ചെന്നൈ: കരിയറിലെ നൂറാം ടെസ്റ്റില്‍ ഇരട്ട ശതകം നേടി അപൂര്‍വ റെക്കോഡ് കരസ്ഥമാക്കി ഇംഗ്ലണ്ട് നായകന് ജോ റൂട്ട്. 100-ാം ടെസ്റ്റില്‍ ഇരട്ട സെഞ്ചുറി നേടുന്ന ആദ്യ താരമെന്ന നേട്ടമാണ് റൂട്ട് സ്വന്തമാക്കിയത്.
അശ്വിനെ സിക്സര്‍ പറത്തിയാണ് റൂട്ട് ഇരട്ട സെഞ്ചുറി തികച്ചത്. താരത്തിന്റെ അഞ്ചാം ഇരട്ട സെഞ്ച്വറിയാണിത്. 2005-ല്‍ ഇന്ത്യക്കെതിരെ പാക്കിസ്ഥാന് താരം ഇന്‍സമാം ഉല് ഹഖ് ബെംഗളൂരുവില്‍ നേടിയ 184 റണ്‍സായിരുന്നു ഇതിന് മുന്‍പ് നൂറാം ടെസ്റ്റില്‍ ഒരു താരത്തിന്റെ ഏറ്റവും ഉയര്‍ന്ന സ്കോര്‍.
ഇതോടെ തുടര്‍ച്ചയായ മൂന്ന് ടെസ്റ്റുകളില്‍ 150 റണ്‍സിന് മുകളില്‍ സ്കോര്‍ ചെയ്യുന്ന രണ്ടാമത്തെ നായകനെന്ന നേട്ടവും റൂട്ടിനെ തേടിയെത്തി. ഓസ്ട്രേലിയന്‍ ഇതിഹാസം ഡോണ്‍ ബ്രാഡ്മാനാണ് ഈ നേട്ടം സ്വന്തമാക്കിയ ആദ്യ താരം.
ശ്രീലങ്കക്കെതിരായ കഴിഞ്ഞ രണ്ട് ടെസ്റ്റിലും 228, 186 എന്നിങ്ങനെയായിരുന്നു റൂട്ടിന്റെ സ്കോര്‍. തുടര്‍ച്ചയായി മൂന്ന് ടെസ്റ്റില്‍ 150ന് മുകളില്‍ സ്കോര്‍ ചെയ്യുന്ന ഏഴാമത്തെ മാത്രം ബാറ്റ്സ്മാനാണ് റൂട്ട്. ടോം ലാഥം, കുമാര്‍ സംഗക്കാര നാല് (ടെസ്റ്റില്‍), മുദസര്‍ നാസര്‍, സഹീര്‍ അബ്ബാസ്, ഡോണ്‍ ബ്രാഡ്മാന്, വാലി ഹാമണ്ട് എന്നിവരാണ് റൂട്ടിന് മുമ്പ് ഈ നേട്ടം സ്വന്തമാക്കിയവര്‍. വാലി ഹാമണ്ടിനുശേഷം വിദേശത്ത് തുടര്‍ച്ചയായി മൂന്ന് ടെസ്റ്റില്‍ 150ല്‍ കൂടുതല്‍ സ്കോര്‍ ചെയ്യുന്ന രണ്ടാമത്തെ മാത്രം ബാറ്റ്സ്മാനുമാണ് റൂട്ട്.
128 റണ്‍സുമായി രണ്ടാം ദിനം ബാറ്റിങ് പുനരാരംഭിച്ച റൂട്ട് 377 പന്തില്‍ 218 റണ്‍സെടുത്താണ് പുറത്തായത്. 19 ബൗണ്ടറിയും രണ്ട് സിക്സും അടങ്ങിയതായിരുന്നു ഇംഗ്ലണ്ട് നായകന്റെ ഇന്നിങ്സ്. ഒടുവില്‍ ഷബാസ് നദീമിന്റെ പന്തില്‍ വിക്കറ്റിന് മുന്നില്‍ കുടുങ്ങിയാണ് റൂട്ട് പുറത്തായത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: