കാസര്‍കോട്: പിഎസ്സിയെ നോക്കുകുത്തിയാക്കി പിണറായി സര്‍ക്കാര്‍ നടത്തുന്ന പിന്‍വാതില്‍ നിയമനങ്ങളെ ന്യായീകരിച്ചും ജോലിക്കായി സെക്രട്ടറിയേറ്റിന് മുന്നില്‍ സമരം ചെയ്യുന്ന ഉദ്യോഗാര്‍ത്ഥികളെ താറടിക്കുകയും ചെയ്യുന്ന സിപിഎം നേതാക്കള്‍ പിണറായ സര്‍ക്കാരിന്റെ പ്രോഗ്രസ്സ് റിപ്പോര്‍ട്ടിലെ 456-ാം പോയിന്റ് കണ്ടില്ലെന്നു നടിക്കുന്നു.
‘അപ്രഖ്യാപിത നിയമന നിരോധനം പിന്‍വലിക്കും. തസ്തികകള്‍ വെട്ടിക്കുറക്കുന്ന രീതി അവസാനിപ്പിക്കും. അഡൈ്വസ് മെമ്മോ ലഭിച്ച് 90 ദിവസത്തിനകം നിയമന ഉത്തരവ് ലഭിക്കുമെന്ന് ഉറപ്പ് വരുത്തും. ഓരോ വകുപ്പുകളിലും ഉണ്ടാകുന്ന ഒഴിവുകള്‍ പത്ത് ദിവസത്തിനകം പിഎസ്സിയെ അറിയിക്കുമെന്ന് ഉറപ്പുവരുത്തും’ ഇതായിരുന്നു 2016ലെ എല്‍ഡിഎഫ് സര്‍ക്കാരിന്റെ പ്രകടന പത്രികയിലെ വാഗ്ദാനം.
ഇതിന് പ്രോഗ്രസ്സ് റിപ്പോര്‍ട്ടില്‍ നല്‍കിയിരിക്കുന്ന മറുപടി ‘നിയമനനിരോധനം പൂര്‍ണമായും പിന്‍വലിച്ചു. നിയമനങ്ങളില്‍ സര്‍വകാല റെക്കോര്‍ഡ്. നാലു വര്‍ഷത്തിനകം 1,39,303 പേര്‍ക്ക് പിഎസ്സി വഴി അഡൈസ് മെമ്മോ നല്കി. തസ്തികകള്‍ വെട്ടിക്കുറയ്ക്കുന്ന രീതി അവസാനിച്ചു. 25,323 പുതിയ തസ്തികകള്‍ സൃഷ്ടിച്ചു. അഡൈ്വസ് മെമ്മോ ലഭിച്ച് 90 ദിവസത്തിനകം നിയമന ഉത്തരവ് നല്‍കുന്നതിനുള്ള നടപടി സ്വീകരിച്ചു. ഓരോ വകുപ്പിലുമുണ്ടാകുന്ന ഒഴിവുകള്‍ 10 ദിവസത്തിനകം റിപ്പോര്‍ട്ട് ചെയ്യിക്കാന്‍ നടപടി സ്വീകരിച്ചു. ഇതിനായി പ്രത്യേക സോഫ്റ്റ്വെയര് ഉണ്ടാക്കി. യാഥാസമയം ഒഴിവുകള്‍ പിഎസ്സിക്ക് റിപ്പോര്‍ട്ട് ചെയ്യുന്നുണ്ടോയെന്ന് പരിശോധന കര്‍ശനമാക്കി. ഇതിനായി അഡ്മിനിസ്ട്രേറ്റീവ് വിജിലന്‍സ് സംവിധാനത്തെ ചുമതലപ്പെടുത്തി’ എന്നാണ്.
എന്നാല്‍ പ്രകടന പത്രികയിലെ വാഗ്ദാനത്തിന്റെ ലംഘനമാണ് ഇപ്പോള്‍ കേരളത്തില്‍ നടക്കുന്നത്. വര്‍ഷങ്ങളുടെ കഠിനാധ്വാനത്തിലൂടെ മത്സര പരീക്ഷകള്‍ എഴുതി പിഎസ്സി റാങ്ക് ലിസ്റ്റില്‍ കയറിക്കൂടിയവര്‍ ഇപ്പോള്‍ ജോലിക്കായി തെരുവില്‍ പോരാടുകയാണ്. റാങ്ക് ലിസ്റ്റുകളെ നിഷ്ക്രിയമാക്കിയും ഒഴിവുകള്‍ യഥാസമയം റിപ്പോര്‍ട്ട് ചെയ്യാതേയും വിവിധ സര്‍ക്കാര്‍ വകുപ്പുകളിലും ബോര്‍ഡുകളിലും പുറംവാതില്‍ നിയമനങ്ങള്‍ ഇപ്പോള്‍ തകൃതിയായി നടക്കുകയുമാണ്.
കൊവിഡ് വ്യാപനം കാരണം പിഎസ്സി നിയമനം തടസ്സപ്പെട്ടതും താല്‍ക്കാലികക്കാരെ സ്ഥിരപ്പെടുത്താനുള്ള സുവര്‍ണാവസരമായി എല്‍ഡിഎഫ് സര്‍ക്കാര്‍ മാറ്റുകയായിരുന്നു. ഒഴിവുകള്‍ ഉണ്ടായിട്ടും യഥാസമയം റിപ്പോര്‍ട്ട് ചെയ്യാതെ വീഴ്ച വരുത്തുന്ന വകുപ്പ് മേധാവികള്‍ക്കെതിരെ നടപടിയെടുക്കുന്നില്ല സര്‍ക്കാര്‍.
പ്രതികരിക്കാൻ ഇവിടെ എഴുതുക: