ലണ്ടന്‍: സ്വന്തം തട്ടകമായ ആന്‍ഫീല്‍ഡില്‍ ലിവര്‍പൂളിന് തോല്‍വി. പ്രീമിയര്‍ ലീഗില്‍ ഏറെ പിന്നില്‍ നില്ക്കുന്ന ബ്രൈറ്റണാണ് ഏകപക്ഷീയമായ ഒരു ഗോളിന് നിലവിലെ ചാമ്പ്യന്മാരായ ലിവര്‍പൂളിനെ അട്ടിമറിച്ചത്. അമ്പത്തിയാറാം മിനിറ്റില്‍ അല്സാറ്റെയാണ് വിജയഗോള്‍ നേടിയത്.
ഈ തോല്‍വി കിരീടം നിലനിര്‍ത്താനുള്ള ലിവര്‍പൂളിന്റെ പ്രതീക്ഷകള്‍ക്ക് തിരിച്ചടിയായി. മാഞ്ചസ്റ്റര്‍ സിറ്റിയാണ് അടുത്തതായി ആന്‍ഫീല്‍ഡില്‍ എത്തുന്നത്. അന്നത്തെ പോരാട്ടത്തില്‍ പെപ്പ് ഗ്വാര്‍ഡിയോളയുടെ സിറ്റിയോട് തോറ്റാല്‍ നിലവിലെ ചാമ്പ്യന്മാരായ ലിവര്‍പൂളിന്റെ കിരീട പ്രതീക്ഷകള്‍ അസ്തമിക്കും.
ഇരുപത്തിരണ്ട് മത്സരങ്ങളില്‍ 40 പോയിന്റുള്ള ലിവര്‍പൂള്‍ നാലാം സ്ഥാനത്താണ്. അതേസമയം മാഞ്ചസ്റ്റര്‍ സിറ്റി 21 മത്സരങ്ങളില്‍ 47 പോയിന്റുമായി ഒന്നാം സ്ഥാനത്ത്് തുടരുകയാണ്. മാഞ്ചസ്റ്റര്‍ യുണൈറ്റഡ് 22 മത്സരങ്ങളില്‍ 44 പോയിന്റുമായി രണ്ടാം സ്ഥാനത്തും. മാഞ്ചസ്റ്റര്‍ സിറ്റി മടക്കമില്ലാത്ത രണ്ട് ഗോളുകള്‍ക്ക് ബേണ്‍ലിയെ തോല്‍പ്പിച്ചു. ഗബ്രീല് ജീസസ്, സ്റ്റെര്‍ലിങ് എ്ന്നിവരാണ് സിറ്റിക്കായി ഗോളുകള്‍ നേടിയത്.
ലെസ്റ്റര്‍ സിറ്റി ഏകപക്ഷീയമായ രണ്ട് ഗോളുകള്‍ക്ക് ഫുല്‍ഹാമിനെ പരാജയപ്പെടുത്തി. ഈ വിജയത്തോടെ 22 മത്സരങ്ങളില്‍ 42 പോയിന്റുമായി അവര്‍ മൂന്നാം സ്ഥാനത്തെത്തി. മറ്റൊരു മത്സരത്തില്‍ എവര്ട്ടണ് ഒന്നിനെതിരെ രണ്ട് ഗോളുകള്‍ക്ക് ലീഡ്സ് യുണൈറ്റഡിനെ കീഴടക്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: