തിരുവനന്തപുരം: ടെക് സംരംഭകനും ശതകോടീശ്വരനുമായ ഇലോണ്‍ മസ്കിനെ കേരളത്തിലേക്ക് സ്വാഗതം ചെയ്യുമെന്ന് കോണ്‍ഗ്രസ് നേതാവും എംപിയുമായ ശശി തരൂര്‍. ‘പുരോഗമന’ കോണ്‍ഗ്രസിന്റെ കേരളാ ഘടകം മെയില്‍ അധികാരത്തിലെത്തിയാല്‍ ടെസ്ല സിഇഒയ്ക്ക് ചുവപ്പു പരവതാനി വിരിക്കുമെന്നാണ് ശശി തരൂരിന്റെ വാഗ്ദാനം. വന്‍കിട വ്യവസായികളോടുള്ള രാഹുല്‍ ഗാന്ധിയുടെ എതിര്‍പ്പ് തുടരുന്നതിനിടെ ഞായറാഴ്ച ശശി തരൂര്‍ നടത്തിയ പ്രതികരണം പലരെയും അദ്ഭുതപ്പെടുത്തി.
ഗൗതം അദാനിക്കും മുകേഷ് അംബാനിക്കുമെതിരെ വലിയ വിമര്‍ശനമാണ് കോണ്‍ഗ്രസ് അധ്യക്ഷസ്ഥാനത്തേക്ക് ഉടന്‍ തിരിച്ചെത്തുമെന്ന് പ്രതീക്ഷിക്കപ്പെടുന്ന രാഹുല്‍ ഗാന്ധി വളരെക്കാലമായി നടത്തിക്കൊണ്ടിരിക്കുന്നത്. ബിജെപിക്കെതിരായ രാഷ്ട്രീയപ്രചാരണങ്ങളിലും ഈ വ്യവസായികളുടെ പേരുകള്‍ കോണ്‍ഗ്രസ് ഉയര്‍ത്തിക്കാട്ടുന്നുണ്ട്. ഈ സാഹചര്യത്തില്‍ ശശി തരൂരിന്റെ ട്വീറ്റ് ട്വിറ്ററില്‍ ഏറെ പരിഹാസത്തിന് ഇടയാക്കി.
‘ഈ മാസത്തെ തമാശ, അതും ഫെബ്രുവരി 14ന്’ എന്നായിരുന്നു ഒരാളുടെ കമന്റ്.
ഇതേ കോണ്‍ഗ്രസ് ഇന്ത്യന്‍ വ്യവസായികളെ അപകീര്‍ത്തിപ്പെടുത്തുന്നുവെന്ന് മറ്റൊരാള്‍ ചൂണ്ടിക്കാട്ടി.
ടെസ്ലയെ സ്വാഗതം ചെയ്യുകയും അംബാനിയെയും അദാനിയെയും മോശക്കാരും ഭീഷണിയായും ചിത്രീകരിക്കുകയുമാണ് ‘പുരോഗമനം’ അര്‍ത്ഥമാക്കുന്നതെന്ന് വേറൊരാള് വിമര്‍ശിച്ചു.
കേരളത്തിലെ ബന്തുകളും ഹര്‍ത്താലുകളും അവസാനിപ്പിക്കുന്നതിലാണ് ശശി തരൂര്‍ ആദ്യം ശ്രദ്ധിക്കേണ്ടതെന്ന നിര്‍ദേശവും ഇക്കൂട്ടത്തിലുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: