ആറു വര്‍ഷത്തെ കാലാവധി പൂര്‍ത്തിയാക്കിയ കോണ്‍ഗ്രസ്സ് അംഗം ഗുലാംനബി ആസാദിന്റെ യാത്രയയപ്പുമായി ബന്ധപ്പെട്ട് അത്യന്തം വികാരനിര്‍ഭരവും അപൂര്‍വവുമായ നിമിഷങ്ങള്‍ക്കാണ് രാജ്യസഭ സാക്ഷ്യം വഹിച്ചത്. രാഷ്ട്രീയ നേതാവും ഭരണാധികാരിയും പാര്ലമെന്റേറിയനുമെന്ന നിലയ്ക്ക് ആസാദിന്റെ സംഭാവനകളെ ഓര്‍ത്തെടുത്ത പ്രധാനമന്ത്രി നരേന്ദ്ര മോദി, ഹൃദയത്തിന്റെ അടിത്തട്ടില്‍നിന്നുള്ള വാക്കുകള്‍കൊണ്ടാണ് സഹപ്രവര്‍ത്തകനെ അനുമോദിച്ചത്. താങ്കളെപ്പോലൊരാള് സഭയില്‍ ഇല്ലാതിരിക്കുന്നതിനെക്കുറിച്ച് ചിന്തിക്കാനാവില്ലെന്നും, എന്റെ വാതിലുകള്‍ എപ്പോഴും താങ്കള്‍ക്കായി തുറന്നുകിടക്കുമെന്നും പറഞ്ഞ പ്രധാനമന്ത്രി, ആസാദിനെ വിരമിക്കാന്‍ അനുവദിക്കില്ലെന്നും കൂട്ടിച്ചേര്‍ത്തു. താന്‍ ഗുജറാത്തിലും ഗുലാംനബി ആസാദ് ജമ്മുകശ്മീരിലും മുഖ്യമന്ത്രിമാരായിരിക്കെ കശ്മീരില്‍ ഭീകരാക്രമണത്തില്‍പ്പെട്ട ഗുജറാത്തില്‍ നിന്നുള്ളവരുടെ സുരക്ഷയ്ക്കായി ആസാദ് ചെയ്ത കാര്യങ്ങള്‍ വിവരിക്കുമ്പോള്‍ പ്രധാനമന്ത്രി വാക്കുകള്‍ കിട്ടാതെ വിതുമ്പി. കക്ഷി രാഷ്ട്രീയത്തിനതീതമായി വ്യക്തിബന്ധത്തിന്റെ ആഴം വ്യക്തമാക്കുന്നതായിരുന്നു പ്രതിപക്ഷ നേതൃനിരയിലെ ഒരാളെ കലവറയില്ലാതെ പ്രശംസിക്കാന്‍ പ്രധാനമന്ത്രി കാണിച്ച മഹാമനസ്കത. ഉന്നതമായ ജനാധിപത്യ മൂല്യങ്ങള്‍ പിന്തുടരുന്നതിന്റെ മാതൃകയാണിത്. പാര്‍ലമെന്ററി ജനാധിപത്യം എന്നത് അധികാരത്തിലെത്താനുള്ള ഉപാധി മാത്രമല്ലെന്നും, സ്നേഹത്തിന്റെയും സഹകരണത്തിന്റെയും സമഭാവനയുടെയും മാര്‍ഗത്തിലൂടെ ജനപ്രതിനിധികളെ വഴിനടത്തേണ്ട ഒന്നാണെന്നും വിളിച്ചുപറയുന്നതായിരുന്നു പ്രധാനമന്ത്രിയുടെ വാക്കുകള്‍.
മറുപടി പ്രസംഗം നടത്തിക്കൊണ്ട് ഗുലാംനബി ആസാദ് പറഞ്ഞ കാര്യങ്ങള്‍ ഓരോ ഭാരതീയന്റെയും അഭിമാനമുയര്‍ത്തുന്നതാണ്. അഞ്ച് പതിറ്റാണ്ടുകാലത്തെ തന്റെ രാഷ്ട്രീയ ജീവിതത്തിലേക്ക് തിരിഞ്ഞുനോക്കിക്കൊണ്ട് മുപ്പത് മിനിറ്റ് നീണ്ട ഉജ്വലമായ പ്രസംഗമാണ് ആസാദ് നടത്തിയത്. ഇന്ദിരാഗാന്ധി മുതല്‍ അടല്‍ ബിഹാരി വാജ്പേയി വരെയുള്ള നേതാക്കളുമായുള്ള ബന്ധങ്ങള്‍ വിവരിച്ച ആസാദ്, താന്‍ രാഷ്ട്രീയമായി കടന്നാക്രമിച്ചിട്ടും ഒരിക്കലും വ്യക്തിവിദ്വേഷം പുലര്‍ത്താത്തയാളാണ് പ്രധാനമന്ത്രി മോദിയെന്നും പറയുകയുണ്ടായി. ഒരു രാഷ്ട്രീയ നേതാവ് എങ്ങനെ പെരുമാറണമെന്നതിന്റെയും, സഭ എങ്ങനെ നടത്തിക്കൊണ്ടുപോകണമെന്നതിന്റെയും പാഠങ്ങള്‍ പ്രതിപക്ഷ നേതാവായിരുന്ന വാജ്പേയില്‍നിന്നാണ് താന്‍ പഠിച്ചതെന്നും ആസാദ് തുറന്നു പറയുകയുണ്ടായി. എന്നു മാത്രമല്ല, വാജ്പേയിയില്‍നിന്ന് കാര്യങ്ങള്‍ ഗ്രഹിക്കാന്‍ പ്രധാനമന്ത്രിയായിരുന്ന ഇന്ദിരാഗാന്ധി തന്നെയാണ് തന്നോട് നിര്‍ദ്ദേശിച്ചതെന്നും വെളിപ്പെടുത്തിയിരിക്കുന്നു. അധികാരത്തില്‍നിന്ന് പുറത്തുനില്‍ക്കുന്നതിന്റെ അമര്‍ഷത്തില്‍ ജനാധിപത്യരീതികളെയും പാര്‍ലമെന്ററി മര്യാദകളെയും നിരന്തരം അപഹസിക്കുന്ന ഒരു പാര്ട്ടിയില്നിന്നുകൊണ്ടാണ് ഒരു രാഷ്ട്രതന്ത്രജ്ഞനെപ്പോലെ ആസാദ് സംസാരിക്കുന്നതെന്ന കാര്യം ആഹ്ലാദകരമാണ്. ആസാദിനെപ്പോലുള്ളവര്‍ കോണ്‍ഗ്രസ്സ് പാര്‍ട്ടിയില്‍ എന്തുകൊണ്ട് ഒറ്റപ്പെടുന്നു എന്നതിന്റെ ഉത്തരവും ഇവിടെയുണ്ട്.
ദേശസ്നേഹികളായ ഓരോ പൗരനും കേള്‍ക്കാന്‍ കൊതിക്കുന്ന വാക്കുകളും ആസാദില്നിന്നുണ്ടായി. താന്‍ ഒരു ഹിന്ദുസ്ഥാനി മുസ്ലിം ആണെന്ന് ധീരമായി പ്രഖ്യാപിച്ചുകൊണ്ട് ആസാദ് പറഞ്ഞതത്രയും വോട്ടുബാങ്ക് രാഷ്ട്രീയത്തിന്റെ ഭാഗമായി മുസ്ലിങ്ങളെ വഴിതെറ്റിക്കുകയും, വിഘടനവാദത്തിലേക്കും ഭീകരവാദത്തിലേക്കും നയിക്കുകയും ചെയ്യുന്നവര്‍ക്കുള്ള മറുപടിയാണ്. ലോകത്തെ ഏതെങ്കിലും മുസ്ലിമിന് അഭിമാനിക്കണമെന്നുണ്ടെങ്കില് അത് ഭാരതത്തിലെ മുസ്ലിമായിരിക്കണമെന്നാണ് ആസാദ് തികഞ്ഞ അഭിമാനത്തോടെ പറഞ്ഞത്. പാക്കിസ്ഥാനെ ഉദാഹരണമായെടുത്തുകൊണ്ട് ആസാദ് വ്യക്തമാക്കിയ കാര്യങ്ങള്‍ വര്‍ഗീയ പ്രീണനം രാഷ്ട്രീയ തത്വശാസ്ത്രമാക്കിയവര്ക്കുള്ള മുന്നറിയിപ്പാണ്. ഒരിക്കല്‍പ്പോലും പാക്കിസ്ഥാനില്‍ പോകാത്ത ഒരാളാണ് താനെന്നും, എന്നാല്‍ ആ രാജ്യത്തെ സാഹചര്യങ്ങളും അവിടുത്തെ സമൂഹത്തില്‍ നിലനില്‍ക്കുന്ന തിന്മകളും വച്ചുകൊണ്ട്, അതൊരിക്കലും ഭാരതത്തിലെ മുസ്ലിങ്ങളുടെ ഭാഗമല്ലെന്ന് അഭിമാനത്തോടെ പറയാന്‍ കഴിയുമെന്നും ആസാദ് അഭിപ്രായപ്പെട്ടിരിക്കുന്നു. പന്ത് മുഖ്യമായും ഇപ്പോള്‍ കോണ്‍ഗ്രസ്സിന്റെ കളത്തിലാണ്. പാര്‍ട്ടിയുടെ സമുന്നതനായ ഒരു നേതാവ് സത്യസന്ധമായി പറഞ്ഞിരിക്കുന്ന കാര്യങ്ങള്‍ ഉള്‍ക്കൊള്ളാന്‍ കോണ്‍ഗ്രസ്സിനാവുമോ? അതോ ഇപ്പോഴത്തെ കോണ്‍ഗ്രസ്സിന് അനഭിമതനായിരിക്കുന്ന ആസാദിനെ ആ പാര്‍ട്ടി തിരസ്കരിക്കുമോ? എന്തുതന്നെ സംഭവിച്ചാലും ഗുലാംനബി ഒരു ബിഗ് സല്യൂട്ട് അര്‍ഹിക്കുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: