തൃശൂര്‍: കഞ്ചാവിനും മദ്യത്തിനും അടിമകളായ യുവാക്കള്‍ മോഷണവും കവര്‍ച്ചയും നടത്താനിറങ്ങിയതോടെ ജനങ്ങള്‍ ഭീതിയില്‍. കൈപ്പമംഗലം മതിലകത്ത് വൃദ്ധ ദമ്പതികളെ വീടുകയറി ആക്രമിച്ച് മോഷണത്തിന് ശ്രമിച്ച യുവാക്കള്‍ സ്ഥിരമായി കഞ്ചാവും മദ്യവും ഉപയോഗിക്കുന്നവരാണ്. കഞ്ചാവും മദ്യവും വാങ്ങാനുള്ള പണത്തിനായി മോഷണരംഗത്തേക്ക് ഇറങ്ങുകയാണ് യുവാക്കള്‍. പലഭാഗങ്ങളിലും ലഹരി മാഫിയകള്‍ ഗുണ്ടാ സംഘങ്ങളെ പോലെയാണ് പ്രവര്‍ത്തിക്കുന്നത്. ഇതിനാല്‍ മോഷണങ്ങളും അക്രമ സംഭവങ്ങളും ജില്ലയുടെ വിവിധ മേഖലകളില്‍ പതിവായിട്ടുണ്ട്. ജില്ലയില്‍ മോഷണ കേസുകളില്‍ അടുത്തിടെ അറസ്റ്റിലായവരെല്ലാം ലഹരിക്കും മദ്യത്തിനും അടിമകളായവരാണെന്ന് എക്സൈസും പോലീസും പറയുന്നു.
കഞ്ചാവ് പോലെയുള്ള ലഹരി വസ്തുക്കള്‍ ദിനംപ്രതി വന്‍തോതിലാണ് ജില്ലയിലേക്കെത്തുന്നത്. കഞ്ചാവിന് പുറമേ കഞ്ചാവുലേഹ്യം, ഹാഷിഷ് ഓയില്‍, എല്‍എസ്ഡി, നൈട്രാസെഫാന്‍ ഗുളികകള്‍, ബ്രൗണ്‍ഷുഗര്‍, ചരസ് എന്നിവയും ജില്ലയിലെ ലഹരി വിപണിയില്‍ യഥേഷ്ടം ലഭ്യമാണ്. യുവാക്കളേയും സ്കൂള്‍, കോളേജ് വിദ്യാര്‍ഥികളെയും ലക്ഷ്യം വച്ചാണ് ഇവയെല്ലാം വരുന്നത്. ലഹരി ഉപയോഗിക്കുന്നവരുടെ എണ്ണം വര്‍ധിച്ചതോടെ കഞ്ചാവ് വില്‍പ്പനക്കാരുടെ ഹോട്ട് സ്പോട്ടായി തൃശൂര്‍ ജില്ല മാറി. ജില്ലയില്‍ നഗര-ഗ്രാമഭേദമില്ലാതെ ലഹരി വില്‍പ്പനക്കാരുടെ വിളയാട്ടമാണ്. സോഷ്യല്‍ മീഡിയ പോലുള്ള പ്ലാറ്റ്ഫോമുകള് കൂടി ഉപയോഗിച്ചാണ് ഇപ്പോള്‍ ലഹരി മാഫിയാ സംഘത്തിന്റെ കച്ചവടം. അതിനാല്‍ പ്രത്യേകിച്ച് ഒരു സ്ഥലവും ഇത്തരം ഇടപാടുകള്‍ക്ക് ആവശ്യമില്ല. എവിടെ വെച്ച് വേണമെങ്കിലും എപ്പോള്‍ വേണമെങ്കിലും ഇടപാടുകള്‍ നടക്കുമെന്ന സാഹചര്യമാണുള്ളതെന്ന് എക്സൈസ് ഉദ്യോഗസ്ഥര്‍ പറയുന്നു. സോഷ്യല്‍ മീഡിയ സൈറ്റുകളിലൂടെ വിദേശ രാജ്യങ്ങളില്‍ നിന്ന് പോലും കൊറിയര്‍ സര്‍വീസ് വഴി മയക്കുമരുന്നുകള്‍ എത്തുന്നുണ്ട്.
തൃശൂര്‍ എക്സൈസ് സേന ഒരുമാസത്തിനുള്ളില്‍ കഞ്ചാവ് കടത്ത് ഉള്‍പ്പെടെ 22 കേസുകളിലായി 30ഓളം പേരെ അറസ്റ്റ് ചെയ്തിട്ടുണ്ട്. തൃശൂര്‍ എക്സൈസ് സ്പെഷല്‍ സ്ക്വാഡ് 10 കേസുകളിലായി 15 പേരെയും അറസ്റ്റ് ചെയ്തു. അതിഥി തൊഴിലാളികള്‍ ജില്ലയിലെ വിവിധ ഭാഗങ്ങളില്‍ കൂട്ടത്തോടെ താമസമാക്കിയതോടെയാണ് കഞ്ചാവ് ഉള്‍പ്പെടെയുള്ളവയുടെ വില്‍പ്പന വര്‍ധിച്ചതെന്ന് പറയുന്നത്. അസം, ഒഡിഷ, ആന്ധ്ര, തമിഴ്നാട് സംസ്ഥാനങ്ങളില്‍ നിന്നാണ് കഞ്ചാവ് കൂടുതലായി ജില്ലയിലെത്തുന്നതെന്ന് എക്സൈസ് ഉദ്യോഗസ്ഥര്‍ പറയുന്നു. ഇതര സംസ്ഥാനക്കാര്‍ നാട്ടില്‍നിന്ന് ജില്ലയിലേക്ക് വരുമ്പോള്‍ കഞ്ചാവ് കൊണ്ടുവരുന്നതും നിത്യസംഭവമാണ്.
കൊവിഡിനെ തുടര്‍ന്ന് ട്രെയിന്‍, ബസ് സര്‍വീസുകള്‍ ഭാഗീകമാണെന്നതിനാല് ആഡംബരവാഹനങ്ങളിലും ചരക്ക് വാഹനങ്ങളിലുമൊളിപ്പിച്ചാണ് ഇപ്പോള്‍ കടത്ത്. അന്തര്‍ സംസ്ഥാന ബസ് സര്‍വീസുകള്‍ക്ക് വിലക്ക് നീങ്ങിയതോടെ ബസുകളിലും കടത്ത് തുടങ്ങിയിട്ടുണ്ട്. അധികൃതര്‍ക്ക് ലഭിക്കുന്ന വിവരത്തെ തുടര്‍ന്നാണ് കഞ്ചാവ് കടത്തുകാര്‍ പലപ്പോഴും അറസ്റ്റിലാകുന്നത്. പിടികൂടിയാലും ഉറവിടം സംബന്ധിച്ച വിവരം ലഭിക്കാത്തത് തുടരന്വേഷണത്തെ പ്രതികൂലമായി ബാധിക്കുന്നു. പ്രതിയെയും തൊണ്ടിമുതലും കോടതിക്ക് കൈമാറുന്ന നടപടിയൊഴിച്ചാല്‍ കഞ്ചാവിന്റെ ഉറവിടംതേടി പോകാന്‍ എക്സൈസ്, പോലീസ് അധികൃതര്‍ ശ്രമിക്കാറില്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക: