ന്യൂദല്‍ഹി: സംസ്ഥാന സര്‍ക്കാരിന്റെ വിമാനം ഉപയോഗിക്കാന്‍ കഴിയാതിരുന്നതോടെ ഉത്തരാഖണ്ഡിലേക്ക് പോകാനെത്തിയ മഹാരാഷ്ട്ര ഗവര്‍ണര്‍ ഭഗത് സിംഗ് കോഷിയാരി മുംബൈ വിമാനത്താവളത്തില്‍ കാത്തിരുന്നത് രണ്ടു മണിക്കൂറിലേറെ. അവസാന നിമിഷം വരെയും പ്രത്യേക വിമാനം ഉപയോഗിക്കാന്‍ അനുമതി ലഭിക്കാതിരുന്നതോടെ സ്വാകാര്യ വിമാനത്തിലാണ് ഗവര്‍ണര്‍ ഡെറാഡൂണിലേക്ക് യാത്ര ചെയ്തതെന്ന് റിപ്പോര്‍ട്ടുകള്‍ പറയുന്നു. വ്യാഴാഴ്ച രാവിലെ 10ന് ആയിരുന്നു ഗവര്‍ണര്‍ സ്വന്തം സംസ്ഥാനമായ ഉത്തരാഖണ്ഡിലേക്ക് പുറപ്പെടേണ്ടിയിരുന്നത്.
ഇതു പ്രകാരം സര്‍ക്കാര്‍ വിമാനം നേരത്തേ തന്നെ ബുക്ക് ചെയ്തിരുന്നു. എന്നാല്‍ അവസാനനിമിഷം വരെയും അനുതി ലഭിച്ചില്ലെന്ന് ഇതുമായി ബന്ധപ്പെട്ട വൃത്തങ്ങളെ ഉദ്ധരിച്ച് വാര്‍ത്താ ഏജന്‍സിയായ പിടിഐ റിപ്പോര്‍ട്ട് ചെയ്യുന്നു. സാധാരണ, അനുമതിക്കായി ഗവര്‍ണര്‍ക്ക് കാത്തിരിക്കേണ്ടി വരാറില്ല. പോകാനായി ഗവര്‍ണര്‍ വിമാനത്തില്‍ കയറി ഇരുന്നുവെങ്കിലും, അപ്പോഴാണ് ഇതുവരെ അനുമതി ലഭിച്ചില്ലെന്ന വിവരം പൈലറ്റ് അറിയിക്കുന്നത്. പിന്നീട് ഗവര്‍ണറുടെ ഓഫിസ് സ്വകാര്യ വിമാനത്തില്‍ സീറ്റ് ബുക്ക് ചെയ്തു. ഉച്ചയ്ക്ക് 12.15 ഓടെയാണ് വിമാനം ഡെറാഡൂണിലേക്ക് പുറപ്പെട്ടത്.
പ്രതികാര നടപടിയുടെ ഭാഗമായാണ് ശിവസേനയുടെ നേതൃത്വത്തിലുള്ള സര്‍ക്കാര്‍ പ്രത്യേക വിമാനം ഉപയോഗിക്കാന്‍ അനുമതി നിഷേധിച്ചതെന്ന് പ്രതിപക്ഷമായ ബിജെപി ആരോപിച്ചു. ഗവര്‍ണര്‍ പരസ്യമായി പക്ഷം പിടിക്കുന്നുവെന്ന് ഭരണപക്ഷം ആവര്‍ത്തിക്കുന്നതിനിടെയാണ് പുതിയ വിവാദം. ഇത് ഗവര്‍ണറോടുള്ള അധിക്ഷേപമാണെന്നും മുഖ്യമന്ത്രി ഉദ്ധവ് താക്കറെ മാപ്പ് പറയണമെന്നും ബിജെപി ആവശ്യപ്പെട്ടു. മഹാരാഷ്ട്ര ലെജിസ്ലേറ്റീവ് കൗണ്‍സിലിലേക്ക് സര്‍ക്കാര്‍ നാമനിര്‍ദേശം ചെയ്ത 12 പേരുടെ കാര്യത്തില്‍ നിലവില്‍ തര്‍ക്കം നിലനില്‍ക്കുന്നുണ്ട്. സര്‍ക്കാര്‍ നല്കിയ പട്ടികയക്ക് ഗവര്‍ണര്‍ ഇതുവരെ അംഗീകാരം നല്‍കിയിട്ടില്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക: