ചെന്നൈ: ഇംഗ്ലീഷ് നായകന് ജോ റൂട്ടിന് സ്വപ്ന സാക്ഷാത്ക്കാരം. നൂറാം ടെസ്റ്റില്‍ സെഞ്ചുറിയെന്ന റൂട്ടിന്റെ സ്വപ്നം യാഥാര്‍ഥ്യമായി. ഇന്ത്യക്കെതിരായ ആദ്യ ടെസ്റ്റിലാണ് ഈ അവിസ്മരണീയ പ്രകടനം. റൂട്ടിന്റെ ബാറ്റിലേറി ഇംഗ്ലണ്ട് മികച്ച സ്കോറിലേക്ക് കുതിക്കുകയാണ്. ആദ്യം ദിനം കളിനിര്‍ത്തുമ്പോള്‍ സന്ദര്‍ശകര്‍ മൂന്ന് വിക്കറ്റിന് 263 റണ്‍സെന്ന നിലയിലാണ്. 128 റണ്‍സുമായി റൂട്ട് അജയ്യനായി നില്ക്കുന്നു.
ഓഫ് സ്പിന്നര്‍ വാഷിങ്ടണ്‍ സുന്ദറിന്റെ പന്തില്‍ സിംഗിള്‍ എടുത്താണ് റൂട്ട് നൂറ് റണ്‍സ് തികച്ചത്. റൂട്ടിന്റെ തുടര്‍ച്ചയായ മൂന്നാം സെഞ്ചുറിയാണിത്. ശ്രീലങ്കയ്ക്കെതിരായ രണ്ട് ടെസ്റ്റിലും സെഞ്ചുറി (228,186) നേടിയിരുന്നു. നൂറാം ടെസ്റ്റില്‍ സെഞ്ചുറി നേടുന്ന ഇംഗ്ലീഷ് ഇതിഹാസങ്ങളായ കോളിന് കൗഡ്രി, അലക്സ് സ്റ്റുവര്‍ട്ട് എന്നിവര്‍ക്കൊപ്പം എത്തി. എന്നാല്‍ 98, 99, 100 ടെസ്റ്റുകളില്‍ സെഞ്ചുറി നേടുന്ന ആദ്യ താരമാണ് ജോ റൂട്ട്.
നൂറ്റി അറുപത്തിനാല് പന്തിലാണ് റൂട്ട് നൂറ് തികച്ചത്. 197 പന്ത് നേരിട്ട റൂട്ട് പതിനാല് ഫോറും ഒരു സിക്സറും അടക്കം 128 റണ്‍സുമായി പുറത്താകാതെ നില്‍ക്കുകയാണ്. ഓപ്പണര്‍ ഡോം സിബ്ലി നായകന് നല്ല പിന്തുണ നല്കി. മൂന്നാം വിക്കറ്റില്‍ ഇവര്‍ ഇരുനൂറ് റണ്‍സിന്റെ കൂട്ടുകെട്ടുണ്ടാക്കി. സിബ്ലി 286 പന്തില്‍ 12 ബൗണ്ടറിയുടെ പിന്‍ബലത്തില്‍ 87 റണ്‍സ് എടുത്തു. ഒടുവില്‍ ജസ്പ്രീത് ബുംറയുടെ പന്തില്‍ വിക്കറ്റിന് മുന്നില്‍ കുടുങ്ങി.
ഇതര ഓപ്പണര്‍ റോറി ബേണ്സുമായി ചേര്‍ന്ന് സിബ്ലി ഇംഗ്ലണ്ടിന് ഭേദപ്പെട്ട തുടക്കം സമ്മാണനിച്ചു. ആദ്യ വിക്കറ്റില്‍ അറുപത്തിമൂന്ന് റണ്‍സ് നേടി. ഇതില്‍ റോറി ബേണ്‍സിന്റെ സംഭാവന മുപ്പത്തിമൂന്ന് റണ്‍സ്. അറുപത് പന്തില്‍ രണ്ടെണ്ണം അതിര്‍ത്തികടത്തിയ ബേണ്‍സിനെ സ്പിന്നര്‍ അശ്വിന് വീഴ്ത്തി. വിക്കറ്റിന് പിന്നില്‍ പന്ത് ക്യാച്ചെടുത്തു. തുടര്‍ന്നെത്തിയ ഡാന്‍ ലോറന്‍സിനെ ബുംറ സംപുജ്യനായി മടക്കിയതോടെ ഇംഗ്ലണ്ട് സമ്മര്‍ദ്ദത്തിലായി. എന്നാല്‍ തുടര്‍ന്നിറങ്ങിയ റൂട്ട് പൊരുതിനിന്നതോടെ ഇംഗ്ലണ്ട് മികച്ച സ്കോറിലേക്ക് നീങ്ങി.
ഇന്ത്യന്‍ പേസര്‍ ജസ്പ്രീത് ബുംറ 18.3 ഓവറില്‍ നാല്‍പ്പത് റണ്‍സിന് രണ്ട് വിക്കറ്റ് വീഴ്ത്തി. അശ്വിന് ഒരുവിക്കറ്റ് ലഭിച്ചു. 24 ഓവറില്‍ അറുപത്തിയെട്ട് റണ്‍സ് വിട്ടുകൊടുത്തു. ടോസ് നേടിയ ഇംഗ്ലണ്ട് നായകന് ജോ റൂട്ട് ബാറ്റിങ് തെരഞ്ഞെടുക്കുകയായിരുന്നു.
സ്കോര്‍ബോര്‍ഡ്
ഇംഗ്ലണ്ട്: ഒന്നാം ഇന്നിങ്സ്: റോറി ബേണ്‍സ് സി പന്ത് ബി അശ്വിന് 33, ഡോം സിബ്ലി എല്‍ബി.ഡബ്ല്യു ബി ബുംറ 87, ഡാന്‍ ലോറണ്സ് എല്‍ബിഡബ്ലു ബി ബുംറ 0, ജോ റൂട്ട് നോട്ടൗട്ട് 128, എക്സ്ട്രാസ് 15, ആകെ മുന്ന് വിക്കറ്റിന് 263.
വിക്കറ്റ് വീഴ്ച: 1-63, 2-63, 3-263
ബൗളിങ്: ഇഷാന്ത് ശര്‍മ 15-3-27-0, ജസ്പ്രീത് ബുംറ 18.3 -2- 40-2, രവിചന്ദ്രന്‍ അശ്വിന് 24-2-68-1, ഷഹ്ബാസ് നദീം 20-3-69-0, വാഷിങ്ടണ്‍ സുന്ദര്‍ 12-0-55-0.
പ്രതികരിക്കാൻ ഇവിടെ എഴുതുക: