ന്യൂദല്‍ഹി: എല്ലാ പ്രശ്നങ്ങളിലും ഒരു വ്യക്തിഗതമായ ടച്ച് കൊണ്ടുവരുന്ന വ്യക്തിയാണ് പ്രധാനമന്ത്രിയെന്ന് കോണ്‍ഗ്രസ് രാജ്യസഭാ പ്രതിപക്ഷ നേതാവ് ഗുലാം നബി ആസാദിന്റെ പ്രശംസ.
ചൊവ്വാഴ്ച പ്രധാനമന്ത്രി നരേന്ദ്രമോദി ഗദ്ഗദകണ്ഠനായി നടത്തിയ പ്രശംസയ്ക്ക് നല്കിയ മറുപടി പ്രസംഗത്തിലായിരുന്നു ഗുലാം നബി ആസാദിന്റെ ഈ അഭിനന്ദനം. മോദിയെ അഭിസംബോധന ചെയ്യുന്ന രൂപത്തിലായിരുന്നു വികാരാധീനമായ അദ്ദേഹത്തിന്റെ വാക്കുകള്‍- ‘സഭയില്‍ ഞങ്ങള്‍ തമ്മില്‍ ഏറ്റുമുട്ടലുകള്‍ നടന്ന സന്ദര്‍ഭങ്ങളുണ്ടായിട്ടുണ്ട്. സുദീര്‍ഘ പ്രസംഗങ്ങള്‍ നടത്തിയപ്പോള്‍ താങ്കള്‍ ഒരിക്കലും എന്റെ വാക്കുകള്‍ വ്യക്തിപരമായി എടുത്തില്ല. എപ്പോഴും രാഷ്ട്രീയത്തെ താങ്കള്‍ വ്യക്തിഗത രീതിയിലുള്ള രാഷ്ട്രീയത്തില്‍ നിന്നും ഒഴിച്ചുനിര്‍ത്തി,’ ഗുലാം നബി ആസാദ് പറഞ്ഞു.
‘ഈദായാലും ദീപാവലിയായാലും എന്റെ ജന്മദിനമായാല്‍ പോലും സോണിയാഗാന്ധിക്ക് പുറമേ താങ്കള്‍ എന്നെ എപ്പോഴും വിളിച്ചു. രാജ്യം പരസ്പര സഹകരണത്തിലൂടെയാണ് മുന്നോട്ട് പോകുന്നത്. അല്ലാതെ ഏറ്റുമുട്ടലിലൂടെയല്ല,’ – ഗുലാം നബി ആസാദ് പറഞ്ഞു.
മികച്ച പ്രതിപക്ഷനേതാവാകാന്‍ താന്‍ പഠിച്ചത് വാജ്പേയിയില്‍ നിന്നാണെന്നും ഗുലാം നബി ആസാദ് പറഞ്ഞു. ‘അടല്‍ജി പ്രതിപക്ഷനേതാവായിരുന്നപ്പോള്‍ ഞാന്‍ പാര്‍ലമെന്ററി കാര്യ മന്ത്രിയായിരുന്നു. ഞങ്ങള്‍ക്കവിടെ ഭൂരിപക്ഷമില്ലായിരുന്നു. എന്നിട്ടും സഭ മുന്നോട്ട് കൊണ്ടുപോകുന്നകാര്യത്തില്‍ ആ അഞ്ച് വര്‍ഷങ്ങള്‍ സുഗമമായിരുന്നു.എപ്പോഴും പ്രതിപക്ഷ എംപിമാരെ പരിഗണിച്ചിരുന്ന മുന്‍ പ്രധാനമന്ത്രി അടല്‍ ബിഹാരി വാജ്പേയിയെക്കുറിച്ച് നിറമാര്‍ന്ന ഓര്‍മ്മകളാണുള്ളത്,’ ഗുലാം നബി പറഞ്ഞു.
ലോകത്ത് ഏതെങ്കിലും മുസ്ലിങ്ങള്‍ അഭിമാനിക്കുന്നെങ്കില്‍ അത് ഇന്ത്യയിലെ മുസ്ലീങ്ങളായിരിക്കുമെന്നും ഗുലാം നബി പ്രസ്താവിച്ചു. ‘പാകിസ്താനിലെ തിന്മകളും സാഹചര്യങ്ങളും കണക്കിലെടുത്താല്‍ ഇന്ത്യയിലെ മുസ്ലിങ്ങള്‍ക്ക് അഭിമാനിക്കാം,’ ഗുലാം നബി അഭിപ്രായപ്പെട്ടു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: