ടെക്സസ്: റോഡിലെ ഐസിൽ തെന്നി 130 വാഹനങ്ങൾ കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ 6 മരണം. 65 പേർക്ക് പരുക്കേറ്റു. അപകടത്തിൽ പെട്ടവരിൽ നല്ലൊരു പങ്ക് ആശുപത്രികളിൽ ജോലിക്കു പോയവരാണ്. ഒരു ഇന്ത്യാക്കാരൻ മരിച്ചു എന്ന് റിപ്പോർട്ടുണ്ടെങ്കിലും സ്ഥിരീകരിച്ചിട്ടില്ല. സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്ന പതിനേഴുകാരന്റെ മരണം ഒരു ദിവസം മുൻപ് ഡെന്റണിൽ ഉണ്ടായ അപകടത്തിലാണെന്നാണ് അറിയുന്നത്.
ഡാളസ്-ഫോട്ട് വർത്തിനു സമീപം ഇന്റെർസ്റ്ററ് 135 വെസ്റ്റ് ഹൈവേയിലാണ് വ്യാഴാഴ്ച രാവിലെ ആറു മണിയോടെ അപകടം. രക്ഷാപ്രവർത്തനത്തിന്റെ ആദ്യഘട്ടത്തിൽ മുപ്പതോളം പേരെ രക്ഷിച്ച് ആശുപത്രിയിലെത്തിച്ചു. ഒട്ടേറെപ്പേർ വാഹനങ്ങളിൽ കുടുങ്ങിക്കിടന്നു. വാഹനങ്ങൾ വെട്ടിപ്പൊളിച്ചാണ് പലരെയും പുറത്തെത്തിച്ചത്. കൂറ്റൻ ട്രക്കുകളും കാറുകളും എസ്യുവികളും ചെറുവാഹനങ്ങളുമെല്ലാം കൂട്ടിയിടിച്ചു കിടക്കുന്ന ഞെട്ടിക്കുന്ന ദൃശ്യങ്ങളും സമൂഹമാധ്യമങ്ങളിൽ നിറഞ്ഞു. ചില വാഹനങ്ങൾ മറ്റു വാഹനങ്ങളുടെ മുകളിലേക്ക് ഇടിച്ചു കയറിയ നിലയിലാണ്. ട്രാക്കുകൾക്കടിയിൽ കാറുകൾ കുടുങ്ങി.
റോഡിലെ ബാരിയറുകളിലേക്കും ഡിവൈഡറുകളിലേക്കും ചില വാഹനങ്ങൾ ഇടിച്ചു കയറി. നിർത്താൻ ശ്രമിക്കുന്നതിനിടെ നിയന്ത്രണം തെറ്റി മീറ്ററുകളോളം പായുന്ന വാഹനങ്ങളിൽനിന്ന് സഹായത്തിനായി നിലവിളിക്കുന്നവരുടെ ദൃശ്യങ്ങളും പുറത്തുവന്നു. റോഡിൽ ആവശ്യത്തിന് ഉപ്പ് ഇട്ടിരുന്നോ എന്ന് അധികൃതർ അന്വേഷിക്കുന്നു. ഉപ്പ് ഇടുകയോ മണൽ ഇടുകയോ ചെയ്തിരുന്നില്ല എന്ന വ്യാപകമായി ആക്ഷേപമുയർന്നു.
രാവിലെ മുതൽ സ്നോക്കൊപ്പം കനത്ത മഴയുമുണ്ടായിരുന്നു. ഓസ്റ്റിനിലും തെന്നിക്കിടന്നിരുന്ന റോഡിൽ രണ്ടു ഡസനോളം വാഹനങ്ങൾ കൂട്ടിയിടിച്ചു. ഒരാൾക്കു പരുക്കുപറ്റി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: