ആലപ്പുഴ: നിര്‍ദ്ധനര്‍ക്ക് വീട് നിര്‍മ്മിക്കുന്നതിനുള്ള കേന്ദ്രസര്‍ക്കാര്‍ പദ്ധതിയായ പിഎംഎവെ, സംസ്ഥാന സര്‍ക്കാര്‍ അട്ടിമറിക്കുന്നു. ആലപ്പുഴ നഗരത്തില്‍ മാത്രം ഇരുന്നുറോളം കുടുംബങ്ങള്‍ പ്രതിസന്ധിയില്‍. മഹാപ്രളയത്തില്‍ നാമമാത്രമായ സഹായം ലഭിച്ചവര്‍ക്ക് പോലും പിഎംഎവെ പദ്ധതി പ്രകാരം വീട് നിര്‍മ്മിക്കുന്നതിനുള്ള നാല് ലക്ഷം രൂപ നിഷേധിക്കുകയാണ്. കടുത്ത പ്രതിഷേധമാണ് സര്‍ക്കാരിന്റെ ഈ തീരുമാനത്തിനെതിരെ ഉയരുന്നത്.
മഹാപ്രളയത്തില്‍ വീടുകള്‍ നശിച്ചവര്‍ പലരും ചെറിയ ഷെഡുകളിലാണ് ഇപ്പോള്‍ കഴിയുന്നത്. പതിനായിരം രൂപ മുതല്‍ രണ്ടു ലക്ഷം രൂപ വരെയാണ് പലര്‍ക്കും ലഭിച്ചത്. ഈ തുക ഉപയോഗിച്ച് വാസയോഗ്യമായ വീട് നിര്‍മ്മിക്കാന്‍ സാധിക്കില്ല. കഴിഞ്ഞ രണ്ടു വര്‍ഷത്തിലേറെയായി ഷെഡുകളിലും മറ്റും കഴിയുന്നവരുടെ പ്രതീക്ഷയായിരുന്നു കേന്ദ്രസര്‍ക്കാരിന്റെ പിഎംഎവെ പദ്ധതി.
ഇതാണ് ഇപ്പോള്‍ സംസ്ഥാന സര്‍ക്കാര്‍ അട്ടിമറിക്കുന്നത്. പ്രളയ ദുരിതാശ്വാസ തുക കൈപ്പറ്റിയവര്‍ക്ക് പിഎംഎവൈ പദ്ധതി പ്രകാരമുള്ള നാലു ലക്ഷം രൂപ നല്‍കില്ലെന്നാണ് സംസ്ഥാന സര്‍ക്കാര്‍ ഉത്തരവ്. നേരത്തെ പിഎംഎവൈ പദ്ധതിയില്‍ ഉള്‍പ്പെട്ടതിനാല്‍ നിലവിലുണ്ടായിരുന്ന വീടുകള്‍ പൊളിച്ചു മാറ്റുകയും, പുതിയ വീട് നിര്‍മ്മാണത്തിന് പ്ലാനും മറ്റും നഗരസഭയില്‍ നല്കി അനുമതി നേടുകയും ചെയ്തവരാണ് ഇപ്പോള്‍ വെട്ടിലായിരിക്കുകയാണ്.
സര്‍ക്കാര്‍ പദ്ധതിയില്‍ ഉള്‍പ്പെട്ടതിനാല്‍ സന്നദ്ധ സംഘടനകളുടെ വീട് നിര്‍മ്മാണ വാഗ്ദാനവും ഇവര്‍ക്ക് സ്വീകരിക്കാനായില്ല. ആലപ്പുഴ നഗരസഭാധികൃതര്‍ സര്‍ക്കാരുമായി ബന്ധപ്പെട്ട് അടിയന്തര നടപടി സ്വീകരിക്കണമെന്നാണ് ആവശ്യം ഉയരുന്നത്. വരുന്ന മഴക്കാലത്തിന് മുന്‍പെങ്കിലും അടച്ചുറപ്പുള്ള വീട് യാഥാര്‍ത്ഥ്യമാകുമോയെന്ന ആശങ്കയിലാണ് ഇവര്‍.
പ്രതികരിക്കാൻ ഇവിടെ എഴുതുക: