മലപ്പുറം : സ്വര്‍ണ്ണക്കടത്ത് കേസില്‍ അന്വേഷണം നടത്തുന്ന കസ്റ്റംസ് കമ്മിഷണര്‍ സുമിത് കുമാറിനെ അപായപ്പെടുത്താനുള്ള ശ്രമച്ചെന്ന പരാതിയില്‍ രണ്ട് പേര് അറസ്റ്റില്‍. മുക്കം കൊടുവള്ളി സ്വദേശികളായ ജസീമും തന്സീമുമാണ് പിടിയിലായത്. സുമിത് കുമാറിനെ ഇവര്‍ പിന്തുടര്‍ന്ന വാഹനവും കണ്ടെത്തിയിട്ടുണ്ട്.
അബ്ദുള്‍ ഗഫൂര്‍ എന്നയാളുടെ ഉടമസ്ഥതയിലുള്ള ഐ20 കാറാണ് പോലീസ് കസ്റ്റഡിയില്‍ എടുത്തത്. സംഭവത്തില്‍ അന്വേഷണം നടത്താന്‍ കസ്റ്റംസിന്റെ പ്രത്യേക സംഘത്തേയും നിയോഗിച്ചിട്ടുണ്ട്. കല്‍പ്പറ്റയില്‍നിന്ന് കരിപ്പൂരിലെ കാര്‍ഗോ ഓഫീസിലേക്ക് വരുമ്പോള്‍ കസ്റ്റംസ് ഓഫീസറുടെ കാറിനെ അപകടകരമാംവിധം പിന്തുടര്ന്നു മാര്‍ഗ തടസം സൃഷ്ടിച്ചുഎന്നതാണ് കേസ്. തന്നെ അപായപ്പെടുത്താനുള്ള ആസൂത്രിത ശ്രമമാണ് നടന്നതെന്ന് സുമിത് കുമാര്‍ തന്റെ ഫേസ്ബുക്ക് പേജിലൂടെയും പരാതിപ്പെട്ടിരുന്നു.
സംഘത്തില്‍ രണ്ട് ബൈക്കുകളും രണ്ട് കാറുകളുമാണ് സുമിത്തിനെ പിന്തുടര്ന്നത്. വയനാട് കല്‍പ്പറ്റയിലെ ഔദ്യോഗിക പരിപാടി കഴിഞ്ഞ് വെള്ളിയാഴ്ച കോഴിക്കോട് വിമാനത്താവളത്തിലേക്ക് വരുന്നതിനിടെയാണ് സംഭവം. മുക്കം മുതല്‍ എടവണ്ണപ്പാറ വരെ നാല് വാഹനങ്ങള്‍ തന്റെ വാഹനത്തെ പിന്തുടര്ന്ന് അപായപ്പെടുത്താന്‍ ശ്രമിച്ചുവെന്നാണ് പരാതിയില്‍ പറയുന്നത്.
പിടിയിലായ രണ്ടുപേരും അഭ്യസ്തവിദ്യരാണ്. ഇരുവരും മലപ്പുറത്തേക്ക് വരികയായിരുന്നു. എന്നാല്‍ വാഹനത്തെ എന്തുകൊണ്ട് പിന്തുടര്ന്നു എന്ന ചോദ്യത്തിന് ഇവര്‍ വ്യക്തമായ മറുപടി നല്‍കിയിട്ടില്ല. മുക്കത്തുനിന്ന് എടവണ്ണപ്പാറ വരെയും അവിടെനിന്ന് കൊണ്ടോട്ടി എത്തുന്നതു വരെയും കസ്റ്റംസ് കമ്മിഷണറുടെ കാറിനെ ഇവര്‍ പിന്തുടര്ന്നുവെന്നാണ് ആരോപണം. ഇവരെ പോലീസ് വിശദമായി ചോദ്യം ചെയ്യുകയാണ്. കസ്റ്റംസും ഇവരെ ചോദ്യം ചെയ്യുമെന്നാണ് വിവരം. ഇവര്‍ക്ക് സ്വര്‍ണക്കടത്തുമായി ബന്ധമുണ്ടോ എന്നത് ഉള്‍പ്പെടെയുള്ള കാര്യങ്ങള്‍ അന്വേഷിച്ചു കൊണ്ടിരിക്കുകയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: