കൊട്ടാരക്കര: കര്‍ഷകരുടെ ഉല്‍പ്പന്നങ്ങള്‍ക്ക് ന്യായവില ഉറപ്പാക്കാനായി പെരുംകുളത്ത് ആരംഭിച്ച ‘പീടികപച്ച’യ്ക്ക് ആദ്യദിനം തന്നെ മികച്ച പ്രതികരണം. രാവിലെ തന്നെ കര്‍ഷകര്‍ വിളയിച്ചെടുത്ത ഉല്‍പ്പന്നങ്ങളുമായി എത്തി. മണ്ണടി റോഡിന് ഓരത്തുള്ള നടുവത്തറ ഏലായിലെ സൊറവരമ്പില്‍ അവരവരുടെ പേരുകള്‍ എഴുതി നിരത്തിവച്ചു തയാറായി.
ചേന, ചേമ്പ്, ചീനി, വിവിധയിനം വാഴക്കുലകള്‍, പച്ചക്കറികള്‍ തുടങ്ങി വിവിധയിനം കാര്‍ഷികവിളകള്‍ നിരന്നതോടെ ഗ്രാമം കാര്‍ഷികസമൃദ്ധി വിളിച്ചോതി ഉത്സവ ലഹരിയിലായി. ഉപഭോക്താക്കള്‍ അവര്‍ക്കിഷ്ടമുള്ള വിഭവങ്ങള്‍ മിതമായ വിലയില്‍ വാങ്ങി. ഇടനിലക്കാരുടെ ചൂഷണങ്ങള്‍ ഇല്ലാത്തതിനാല്‍ കര്‍ഷകര്‍ക്ക് നല്ല വിലയാമ് കിട്ടിയത്.
നാട്ടുകാരെ കൂടാതെ യാത്രക്കാരും ഉല്‍പ്പന്നങ്ങള്‍ വാങ്ങാനെത്തിയതോടെ കച്ചവടം തകൃതിയായി. പെരുംകുളം ബാപ്പുജി സ്മാരക വായനശാലാ കര്‍ഷക കൂട്ടായ്മയുടെ നേതൃത്വത്തിലാണ് പീടികപച്ച എന്ന പേരില്‍ നാടന്‍ചന്ത പ്രവര്‍ത്തനം ആരംഭിച്ചത്. കുളക്കട പഞ്ചായത്ത് പ്രസിഡന്റ് പി.ടി. ഇന്ദുകുമാര്‍ വിപണി ഉദ്ഘാടനം ചെയ്തു. കൃഷിവകുപ്പിന്റെ സഹകരണത്തോടെയാണ് എല്ലാ ഞായറാഴ്ചകളിലും ചന്ത പ്രവര്‍ത്തിക്കുക.
വായനശാല പ്രസിഡന്റ് രാജീവ് അധ്യക്ഷനായി. ജനപ്രതിനിധികളായ രഞ്ജിത്ത്, അഖില മോഹന്‍, പ്രിന്‍സിപ്പല്‍ കൃഷിഓഫീസര്‍ മോഹന്‍ശങ്കര്‍, രാജന്‍ബോധി, സന്ദീപ് എന്നിവര്‍ സംസാരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: