തിരുവനന്തപുരം: ഉത്തരേന്ത്യയിലെ സ്ത്രീപീഡനത്തിന്റെ പേര് പറഞ്ഞും മുസ്ലീങ്ങള്‍ക്കിടയിലെ ബിജെപി വിരുദ്ധവികാരം ഇളക്കിവിട്ടും കേരളത്തില്‍ തകര്‍പ്പന്‍ ഫണ്ട് പിരിവ് നടത്തുന്ന മുസ്ലീം യൂത്ത് ലീഗിന്റെ തട്ടിപ്പ് പുറത്ത്.
കത്വ, ഉന്നാവോ പീഡനങ്ങള്‍ക്ക് ഇരയായ പെണ്‍കുട്ടികളുടെ കുടുംബത്തെ സഹായിക്കാന്‍ സമാഹരിച്ച് ഒരു കോടിയോളം രൂപ ഇരകള്‍ക്ക് കൈമാറാതെ സ്വകാര്യാവശ്യങ്ങള്‍ക്ക് ചെലവഴിച്ചെന്നാണ് യൂത്ത് ലീഗ് ദേശീയ നേതാവ് യൂസഫ് പടനിലം ആരോപിച്ചിരിക്കുന്നത്. യൂത്ത് ലീഗ് നേതാവ് പി.കെ. ഫിറോസ്, ദേശീയ ജനറല്‍ സെക്രട്ടറി സി.കെ. സുബൈര്‍ എന്നിവരാണ് പ്രതിസ്ഥാനത്ത്.
ഇതിന് വ്യക്തമായ മറുപടി നല്കാന് കേരളത്തിലെ യൂത്ത് ലീഗ് നേതാക്കള്‍ക്ക് ഇതുവരെ കഴിഞ്ഞിട്ടില്ല. കേസ് നടത്തിപ്പിന് വക്കീലിന് പത്ത് ലക്ഷം നല്‍കിയെന്നായിരുന്നു കഴിഞ്ഞ ദിവസത്തെ യൂത്ത് ലീഗ് വിശദീകരണം. എന്നാല്‍ ഈ കേസ് വാദിച്ച അഭിഭാഷക ദീപിക സിങ് പറയുന്നത് താന്‍ സൗജന്യമായാണ് നിയമസഹായം നല്‍കിയതെന്നാണ്. കേസിന്റെ കാര്യത്തിന് മുബീന് ഫറൂഖിക്ക് 9.35 ലക്ഷം രൂപ നല്‍കിയെന്നാണ് യൂത്ത് ലീഗ് ഭാരവാഹികള്‍ പറയുന്നത്. പക്ഷെ മുബീന് ഫറൂഖിക്ക് ഈ കേസുമായി ബന്ധമില്ലെന്നും അദ്ദേഹത്തെ അറിയില്ലെന്നും താനാണ് കേസ് വാദിച്ചതെന്നുമാണ് ദീപിക സിങിന്റെ വിശദീകരണം. ഈ വെളിപ്പെടുത്തലോടെ യൂത്ത് ലീഗ് നേതാക്കള്‍ കൂടുതല്‍ സമ്മര്‍ദ്ദത്തിലായി.
കേസിന് ഇരയായ പെണ്‍കുട്ടിയുടെ പിതാവിന് അഞ്ച് ലക്ഷം രൂപ നല്‍കിയതായി യൂത്ത് ലീഗ് അവകാശപ്പെടുന്നു. ബാക്കി 95 ലക്ഷം രൂപ എവിടെപ്പോയെന്നാണ് യൂത്ത് ലീഗിന്റെ തന്നെ ദേശീയ സമിതി അംഗമായ യൂസഫ് പടനിലം ചോദിക്കുന്നത്. ഇതിനിടെ കേസുമായി ബന്ധപ്പെട്ട് മുസ്ലിം ലീഗ് സംസ്ഥാന അധ്യക്ഷന്‍ ഹൈദരലി തങ്ങളുടെ മകനും യൂത്ത് ലീഗ് ദേശീയ സമിതി ഉപാധ്യക്ഷനുമായ മുഈനലി തങ്ങള്‍ രംഗത്ത് വന്നിരിക്കുകയാണ്. പീഡനത്തിന് ഇരയായ പെണ്‍കുട്ടികളുടെ കുടംബത്തെ സഹായിക്കാന്‍ പിരിച്ച പണത്തിന്റെ കണക്ക് രണ്ട് വര്‍ഷമായിട്ടും നേതാക്കള്‍ അവതരിപ്പിച്ചിട്ടില്ലെന്നാണ് അദ്ദേഹത്തിന്റെ വിശദീകരണം. ഇതുമായി ബന്ധപ്പെട്ട് കുഞ്ഞാലിക്കുട്ടിക്ക് പരാതി നല്‍കിയിരിക്കുകയാണ് മുഈനലി. ഇപ്പോള്‍ യൂസഫ് പടനിലം കേസന്വേഷിക്കാന്‍ ആവശ്യപ്പെട്ട് വിജിലന്‍സിനെ സമീപിക്കാനുള്ള നീക്കത്തിലാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: