ക്ഷേത്ര ഭരണം ക്ഷേത്ര വിശ്വാസികളെ ഏല്പിക്കണമെന്നത് ബിജെപിയുടെ പ്രഖ്യാപിത നയമാണെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ. സുരേന്ദ്രന് ജന്മഭൂമിക്ക് നല്കിയ അഭിമുഖത്തില്‍ ആവര്‍ത്തിക്കുന്നു. മാറിമാറി ഭരിച്ച സര്‍ക്കാരുകള്‍ ക്ഷേത്രഭരണം നടത്തി ക്ഷേത്രങ്ങളെ കയ്യടക്കുക മാത്രമല്ല, ആചാരങ്ങളും അനുഷ്ഠാനങ്ങളും വരെ തകര്‍ക്കുകയായിരുന്നു. മറ്റു മതസ്ഥരുടെ ആരാധനാലയങ്ങള്‍ സര്ക്കാര്നിയന്ത്രണത്തിലല്ല. എന്നാല്‍ ആവോളം സഹായങ്ങള്‍ ചെയ്യുന്നുണ്ടുതാനും. അന്തിത്തിരി കത്തിക്കാന്‍ വകയില്ലാത്ത ആയിരക്കണക്കിന് ക്ഷേത്രങ്ങള്‍ കേരളത്തിലങ്ങോളമിങ്ങോളമുണ്ട്. ജീര്‍ണ്ണാവസ്ഥയിലായ നിരവധി ക്ഷേത്രങ്ങളുമുണ്ട്. ഇവയുടെയൊന്നും പുനഃരുദ്ധാരണം സര്‍ക്കാരിന്റെ അജണ്ടയിലില്ല. ശബരിമലയിലടക്കമുള്ള ക്ഷേത്രങ്ങളില്‍ ആചാരങ്ങള്‍ ലംഘിക്കുന്നതിന് സര്‍ക്കാര്‍ കൂട്ടു നിന്നു. പല ക്ഷേത്രങ്ങളുടെയും ഭൂമി കയ്യേറി. വിശ്വാസികളല്ലാത്തവര്‍ ക്ഷേത്രം ഭരിച്ചപ്പോള്‍ ക്ഷേത്ര ചൈതന്യം പോലും നഷ്ടമായി. കെ. സുരേന്ദ്രന് ജന്മഭൂമി പ്രതിനിധി ആര്. പ്രദീപിന് നല്കിയ അഭിമുഖത്തില്‍ നിലപാട് വ്യക്തമാക്കുന്നു.
ക്ഷേത്രഭരണം ക്ഷേത്രവിശ്വാസികളെ ഏല്പിക്കണമെന്ന ആവശ്യം കാലങ്ങളായി ഉള്ളതാണ്. സംസ്ഥാനത്ത് എന്‍ഡിഎയുടെ നേതൃത്വത്തിലൊരു സര്‍ക്കാര്‍ അധികാരത്തിലെത്തിയാല്‍ ഇക്കാര്യത്തിലുള്ള നിലപാടെന്തായിരിക്കും?
സംസ്ഥാനത്ത് എന്‍ഡിഎ അധികാരത്തിലെത്തിയാല്‍ ആദ്യം എടുക്കുന്ന തീരുമാനം ക്ഷേത്രഭരണം ക്ഷേത്ര വിശ്വാസികള്‍ക്ക് നല്‍കുക എന്നതായിരിക്കും. ദേവസ്വം ബോര്‍ഡുകള്‍ പിരിച്ചുവിട്ട് ക്ഷേത്രങ്ങള്‍ വിശ്വാസികളെ ഏല്‍പ്പിക്കും. ക്ഷേത്ര ഭരണത്തിലെ രാഷ്ട്രീയ ഇടപെടലുകളും രാഷ്ട്രീയ അതിപ്രസരവും അവസാനിപ്പിച്ച് ഭരണത്തിന് പ്രത്യേക സംവിധാനം കൊണ്ടുവരും. നിലവിലുള്ള ദേവസ്വം ജീവനക്കാരെ സംരക്ഷിച്ചുകൊണ്ടായിരിക്കും അത്. സര്‍ക്കാര്‍ നിയന്ത്രണത്തിലുള്ള ദേവസ്വം ബോര്‍ഡുകളുടെ ഭരണത്തിലാണ് ക്ഷേത്രഭരണവും വിശ്വാസവുമെല്ലാം ഇത്രയധികം പ്രതിസന്ധി നേരിട്ടത്. ക്ഷേത്രങ്ങളെ വിവാദ കേന്ദ്രങ്ങളാക്കി. ആചാരങ്ങള്‍ ഹനിക്കപ്പെട്ടു. ക്ഷേത്ര ഭരണം രാഷ്ട്രീയ മുക്തമാക്കുക എന്നതാണ് ബിജെപിയുടെ ലക്ഷ്യം. തങ്ങള്‍ വിശ്വാസികള്‍ക്കൊപ്പമാണെന്ന് ഇടയ്ക്കിടെ പറയുന്നവര്‍ ക്ഷേത്രഭരണം വിശ്വാസികള്‍ക്ക് നല്‍കും എന്ന് പറയാത്തത് എന്താണ്. അത്തരത്തില്‍ ഒരു പ്രഖ്യാപനം നടത്തി തെരഞ്ഞെടുപ്പിനെ നേരിടാന്‍ ഇക്കൂട്ടര്‍ തയ്യാറാകുകയാണ് വേണ്ടത്. അവരതു ചെയ്യില്ല. കാരണം ക്ഷേത്ര സ്വത്തില്‍ കയ്യിട്ടുവാരാനുള്ള അവസരം അവരാരും നഷ്ടപ്പെടുത്തില്ല.
ഈ തെരഞ്ഞെടുപ്പില്‍ ശബരിമല വീണ്ടും സജീവ ചര്‍ച്ചയാകുകയാണ്. തെരഞ്ഞെടുപ്പില്‍ ശബരിമല ഏതുതരത്തില്‍ ബാധിക്കും?
ശബരിമലയിലെ ആചാര സംരക്ഷണത്തിന് ഓരോരുത്തരും സ്വീകരിച്ച നിലപാട് എന്തായിരുന്നുവെന്ന് എല്ലാവര്ക്കും വ്യക്തമായി അറിയാം. നിയമസഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി ശബരിമലയുടെ പേരും പറഞ്ഞ് ഇരുമുന്നണികളും കേരളത്തിലെ ജനങ്ങളെ കബളിപ്പിക്കുകയാണ്. വോട്ട് മാത്രം ലക്ഷ്യമിട്ടാണിപ്പോള് ഇവര്‍ നിലപാട് സ്വീകരിക്കുന്നത്. ശബരിമല പ്രക്ഷോഭം നടക്കുന്ന സമയത്ത് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ഗാന്ധി വിശ്വാസികള്‍ക്കെതിരെ നിലപാടെടുത്തു. കോണ്‍ഗ്രസിന്റെ ഒരു നേതാവും ആചാരസംരക്ഷണത്തിന് വേണ്ടി പ്രവര്‍ത്തിച്ചിട്ടില്ല.
ഒരു കോണ്‍ഗ്രസ് നേതാവിന്റെ പേരിലും പെറ്റി കേസുപോലുമില്ല. ശബരിമല സമരകാലത്ത് ഏറ്റവും ക്രൂരമായി പെരുമാറിയ നേതാവാണ് ഉമ്മന്‍ചാണ്ടി. ഇപ്പോള്‍ മുതലകണ്ണീര്‍ ഒഴുക്കുന്ന ഉമ്മന്‍ചാണ്ടി വിശ്വാസികള്‍ വേട്ടയാടപ്പെട്ടപ്പോള്‍ കുറ്റകരമായ മൗനം അവലംബിച്ച നേതാവാണ്. അത് ഹിന്ദുക്കളുടെ കാര്യമല്ലേ അവര്‍ എന്തെങ്കിലുമായിക്കൊള്ളട്ടെ എന്ന നിലപാടായിരുന്നു ഉമ്മന്‍ചാണ്ടി സ്വീകരിച്ചത്. ഇപ്പോള്‍ വോട്ടിന് വേണ്ടി നിലപാട് മാറ്റുകയാണ്. ശബരിമലക്കാര്യത്തില്‍ അദ്ദേഹത്തിന്റെ വേവലാതി കാണുമ്പോള്‍ ചിരിയാണ് വരുന്നത്. ഇന്ന് ശബരിമലയ്ക്ക് വേണ്ടി ഘോരഘോരം വാദിക്കുന്നവര്‍ പ്രക്ഷോഭകാലത്ത് മാളത്തില്‍ ഒളിച്ചത് വിശ്വാസികള്‍ കണ്ടതാണ്.
ശബരിമല വിഷയത്തില്‍ ഇടതുമുന്നണി നിലപാട് തിരുത്തിയല്ലോ?
ശബരിമല വിഷയത്തില്‍ ഇരുമുന്നണികളും നിലപാട് മാറ്റിയത് വിശ്വാസികളുടെ പ്രതിഷേധം കണ്ടാണ്. എം.വി.ഗോവിന്ദനും വിജയരാഘവനും ബേബിയുമടക്കമുള്ളവര്‍ മലക്കം മറയുകയാണ്. വിശ്വാസികളോട് ആത്മാര്‍ത്ഥതയുണ്ടെങ്കില്‍ ശബരിമലയുടെ കാര്യത്തില്‍ എടുത്ത നിലപാട് തെറ്റായെന്ന് സര്‍ക്കാര്‍ പരസ്യമായി പറയുകയാണ് വേണ്ടത്. ശബരിമല വിശ്വാസികളോട് സിപിഎം മാപ്പ് ചോദിക്കണം. ശബരിമലയിലെ ആചാരങ്ങള്‍ സംരക്ഷിക്കാന്‍ സമാനതകളില്ലാത്ത പ്രക്ഷോഭമാണ് നടന്നത്. സിപിഎമ്മിന്റെ കടുംപിടിത്തത്തിനെതിരായിരുന്നു വിശ്വാസികളുടെ വികാരം. ആബാലവൃദ്ധം ജനങ്ങള്‍ തെരുവിലിറങ്ങി നാമം ജപിച്ച് തങ്ങളുടെ വികാരം പ്രകടിപ്പിച്ചു. സമാധാനപരമായ സമരത്തേപോലും സര്‍ക്കാരും സിപിഎം നേതാക്കളും അവഹേളിച്ചു. മന്ത്രി തോമസ് ഐസക് നാമജപ സമരത്തെ ആക്ഷേപിച്ചത് തെറിജപം എന്നാണ്.
ശബരിമല അയ്യപ്പ ഭക്തരോട് സിപിഎം ചെയ്തത് മഹാ ക്രൂരതകളാണ്. ലോകമുള്ളിടത്തോളം കാലം വിശ്വാസികള്‍ അത് മറക്കില്ല. നാമജപ പ്രക്ഷോഭത്തില്‍ പങ്കെടുത്തവരെയാണ് അറസ്റ്റ് ചെയ്ത് ജയിലില്‍ അടച്ചത്. 55,000 സംഘപരിവാര്‍ പ്രവര്‍ത്തകരുടെ പേരിലാണ് പിണറായി പൊലീസ് കേസെടുത്തത്. ശബരിമലയില്‍ ചെയ്തത് തെറ്റാണെന്ന് തോന്നുന്നുണ്ടെങ്കില്‍ വിശ്വാസികള്‍ക്കെതിരെ എടുത്ത എല്ലാ കേസുകളും പിന്‍വലിക്കാന്‍ പിണറായി സര്‍ക്കാര്‍ തയ്യാറാവണം. കോടതിവിധിയുടെ മറവില്‍ നടന്നതൊന്നും ഭക്തര്‍ മറക്കില്ല. ആയിരം ഗംഗയില്‍ കുളിച്ചാലും ശബരിമലയില്‍ ചെയ്ത ക്രൂരതയ്ക്ക് സിപിഎമ്മിന് വിശ്വാസികള്‍ക്ക് മാപ്പ് നല്‍കാനാകില്ല. എങ്കിലും പരസ്യമായി മാപ്പ് യാചിച്ചു കൊണ്ടുവേണം ശബരിമലക്കാര്യത്തില്‍ പുതിയ നിലപാട് സിപിഎം സ്വീകരിക്കാന്‍.
എല്‍ഡിഎഫ്, യുഡിഎഫ് മുന്നണികള്‍ മറ്റു മതസ്ഥരുടെ ആരാധനാലയങ്ങളോട് സമാന നിലപാടല്ലല്ലോ സ്വീകരിക്കുന്നത്?
കേരളത്തില്‍ മറ്റു മതക്കാര്‍ക്കുള്ള അവകാശങ്ങള്‍ ഹിന്ദുക്കള്‍ക്ക് ലഭിക്കുന്നില്ലെന്നതാണ് സത്യം. എല്‍ഡിഎഫ്, യുഡിഎഫ് സര്‍ക്കാരുകള്‍ മതേതരമാണെന്ന് പറയുകയും ചെയ്യും. കേരളത്തില്‍ മുസ്ലിം ദേവാലയങ്ങള്‍ ഭരിക്കാനുള്ള അവകാശം മുസ്ലിംങ്ങള്‍ക്കാണ്. ക്രൈസ്തവ ദേവാലയങ്ങള്‍ ഭരിക്കുന്നത് ക്രിസ്ത്യാനികളാണ്.
കേരളത്തിലെ ഹൈന്ദവ ക്ഷേത്രങ്ങള്‍ ഭരിക്കാനുള്ള അവകാശം ഹിന്ദുക്കള്‍ക്കില്ല. ഹിന്ദു ക്ഷേത്രങ്ങള്‍ ഭരിക്കുന്നത് മതേതര സര്‍ക്കാരും അവിശ്വാസികളുമാണ്. മറ്റുമതക്കാരുടെ ആരാധനാലയങ്ങള്‍ ഭരിക്കാനോ അവരുടെ ആചാരങ്ങളില്‍ ഇടപെടാനോ സര്‍ക്കാര്‍ ശ്രമിക്കില്ല. തൊട്ടാല്‍ കൈപൊള്ളുമെന്നറിയാം. ഹിന്ദു ആരാധനാലയങ്ങളുടെ ഭൂമി മാത്രം സര്‍ക്കാര്‍ ഏറ്റെടുക്കുന്നു. മറ്റു മതങ്ങള്‍ക്കില്ലാത്ത കാര്യങ്ങള്‍ ഭൂരിപക്ഷ സമുദായത്തിനുമേല്‍ അടിച്ചേല്‍പ്പിക്കുന്നു. വിധവ പെന്ഷന് കൊടുക്കുന്നതില്‍ പോലും മതം നോക്കുന്ന സര്‍ക്കാരാണ് കേരളം ഭരിക്കുന്നത്.
വൈരുദ്ധ്യാത്മക ഭൗതികവാദത്തിന്റെ കാര്യത്തില്‍ സിപിഎമ്മിനിപ്പോള്‍ തിരിച്ചറിവ് വന്നിരിക്കുന്നു
വൈരുദ്ധ്യാത്മക ഭൗതികവാദം നടപ്പാകില്ലെന്ന് സിപിഎം നേതാവ് എം.വി ഗോവിന്ദന് പറഞ്ഞത് ഞങ്ങള്‍ കാലാകാലങ്ങളായി പറയുന്നതാണ്. നടപ്പാകാത്തൊരു മൂഢസ്വര്‍ഗമാണ് വൈരുദ്ധ്യാത്മക ഭൗതികവാദം. കമ്മ്യൂണിസത്തിന്റെ അടിത്തറയാണ് വൈരുദ്ധ്യാത്മക ഭൗതികവാദം എന്നാണ് അവര്‍ തന്നെ പറയുന്നത്. അടിസ്ഥാന പ്രമാണം കാലഹരണപ്പെട്ടതാണെങ്കില്‍ പ്രസ്ഥാനം പിരിച്ചുവിടുകയാണ് വേണ്ടത്. കമ്മ്യൂണിസ്റ്റു പാര്‍ട്ടി പിരിച്ചുവിട്ട് നേതാക്കള്‍ കാശിക്ക് പോവണം. ഏത് ലക്ഷ്യത്തിലേക്കാണോ മുമ്പോട്ട് പോകുന്നത് അത് നടപ്പിലാകില്ലെന്ന് അതിന്റെ നേതാക്കള്‍ പോലും പറയുന്നു. വിശ്വസികളുടെ കാര്യത്തിലാണ് സിപിഎമ്മിന് ഇപ്പോള്‍ വെളിപാടുണ്ടായത്. എല്ലാവരും ഹിന്ദുവായിട്ടാണ് ജനിക്കുന്നതെന്നാണ് ഇപ്പോള്‍ ഗോവിന്ദന് പറയുന്നത്. കഴിഞ്ഞ ഏഴുപതിറ്റാണ്ട് കാലം ഇതിനെതിരായിട്ടാണ് സിപിഎം നേതാക്കള്‍ സംസാരിച്ചത്. ഇപ്പോള്‍ ബിജെപി പറയുന്നതാണ് ശരിയെന്ന് സിപിഎം സമ്മതിച്ചിരിക്കുകയാണ്.
വോട്ടു ലക്ഷ്യമിട്ട് കോണ്‍ഗ്രസ്സും വര്‍ഗ്ഗീയ കാര്‍ഡുമായി രംഗത്തെത്തിയിട്ടുണ്ട്.
നാല് വോട്ടിനായി എന്തും നെറികേടും കാട്ടുന്ന നിലയിലേക്കാണ് കോണ്‍ഗ്രസ് എത്തിയിരിക്കുന്നത്. ഹാഗിയ സോഫിയ മുസ്ലിം പള്ളിയാക്കിയത് വിദേശ രാജ്യങ്ങളില്‍ ആയിരക്കണക്കിന് ക്രൈസ്തവ ദേവാലയങ്ങള്‍ ബാറുകളാക്കി മാറ്റുന്നത് പോലെയാണെന്നാണ് ഉമ്മന്‍ചാണ്ടിയുടെ മകന് പറയുന്നത്. ലൗജിഹാദിനെ കുറിച്ചും ഉമ്മന്‍ചാണ്ടിക്കും മകനും ഇതേ നിലപാടാണോ എന്ന് വ്യക്തമാക്കണം. ലോകത്തിലെ ഏറ്റവും വലിയ തീവ്രവാദ സംഘടനയായ ജമാഅത്തെ ഇസ്ലാമിയുമായി കൂട്ടുചേര്‍ന്ന് തിരഞ്ഞെടുപ്പില്‍ മത്സരിച്ചവരാണ് ഭൂരിപക്ഷ വിഭാഗക്കാരുടെ സംരക്ഷണത്തിന് ഇറങ്ങുന്നത്.
എന്‍ഡിഎ അധികാരത്തിലെത്തിയാല്‍ ലൗജിഹാദിനെതിരെ യു.പി മോഡല്‍ നിയമം കൊണ്ടുവരും. ലൗജിഹാദിനെ കുറിച്ച് ഇരുമുന്നണികളും നയം വ്യക്തമാക്കണം. ക്രൈസ്തവരും ഹിന്ദുക്കളും ലൗജിഹാദിനെതിരെ നിയമം കൊണ്ടുവരാന്‍ ആവശ്യപ്പെട്ടിട്ടും എല്‍ഡിഫും യുഡിഎഫും മൗനം പാലിക്കുകയാണ്. ലൗജിഹാദിനെതിരെ ബിജെപി മാത്രമല്ല ക്രൈസ്തവസഭകളും അഭിപ്രായം വ്യക്തമാക്കിയിട്ടും ഇടതു-വലതു മുന്നണികള്‍ അത് കണ്ടില്ലെന്ന് നടിക്കുന്നു. ന്യൂനപക്ഷ അവകാശങ്ങളില്‍ പോലും കേരളത്തില്‍ വേര്‍തിരിവ് ഉണ്ട്. മുസ്ലിം സമുദായത്തിന് അനര്‍ഹമായ അവകാശങ്ങള്‍ ലഭിക്കുമ്പോള്‍ ക്രിസ്ത്യാനികള്‍ക്ക് ജനസംഖ്യാനുപാതികമായ ആനുകൂല്ല്യങ്ങള്‍ ലഭിക്കുന്നില്ലെന്ന പരാതി ക്രിസ്ത്യന്‍ സഭകള്‍ പ്രധാനമന്ത്രിയോട് ബോധിപ്പിച്ചിട്ടും കേരളത്തിലെ ഭരണ-പ്രതിപക്ഷങ്ങള്‍ നിലപാട് വ്യക്തമാക്കുന്നില്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക: