ടാണ് പുറത്തിറക്കിയത്. ശാസ്ത്ര സാങ്കേതിക രംഗത്തു പ്രവര്‍ത്തിക്കുന്നവരുടെ ഇടപെടലുകളും സഹകരണവും ഐക്യവും കോവിഡ് നിയന്ത്രണത്തിന് സഹായിച്ചത് നാം കണ്ടു. രാജ്യത്തിന്റെ സാമ്പത്തിക പുരോഗതിക്കും സാമൂഹ്യ സുരക്ഷയ്ക്കും പരിസ്ഥിതി സുസ്ഥിരതയ്ക്കും ശാസ്ത്രാധിഷ്ഠിത വികസന പാത ലക്ഷ്യമിട്ട് ശാസ്ത്ര സാങ്കേതികനയം രൂപീകരിക്കേണ്ടത് കാലത്തിന്റെ അനിവാര്യതയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: