തിരുവനന്തപുരം: സമരം നടത്തുന്ന ഉദ്യോഗാര്‍ത്ഥികള്‍ക്കിടയിലേക്ക് മണ്ണെണ്ണക്കുപ്പിയും കൊടുത്ത് നിയോഗിക്കുന്നത് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയെപ്പോലെയുള്ളവരെന്ന് രൂക്ഷ വിമര്‍ശനവുമായി ധനമന്ത്രി തോമസ് ഐസക്. ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് ഇക്കാര്യം അറിയിച്ചിരിക്കുന്നത്.
ഇടത് സര്‍ക്കാരിന്റെ പിന്‍വാതില്‍ നിയമനങ്ങള്‍ക്കെതിരെ യുവമോര്‍ച്ചാ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ഇന്ന് സെക്രട്ടറിയേറ്റിന് മുന്നില്‍ ശക്തമയ സമരം നടത്തിയിരുന്നു. ഇത് കൂടാതെ ഉദ്യോഗാര്‍ത്ഥികളും സമരം നടത്തിവരികയാണ് അതിനിടയിലാണ് സര്‍ക്കാര്‍ നിയമനങ്ങളെ ന്യായീകരിച്ച് തോമസ് ഐസക്കിന്റെ പോസ്റ്റ്.
ഒരു റാങ്ക് ലിസ്റ്റിലും ഉള്‍പ്പെട്ട ആളല്ല കഴിഞ്ഞ ദിവസം മണ്ണെണ്ണയില്‍ കുളിച്ച് അവതരിച്ചത്. യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകനായ റിജു തെരുവില്‍ നാട്ടി നിര്‍ത്തിയ കണ്ണാടിയാണ്. അധികാരം തന്നില്ലെങ്കില്‍ മണ്ണെണ്ണയൊഴിച്ച് സ്വയം തീകൊളുത്തിക്കളയുമെന്ന ജനങ്ങളോടുള്ള അദ്ദേഹത്തിന്റെ ഭീഷണിയാണ് സെക്രട്ടറിയേറ്റ് നടയില്‍ കണ്ടത്. ദയനീയവും ആപല്‍കരവുമാണ് യുഡിഎഫിന്റെ ഈ രാഷ്ട്രീയക്കളിയെന്നും തോമസ് ഐസക് കുറ്റപ്പെടുത്തി.
റിപ്പോര്‍ട്ട് ചെയ്യപ്പെട്ടതും സൃഷ്ടിക്കപ്പെട്ടതുമായ വേക്കന്‍സികളില്‍ നിയമനം നടത്താന്‍ ഒരു തടസ്സവും കേരളത്തില്‍ നിലവിലില്ല. ഏതെങ്കിലും വകുപ്പില്‍ പോരായ്മയുണ്ടെങ്കില്‍ അവ തിരുത്തും. റാങ്ക് ലിസ്റ്റില്‍ ഉള്‍പ്പെട്ട എല്ലാവരെയും നിയമിക്കാന്‍ കഴിയില്ലെന്ന് മനസിലാക്കാന്‍ സാമാന്യബുദ്ധി മതി. റിപ്പോര്‍ട്ടു ചെയ്യപ്പെട്ടതും സൃഷ്ടിക്കപ്പെട്ടതുമായ വേക്കന്‍സികളില്‍ നിയമനം നടത്താന്‍ ഒരു തടസവും കേരളത്തില്‍ നിലവിലില്ല. അക്കാര്യത്തില്‍ റെക്കോഡാണ് കഴിഞ്ഞ അഞ്ചുവര്‍ഷത്തിനുള്ളില്‍ നടന്നത്. ഈ യാഥാര്‍ത്ഥ്യത്തെ മണ്ണെണ്ണയൊഴിച്ച് കത്തിച്ചു കളയാനാവില്ല.
2021-22 ബജറ്റിന്റെ മുഖ്യവിഷയം അഭ്യസ്തവിദ്യരുടെ തൊഴിലില്ലായ്മയാണ്. അതിവിപുലമായ തൊഴിലവസര വര്‍ദ്ധനയാണ് ബജറ്റ് ലക്ഷ്യമിടുന്നത്. ചരിത്രത്തിലാദ്യമാണ് ഇത്തരമൊരു മുന്‍കൈ. അതിനോടൊപ്പം നില്‍ക്കുകയാണ് എല്ലാവരും ചെയ്യേണ്ടതെന്നും തോമസ് ഐസക് കൂട്ടിച്ചേര്‍ത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: