സ്ത്രീ പുരുഷ മേധാവിത്വത്തെ കുറിച്ചുള്ള വാദപ്രതിവാദം അര്‍ത്ഥശൂന്യം തന്നെ. എല്ലാ ജീവനിലും സ്ത്രീത്വവും പുരുഷത്വവും അടങ്ങിയിരിക്കുന്നു. സ്ത്രീ പുരുഷനെ ജയിക്കാനോ പുരുഷന് സ്ത്രീയെ ജയിക്കാനോ അല്ല നോക്കേണ്ടത്. സ്ത്രീ പുരുഷനെ ഉള്‍ക്കൊള്ളാനും പുരുഷന് സ്ത്രീയെ ഉള്‍ക്കൊള്ളാനുമാണ് ശ്രമിക്കേണ്ടത്. അതാണ് ഇരുകൂട്ടര്‍ക്കും തങ്ങളുടെ പരിമിതികളെ ജയിക്കുവാനുള്ള മാര്‍ഗം. സ്ത്രീശരീരത്തില്‍ ഇരിക്കുന്ന ജീവനും പുരുഷശരീരത്തില്‍ ഇരിക്കുന്ന ജീവനും ദേഹത്തിന് ലിംഗഭേദം ഉണ്ടെങ്കിലും ജീവന് അത് ഇല്ലെന്ന വസ്തുത അറിയുക. ആത്മാവിന്റെയും പ്രകൃതിയുടെയും യോഗത്തില്‍ നിന്നും ഉണ്ടായതാണ് ജീവന്.
ജീവനും സ്വയം അഭിമാനം ഒന്നുമില്ല. ജീവന് ഇരിക്കുന്ന ദേഹത്തെ ആശ്രയിച്ചാണ് ആണെന്നും പെണ്ണെന്നും നാം അഭിമാനിക്കുന്നത്. നവദ്വാരങ്ങള്‍ ഉള്ള പൂരത്തില്‍ വസിക്കുന്നത് കൊണ്ടാണ് ജീവനു പുരുഷന് എന്ന പേര് വന്നത് വേദങ്ങളില്‍ പുരുഷന് എന്നുപറഞ്ഞാല്‍ ആണെന്നല്ല അര്‍ത്ഥം ഗ്രഹിക്കേണ്ടത്. ജീവന് എന്നാണ്. ആണിനും പെണ്ണിനും പ്രപഞ്ചസൃഷ്ടിയില് തുല്യ സ്ഥാനം ആണ് ഉള്ളത് അതുകൊണ്ട് ആണിനേക്കാള്‍ ശ്രേഷ്ഠത പെണ്ണിനോ പെണ്ണിനേക്കാള്‍ ശ്രേഷ്ഠത ആണിനോ വാദിക്കുന്നതില്‍ അര്‍ത്ഥമില്ല.
അതിനെ അംഗീകരിക്കുമ്പോള്‍ മാത്രമാണ് ഒരു സ്ത്രീ തന്റെ സ്ത്രീത്വത്തെ പൂര്‍ണ്ണമായി അംഗീകരിക്കുന്നത്. അതുപോലെ പുരുഷന് സ്ത്രീയെ അംഗീകരിക്കുമ്പോള്‍ തന്നിലുള്ള പുരുഷത്വത്തെ പൂര്‍ണ്ണമായി അംഗീകരിക്കുകയാണ്. ഒരു ജീവനില്‍ ഉള്ള സ്ത്രൈണഭാവം പ്രകൃതിയുടെയും പുരുഷഭാവം ആത്മാവിന്റെയും പ്രതിനിധിയാണ്. ജീവന് പ്രകൃതിയുടെയും പുരുഷന്റെയും സംഘാതമാണ്. ഒരു സ്ത്രീക്ക് തന്റെ പ്രകൃതിയെ ജയിക്കാനുള്ള ആഗ്രഹമാണ് പുരുഷനെ ജയിക്കാനുള്ള ആഗ്രഹരൂപേണ പ്രകടമാകുന്നത്. പുരുഷന്റെ കാര്യത്തിലും ഇതാണ് യാഥാര്‍ഥ്യം.
ഒരു സ്ത്രീക്കും പുരുഷനില്‍ നിന്നും സ്വതന്ത്രമായ അസ്തിത്വമില്ല. സ്ത്രീയില്‍ നിന്നും ഭിന്നമായ അസ്ഥിത്വം പുരുഷനും ഇല്ല. അതുകൊണ്ട് ആണിനെ അംഗീകരിക്കുമ്പോഴും ഉള്കൊള്ളുമ്പോഴും സ്ത്രീത്വം പൂര്‍ണ്ണമാകുന്നു. ഇതേ അവസ്ഥയാണ് പുരുഷനിലും. സ്ത്രീ, പുരുഷനില്‍ അഭയം പ്രാപിക്കുന്നത് തന്റെ തന്നെ ആത്മാവില്‍ അഭയം പ്രാപിക്കുന്നതിന് തുല്യമാണ്.
ഈ തത്വമാണ് ശിവന് അര്ധനാരീശ്വരന് ആയുള്ള മഹത്തായ സങ്കല്പത്തിനും ആധാരം. ശിവനും ശക്തിയും ഒരുമിച്ച് ഇരിക്കുന്നു എന്ന യാഥാര്‍ത്ഥ്യം അറിഞ്ഞാല്‍ സ്ത്രീയാണോ പുരുഷനാണോ ശ്രേഷ്ഠമെന്ന പ്രശ്നം ഇവിടെ ഉദിക്കുന്നില്ല. സ്ത്രീത്വം പൂര്‍ണമാകണമെങ്കില്‍ ഒരു സ്ത്രീ തന്റെ ജീവനില്‍ അന്തര്‍ലീനമായിരിക്കുന്ന പൗരുഷത്തെ അംഗീകരിക്കുക തന്നെ വേണം.
ഭാരതീയ ജീവിതരീതിയില്‍ സ്ത്രീകള്‍ക്കാണ് കൂടുതല്‍ പ്രാധാന്യം. സ്ത്രീയെ സംരക്ഷിക്കേണ്ടത് പുരുഷന്റെ കടമയാണ.് അത് സ്ത്രീകള്‍ ദുര്ബ്ബലരായതു കൊണ്ടല്ല. ഭാരതത്തില്‍ സ്ത്രീയെ അത്രയ്ക്ക് വിശിഷ്ടയായി കരുതുന്നതു കൊണ്ടാണ.് പരസ്പരം കാര്യങ്ങള്‍ തുറന്നു പറഞ്ഞ് ഒന്നും ഒളിച്ചു വെക്കാതെ തന്റെ ഇണയില്‍ സൗഹൃദം കണ്ടെത്തുന്നവരുടെ ജീവിതമേ വിജയിക്കൂ. ഇക്കാര്യത്തില്‍ രണ്ടു പക്ഷമില്ല.
പരസ്പരം അംഗീകരിച്ചും വിശ്വസിച്ചും സ്നേഹിച്ചും ബഹുമാനിച്ചും കരുതലോടു കൂടിയും ധര്‍മ്മ ബോധത്തെ മുന്‍നിര്‍ത്തി കര്‍മ്മം ചെയ്തു ജീവിക്കുക. വിജയം നിങ്ങളോടൊപ്പം.
സ്വാമി ദേവചൈതന്യാനന്ദ സരസ്വതി
പ്രതികരിക്കാൻ ഇവിടെ എഴുതുക: