ആലപ്പുഴ: ഭരണം അവസാനിക്കാന്‍ മാസങ്ങള്‍ മാത്രം ബാക്കി നില്‍ക്കെ താത്ക്കാലികക്കാരെയും പിന്‍വാതിലിലൂടെ നിയമിച്ചവരേയും കൂട്ടത്തോടെ സ്ഥിരപ്പെടുത്താനുള്ള നീക്കവുമായി പൊതുമേഖലാ സ്ഥാപനമായ കയര്‍ കോര്പ്പറേഷന്. പിന്‍വാതിലിലൂടെ നാളുകള്‍ക്ക് മുമ്പ് നിയമനം നേടിയ നൂറുകണക്കിന് സിപിഎം പ്രവര്‍ത്തകരെ കോര്‍പ്പറേഷന്റെ വിവിധ സ്ഥാപനങ്ങളില്‍ സ്ഥിരപ്പെടുത്താനാണ് തീരുമാനം.
ഫാക്ടറി മാനേജര്‍ തസ്തിക പിഎസ്സിയ്ക്ക് വിട്ടതാണെങ്കിലും അടൂരിലേയ്ക്ക് ഈ പോസ്റ്റിലേയ്ക്ക് ഒരാളെ നിയമിച്ചത് പിഎസ് സിയെ മറികടന്നായിരുന്നു. ഒരൊഴിവുണ്ടെന്ന് കാട്ടി പത്രപരസ്യം നല്കിയ ശേഷം മൂന്ന് പേരേയാണ് അന്ന് നിയമിച്ചത്. ഇതേ പോസ്റ്റിലേയ്ക്ക് വീണ്ടും മൂന്നുപേരെ കൂടി സ്ഥിരപ്പെടുത്താനാണ് നീക്കം. കൂടാതെ 18 മാനേജ്മെന്റ് ട്രെയ്നികളെ സ്ഥിരപ്പെടുത്താനും തീരുമാനമായിട്ടുണ്ട്. ചെയര്‍മാന്റെ ഡ്രൈവറുടെ ബന്ധുവിനെ ഫോര്ക്ക്ലിഫ്റ്റര് ഓപ്പറേറ്ററായി അടൂരില്‍ നിയമിച്ചെങ്കിലും ആലപ്പുഴയിലാണ് ഇദ്ദേഹത്തിന് ജോലി.
ബഡ് നിര്‍മ്മിക്കുന്ന കമ്പനിയിലേയ്ക്ക് എന്ന പേരില്‍ നൂറുപേരേ നിയമിക്കുന്നുണ്ട്. 10 വര്‍ഷം താത്ക്കാലിക സംവിധാനത്തില്‍ ജോലി ചെയ്തവരെ സ്ഥിരപ്പെടുത്തുന്നുവെന്ന് പറയുമ്പോള്‍ തന്നെ കഴിഞ്ഞ മൂന്ന് ആഴ്ചയ്ക്ക് മുമ്പ് വരെ നിയമനം നേടിയവരെയും ഇപ്പോള്‍ സ്ഥിരപ്പെടുത്തുന്നതായാണ് ആക്ഷേപം. ഭരണം മാറുന്നതിന് മുമ്പ് ചെയര്‍മാന്റെ ഡ്രൈവറേയും കോര്‍പ്പറേഷനില്‍ അടുത്ത ദിവസം തന്നെ സ്ഥിരപ്പെടുത്താനാണ് ശ്രമം. പിന്‍വാതില്‍ നിയമനങ്ങള്‍ സ്ഥിരപ്പെടുത്തുന്നതിനായി ഈ മാസം ആറിന് ഡയറക്ടര്‍ ബോര്‍ഡ് യോഗം ചേരുന്നുണ്ട്.
പി എസ് സി നിയമനം കാത്ത് പതിനായിരങ്ങള്‍ അലയുമ്പോഴാണ് ഇവരെ നോക്കുകുത്തിയാക്കി കോര്പ്പറേഷന് മുന്നോട്ട് പോകുന്നത്. കടുത്ത സാമ്പത്തിക പ്രതിസന്ധിയില്‍ നില്ക്കുന്ന സ്ഥാപനത്തിന്റെ നിലനില്‍പ്പിനെത്തന്നെ ബാധിക്കുന്ന തരത്തിലാണ് തസ്തികയില്ലാത്ത സ്ഥാനങ്ങളില്‍ നിയമനം നടത്തുന്നതെന്ന് ആക്ഷേപം ഉയര്‍ന്നിട്ടുണ്ട്. ഫാക്ടറി മാനേജര്‍ പോസ്റ്റിലേയ്ക്ക് ഒരാളെ ആവശ്യമുള്ളപ്പോള്‍ മൂന്ന് പേരെ എടുക്കുകയും പിന്നീട് സ്ഥിരപ്പെടുത്തുകയും ചെയ്തത് ഈ സര്‍ക്കാരിന്റെ കാലത്താണ്. കഴിഞ്ഞ ഡിസംബറില്‍ കോര്‍പ്പറേഷന്റെ ആലപ്പുഴ, കണിച്ചുകുളങ്ങര, അടൂര്‍ എന്നിവിടങ്ങളിലായി 69 താത്ക്കാലികക്കാരെയാണ് സ്ഥിരപ്പെടുത്തിയത്. ഇടത് സര്‍ക്കാര്‍ ഭരണത്തിലെത്തിയ ശേഷം നിരവധി പാര്‍ട്ടി പ്രവര്‍ത്തകരെയാണ് കണിച്ചുകുളങ്ങര, അടൂര്‍, ആലപ്പുഴ എന്നിവിടങ്ങളില്‍ താത്ക്കാലികമായി നിയമിച്ച് പിന്നീട് സ്ഥിരപ്പെടുത്തിയത്. ഇതിനിടെ പൊതുമേഖല സ്ഥാപനത്തിലെ എം ഡിയ്ക്ക് വന്‍തുക ശമ്പളം നല്കുമ്പോള് ജീവനക്കാരുടെ സേവനവേതന വ്യവസ്ഥകള്‍ ഇപ്പോഴും കൂട്ടിയിട്ടില്ലെന്ന് ആക്ഷേപവും ഉയര്‍ന്നിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: