വൈവിധ്യങ്ങള്‍ക്കിടയിലും ഒന്നാണെന്ന ബോധത്തോടെ ജീവിക്കുന്ന ജനതയെ വിഘടിപ്പിക്കാന്‍ മതത്തേയും മതചിന്തകളെയും സമര്‍ത്ഥമായി ഉപയോഗിച്ചവര്‍ ഭക്ഷണമേശയിലേക്കും ഭിന്നിപ്പിന്റെ മതിലുകള്‍ ഉയര്‍ത്തുവാനാണ് ഹലാല്‍ പ്രയോഗത്തിലുടെ ലക്ഷ്യമിടുന്നത്. ഭാഷ, വേഷം, ഭക്ഷണം, തുടങ്ങി മനുഷ്യന്റെ ജീവിതാവസ്ഥകളിലെ ഓരോന്നിലും, മതത്തിന്റെ നിറം കലര്‍ത്തി ജനതയെ വിഘടിപ്പിക്കാന്‍ അവര്‍ കരുക്കള്‍ നീക്കുന്നു. ഇന്ത്യയിലേക്കുള്ള ഇസ്ലാമിന്റെ വരവിന് നൂറ്റാണ്ടുകളുടെ പഴക്കമുണ്ട്. അറേബ്യയില്‍ ഉദയം ചെയ്ത് ഏറെക്കഴിയുന്നതിന് മുമ്പ് തന്നെ ഇസ്ലാം പ്രചാരകര്‍ ഇന്ത്യയിലെത്തിയെന്നാണ് വിശ്വാസം. ചരിത്രത്തില്‍ യുദ്ധവും പടയോട്ടങ്ങളും കൂട്ടക്കൊലകളും സമ്മാനിച്ച ഇസ്ലാമിക ആധിപത്യത്തിനിടയിലും ജനസമൂഹത്തെ ഭിന്നിപ്പിച്ചു നിര്‍ത്താനുള്ള പരിശ്രമങ്ങള്‍ ഏറെ വിജയിച്ചിരുന്നില്ല. എല്ലാറ്റിനേയും സ്വാംശീകരിക്കാനും ഉള്‍ക്കൊള്ളാനുമുള്ള ഭാരതത്തിന്റെ ചിരപുരാതന ശക്തിവിശേഷത്തില്‍ ആധിപത്യ പ്രവണതകള്‍ക്ക് പിടിച്ചുനില്‍ക്കാനായിരുന്നില്ല.
എന്നാല്‍ ആധുനിക ലോകസാഹചര്യത്തില്‍ ഇസ്ലാമികരാഷ്ട്രീയ പ്രത്യയശാസ്ത്രം മതത്തിന്റെ രാഷ്ട്രീയ മുഖംമൂടിയിലൂടെ ചുവടുറുപ്പിക്കാന് ശ്രമിക്കുന്നത് പുതിയ തന്ത്രങ്ങളിലൂടെയാണ്. വിശ്വാസിയെന്നും അവിശ്വാസിയെന്നും മുസ്ലിമെന്നും അമുസ്ലീമെന്നും ഒറ്റനോട്ടത്തില്‍ തിരിച്ചറിയാവുന്ന തരത്തില്‍ സമൂഹത്തെ മതിലുകള്‍ തീര്‍ത്ത് വിഭജിക്കുന്ന പുതിയ പ്രവണതകള്‍ അടിച്ചേല്‍പ്പിക്കപ്പെടുന്നു. പര്‍ദ്ദയുടെ വരവിന് ഏറെ വര്‍ഷത്തെ ചരിത്രമില്ല. പുതിയ വസ്ത്രബോധം അടിച്ചേല്‍പ്പിക്കുന്നതിലൂടെ തങ്ങള്‍ വ്യത്യസ്തരാണെന്ന് വരുത്തിത്തീര്‍ക്കാനുള്ള ശ്രമമായിരുന്നു അത്.
ദേശീയതയേയും ജനാധിപത്യത്തേയും മതേതരത്വത്തേയും തുറന്നെതിര്‍ത്തുകൊണ്ട് കടന്നു വന്ന ജമാത്തെ ഇസ്ലാമിയുടെ രംഗപ്രവേശം ഈ പ്രവണതയ്ക്ക് ആശയപരമായ കരുത്തും ആസൂത്രണബദ്ധമായ പ്രവര്‍ത്തനങ്ങളും സമ്മാനിച്ചു. രാജ്യത്തിന്റെ അതിര്‍ത്തികളല്ല മറിച്ച് മനുഷ്യന്റെ മതവിശ്വാസമാണ് അവന്റെ ദേശീയതയെ നിര്‍വ്വചിക്കുന്നതെന്ന കാഴ്ചപ്പാടാണ് ഇത്തരം നവമുസ്ലിം സംഘടനകള്‍ ഉയര്‍ത്തിയത്. ഹറാമും ഹലാലും വേര്‍തിരിച്ച് യഥാര്‍ത്ഥവിശ്വാസി എന്തൊക്കെയുമായി സഹകരിക്കാമെന്ന് അവര്‍ വിധികല്പിച്ചു. തിരുവോണം ആഘോഷിക്കുന്നതെന്തിനാണെന്ന് അവര്‍ തുറന്നു ചോദിച്ചു. കാളനാകാമെങ്കില്‍ കാളയുമാകാമെന്ന കൂട്ടിച്ചേര്‍ക്കലുകളും അതിനോടൊപ്പമുണ്ടായി.
ജമാത്തെ ഇസ്ലാമിയുടെ പിന്തിരിപ്പന് നയസമീപനത്തെക്കുറിച്ച് എംഎന്‍ കാരശ്ശേരി എഴുതുന്നത് ഇങ്ങനെ: ”ഇന്ത്യയില്‍ നിലനില്‍ക്കുന്നത് പൈശാചിക ഭരണവ്യവസ്ഥ (താഗൂതി ഗവണ്മെന്റ്) ആണെന്നും ഒരു നിലക്കും അതിനോട് സഹകരിക്കരുതെന്നും അവര്‍ ശഠിച്ചിരുന്നു. സര്‍ക്കാരിന്റെ ഉദ്യോഗങ്ങള്‍ സ്വീകരിക്കുന്നതിനെതിരെ അനുയായികള്‍ക്ക് വിലക്കുണ്ടായിരുന്നു. തെരഞ്ഞെടുപ്പ്, നിയമനിര്‍മാണം, ഭരണ നിര്‍വ്വഹണം. കോടതി മുതലായവയുമായി ഒരു നിലക്കും യഥാര്‍ത്ഥ വിശ്വാസി (മുഅമീന്‍) സഹകരിച്ചു കൂടായിരുന്നു. എന്തിന്, സര്‍ക്കാരിന്റെ വിദ്യാഭ്യാസവകുപ്പുകളും സര്‍വ്വകലാശാലകളും നടത്തുന്ന പരീക്ഷ എഴുതി പാസ്സാവുന്നത് പോലും ഈയടുത്തുകാലം വരെ ഹറാം ആയിരുന്നു” (ഇസ്ലാമിക രാഷ്ട്രീയം വിമര്‍ശിക്കപ്പെടുന്നു). പൊതുമണ്ഡലത്തിലെ എല്ലായിടങ്ങളിലും വ്യത്യസ്തതകളും വൈവിധ്യങ്ങളും വൈരുദ്ധ്യങ്ങളും സൃഷ്ടിച്ച് സമാനതകളെ വേരോടെ നശിപ്പിക്കുന്നതിലായിരുന്നു ഇസ്ലാമിക രാഷ്ട്രീയത്തിന്റെ പുതിയ തന്ത്രങ്ങളുമായി ഹലാലിനെ വിപണിയിലിറക്കുമ്പോള്‍ ഇവര്‍ ഉന്നം വെച്ചത്.
ഭിന്നിപ്പിന്റെ പുതിയ മേഖലകള്‍ പിന്‍വാതിലിലൂടെ സൃഷ്ടിക്കുകയായിരുന്നു. ഒരു തീന്മേശക്ക് ചുറ്റുമിരുന്ന് ഇഷ്ടത്തോടെ രസിച്ച് ഭക്ഷണം കഴിച്ച സൗഹൃദ വിരുന്നിന്റെ രസവും സ്വാദുമല്ല; കഴിക്കുന്നത് ഹലാലോ ഹറാമോ എന്ന വേവലാതികളിലേക്ക് അവര്‍ മനുഷ്യരെ വലിച്ചിഴയ്ക്കുകയാണ്. നാട്ടിന് പുറത്തെ ചായക്കടകളിലും കല്ല്യാണ വിരുന്നുകളിലും പരസ്പരം സൗഹൃദത്തോടെ രുചിയറിഞ്ഞവര്‍ക്ക് മതമുണ്ടായിരുന്നെങ്കിലും ഇതുവരെ മതരാഷ്ട്രീയത്തിന്റെ വിഷമേറ്റിരുന്നില്ല. മതം നോക്കാതെ മനമറിഞ്ഞ് ഉണ്ടിരുന്നവര്ക്കിടയിലേക്ക് ഹലാലിന്റെ വിഷക്കാറ്റൂതുകയാണിവര്.
ഹലാലിന്റെ പിന്നിലെ ദുരൂഹതയും ഗൂഢാലോചനയും പുറത്തുവരുമെന്നായതോടെ ‘ഹലാല്‍’ വിശുദ്ധിയുടെ സംസ്കാരമാണെന്ന് വാദവുമായി രംഗത്തുവന്നതും ഇക്കൂട്ടര്‍ തന്നെ. അത് ഭക്ഷണത്തെ മാത്രം ഉള്‍ക്കൊള്ളുന്നതല്ലെന്നും ജീവിത ബോധത്തിലെ തെറ്റും ശരിയും വേര്തിരിക്കുന്നതാണെന്ന പുതിയവാദം ഉയര്‍ത്തി തങ്ങളുടെ സങ്കുചിത മത വാദത്തിന് ന്യായീകരണ ക്യാപ്സൂളുകളുമായി രംഗത്തുവന്നിരിക്കുകയാണിപ്പോള്‍. എന്നാല്‍ ഈ വിതണ്ഡ വാദത്തെ സ്വയം റദ്ദുചെയ്യുകയാണ് ഹലാല്‍ വിപണിയെകുറിച്ചുള്ള ജമാത്തെ ഇസ്ലാമി വാരികയിലെ ലേഖനങ്ങള്‍. ‘ഇസ്ലാമിക മൂല്യങ്ങളില്‍ പ്രചോദിതമായോ ഇസ്ലാമിക നിയമങ്ങള്‍ അനുശാസിക്കും വിധമോ ഉള്ള ഉല്‍പ്പന്നങ്ങളുടെയും സേവനങ്ങളുടെയും വ്യവഹാരവും ഉപഭോഗവും വാണിജ്യവുമാണ് ഹലാല്‍ വിപണി. ഇസ്ലാമിക മൂല്യങ്ങളുടെയും നിയമശാസനകളുടെയും സ്വീകരണവും അനുധാവനവും വ്യക്തികള്‍ക്കും സമൂഹങ്ങള്‍ക്കുമിടയില്‍ തീര്‍ച്ചയായും വ്യത്യസ്ത വിധാനത്തിലാണ്. എന്നിരുന്നാല്‍തന്നെയും അനേകം പേര് ഇസ്ലാമിനെ തങ്ങളുടെ ജീവിതത്തില്‍ അത്രകണ്ട് പ്രാധാന്യത്തോടെ കാണുന്നതിനാല്‍ തങ്ങളുടെ ക്രയവിക്രയ വ്യവഹാരങ്ങളും സാധന-സേവന-ഉപഭോഗശീലവും ജീവിതരീതിയും ഇസ്ലാമിക മൂല്യങ്ങളില്‍ അധിഷ്ഠിതമാകണമെന്ന് അവര്‍ ആഗ്രഹിക്കുന്നു. തദടിസ്ഥാനത്തിലുള്ള ജനങ്ങളുടെ ഉപഭോഗവും ഉല്‍പ്പന്നങ്ങളും സേവനങ്ങളും അവയുടെ വ്യവഹാരവും വാണിജ്യവും എല്ലാം കൂടിച്ചേര്‍ന്നതാണ് ഹലാല്‍ മാര്‍ക്കറ്റ്.’ എന്ന് പ്രബോധനം വാരിക തുറന്നു വ്യക്തമാക്കുന്നുണ്ട്. മതം തങ്ങളുടെ ജീവിതത്തില്‍ വളരെ പ്രധാനമാണെന്ന് വിശ്വസിക്കുന്നവരാണ് മുസ്ലീങ്ങളെന്ന് സര്‍വ്വേയില്‍ കണ്ടെത്തിയതായും ലോകജനസംഖ്യയില്‍ 54% പേര് ഇവ്വിധം വിശ്വസിക്കുന്നതായും ലേഖനം അവകാശപ്പെടുന്നു. ചുരുക്കത്തില്‍ ഹലാലിന്റെ അടിസ്ഥാനം ഇസ്ലാമിക ശാസനകളും മതരീതികളും ഇസ്ലാമിക മതവിശ്വാസവുമാണെന്ന് വ്യക്തം. ഇത് മറ്റ് മതവിശ്വാസികളിലേക്ക് അടിച്ചേല്‍പ്പിക്കണമെന്ന് വാശിപിടിക്കുന്നതെന്തിനാണ്? മതേതരരാജ്യത്ത്, ഭരണ ഘടനാബദ്ധമായുള്ള നിയമസംഹിതയുള്ള രാജ്യത്ത് ഇസ്ലാമിക മതശാസനകള്‍ നടപ്പാക്കണമെന്ന് പറയുന്ന ഇസ്ലാം രാഷ്ട്രീയത്തെ എതിര്‍ക്കുന്നത് എങ്ങനെയാണ് കുറ്റമായിത്തീരുന്നത്. ഹിന്ദു ഐക്യവേദി സംസ്ഥാന ജനറല്‍ സെക്രട്ടറി ആര്.വി. ബാബുവിനെ അറസ്റ്റു ചെയ്തത് ഏത് നിയമത്തിന്റെ അടിസ്ഥാനത്തിലാണെന്ന് ആഭ്യന്തര വകുപ്പ് വ്യക്തമാക്കേണ്ടതാണ്. ബിസ്മി ചൊല്ലി അറുക്കുന്ന ഇറച്ചിയില്‍ തുടങ്ങി പണമിടപാടുകള്‍ വരെ ഹലാല്‍ നീളുമ്പോള്‍ അത് മുസ്ലിം മതനിയമങ്ങളുടെ ഒളിച്ചുകടത്തലാണെന്ന് പറയുന്നത് കേരളത്തില്‍ കുറ്റകരമാണോ. ‘ജീവിതത്തില്‍ മനുഷ്യന് സ്വീകരിക്കുന്നതെന്തും ദൈവഹിതത്തിന് ചേര്‍ന്നതും അവന് ന്യായയുക്തമായി അവകാശപ്പെട്ടതുമായിരിക്കണം’ എന്ന് പറയുമ്പോള്‍ ഏതാണ് ആ ദൈവം എന്നുകൂടി അടിച്ചേല്‍പ്പിക്കുന്നുണ്ട്.
മറ്റൊരു ദൈവത്തിന് മുന്നില്‍ നമസ്ക്കരിക്കുന്നവരെ കാഫിറുകള്‍ എന്നോ അവിശ്വാസികളെന്നോ വിളിച്ച് അകറ്റിനിര്‍ത്തുന്നവരാണ് ഹലാല്‍ വേണ്ടെന്ന് പറയാനുള്ള അവകാശമില്ലെന്ന് വാദിക്കുന്നത്. ‘ഹലാല്‍ ദൈവീകമായ ശാസനയാണെന്ന്’ പറയുമ്പോള്‍ ദൈവവിശ്വാസമില്ലാത്തവര്‍ക്ക് അത് തിരസ്ക്കരിക്കാനുള്ള അവകാശമില്ലെന്നാണോ കമ്മ്യൂണിസ്റ്റ്കാരനും സര്‍വ്വോപരി ഭൗതികവാദിയുമായ പിണറായിവിജയന് പറയുന്നത്. ‘സത്യ ദൈവത്തിനല്ലാതെ ബലിയര്‍പ്പിക്കപ്പെട്ടതും കാണിക്കയായതും നിഷിദ്ധമാണെന്ന്’ ഹലാലിന്റെ പേരില്‍ ആണയിടുമ്പോള്‍ ആ സത്യ ദൈവം ഏതാണെന്ന് കൂടി വിശദീകരിക്കേണ്ടതല്ലെ. മുത്തപ്പനും ഭഗവതിയും യേശുക്രിസ്തുവും ആ സത്യ ദൈവത്തില്‍ പെടില്ലെങ്കില്‍ അത്തരം ഒരു ഹലാല്‍ വേണ്ടെന്നു പറയാന്‍ മതരാജ്യമല്ലാത്ത ഭാരതത്തില്‍ അവകാശമില്ലേ. എന്നാല്‍ മതവിശ്വാസങ്ങളുടെ പേരില്‍ വര്‍ഗ്ഗീയതയും ഭീകരവാദവും മതരാഷ്ട്രവാദവും ഒളിച്ചുകടത്തുന്ന ഇസ്ലാമിക സംഘടനകളുടെ കൂട്ടായ ശ്രമത്തെ കണ്ടില്ലെന്ന് നടിക്കുകയാണ് ഇടത് സര്‍ക്കാര്‍. ജമാഅത്തെ ഇസ്ലാമിയെ പരസ്യമായി എതിര്‍ക്കുകയും രഹസ്യമായി അവരുടെ അജണ്ടകള്‍ക്ക് കൂട്ടുനില്ക്കുകയുമാണ് ഇടതു സര്‍ക്കാര്‍. മുന്‍ ജമാഅത്തെ ഇസ്ലാമിക്കാരും സിമിക്കാരും മറ്റും സിപിഎമ്മില്‍ കുടിയേറിയതോടെ ഇത് എളുപ്പം നടപ്പാവുകയും ചെയ്യുന്നു.
ആഗോളവിപണിയിലെ ഹലാല്‍ മാര്‍ക്കറ്റിന്റെ പങ്കും അതിന്റെ ലാഭമോഹങ്ങളും നിരത്തിയാല്‍ അതില്‍ ആകര്‍ഷിക്കപ്പെട്ട് ഇവിടെയെല്ലാവരും ഹലാല്‍ വിപണിയില്‍ ക്യൂനില്ക്കുന്നുവെന്ന് കരുതുന്നവര്‍ക്ക് തെറ്റുപറ്റുകതന്നെ ചെയ്യും. വിപണിയും അത് നല്കുന്ന ആര്‍ത്തിയുമല്ല ഈ നാടിന്റെ കൈമുതലെന്ന് തിരിച്ചറിഞ്ഞാല്‍ നല്ലത്. ശുദ്ധവും സ്വാതികവുമായ ഭക്ഷണമേതെന്ന് ഒരു സര്‍ട്ടിഫിക്കറ്റിന്റെ പിന്തുണയില്ലാതെ തിരിച്ചറിയാനുള്ള കഴിവും ഈ നാടിനുണ്ട്. സാമൂഹിക നന്മയുടെ പാഠങ്ങള്‍ ഹലാല്‍ വാക്യങ്ങളില്‍ തിരിച്ചറിയേണ്ട ഗതികേടും ഋഷിമാരുടെ ഈ നാടിനില്ല എന്നും മനസ്സിലാക്കേണ്ടതുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: