അദ്ധ്യാസ അപനയം തുടരുന്നു…
ശ്ലോകം 283
തത്ത്വമസ്യാദിവാക്യോത്ഥ
ബ്രഹ്മാത്മൈകത്വ ബോധതഃ
ബ്രഹ്മണ്യാത്മത്വദാര്ഢ്യായ
സ്വാധ്യായസാപനയം കുരു
തത്ത്വമസി മുതലായ വാക്യങ്ങള്‍ വിചാരം ചെയ്ത് ബ്രഹ്മവും ആത്മാവും ഒന്ന് തന്നെയെന്ന് ബോധിക്കണം. ബ്രഹ്മാത്മത്വത്തിന്റെ ഉറപ്പിനായി സ്വന്തം അദ്ധ്യാസത്തെ നീക്കം ചെയ്യണം.
ജീവാത്മാവും പരമാത്മാവും ഒന്നു തന്നെയെന്ന് ഉപനിഷത്തുകള്‍ തത്ത്വമസി തുടങ്ങിയ മഹാവാക്യങ്ങളിലൂടെ പ്രഖ്യാപിക്കുന്നു. വൃഷ്ടിയായിട്ടുള്ള എന്റെ ജീവിതത്തിന് ആധാരമായത് തന്നെയാണ് സമഷ്ടിയായ എല്ലാ ലോകത്തിനും ആധാരം. ജീവാത്മാ പരമാത്മാ ഐക്യത്തിന്റെ അനുഭൂതിയുടെ കെട്ടുറപ്പിനായി സ്വന്തം അദ്ധ്യാസത്തെ ദൂരെ വെടിയണം. മനസ്സിലെ മിഥ്യാകല്പ്പനകള് നീങ്ങിയാലേ ബ്രഹ്മാനുഭൂതി ഉറച്ചിരിക്കാനാവൂ.
തത്ത്വമസി അത് നീ ആകുന്നു എന്നിങ്ങനെ ജീവാത്മാ പരമാത്മാ ഐക്യത്തെപ്പറ്റി മഹാവാക്യങ്ങള്‍ നമ്മെ ബോധിപ്പിക്കുന്നു. ബ്രഹ്മത്തില്‍ ആത്മബോധം ദൃഢമാക്കുന്നതിന് സ്വന്തം അദ്ധ്യാസത്തെ അകറ്റുക തന്നെ വേണം. അനാത്മ വസ്തുക്കളില്‍ ആത്മാവെന്ന ഭ്രമം നിലനില്‍ക്കുന്ന കാലത്തോളം ബ്രഹ്മാത്മത്വജ്ഞാനം ദൃഢമാവില്ല.
ഞാന്‍ ഈ ദേഹമാണ് എന്ന് അജ്ഞാനിക്ക് ഉറപ്പായിരിക്കും പോലെ ഞാന്‍ ബ്രഹ്മമാണ് എന്ന ജ്ഞാനം ജ്ഞാനിക്ക് ദൃഢമാകണം. ആത്മസാക്ഷാത്കാരം ക്ഷണികമായ ഒരു അനുഭൂതിയല്ല. അത് ഉറച്ചതും ആഴമേറിയതുമാണ്. ഇപ്പോള്‍ ഞാന്‍ ദേഹമാണ് ദേഹോളഹം ബുദ്ധി നിത്യ അനുഭവമായിക്കുന്നത് പോലെ ജ്ഞാനാവസ്ഥയില്‍ ബ്രഹ്മാത്മത്വ അനുഭവം ഉണ്ടാകണം.
ശ്ലോകം 284
അഹംഭാവസ്യ ദേഹേളസ്മിന്
നിശ്ശേഷവിലയാവധി
സാവധാനേന യുക്താത്മാ
സ്വാദ്ധ്യാസാപനയം കുരു
ഈ ദേഹം ഞാനാണെന്ന തോന്നല്‍ മുഴുവനായി നശിക്കുന്നതു വരെ ജാഗ്രതയോടെയും ഏകാഗ്രതയോടെയും സ്വന്തം അദ്ധ്യാസത്തെ നീക്കം ചെയ്യണം.
അദ്ധ്യാസത്തെ നീക്കം ചെയ്യുക എന്ന അഭ്യാസം ഞാന്‍ ഈ ശരീരമാണെന്ന തോന്നല്‍ പൂര്‍ണ്ണമായും നീങ്ങും വരെ തുടരണം. തിടുക്കം കാട്ടാതെ വളരെ സൂക്ഷിച്ച് സാവധാനം ശ്രവണമനന നിദിദ്ധ്യാസനങ്ങളുടെ സഹായത്താല്‍ സ്വന്തം അദ്ധ്യാസത്തെ ദൂരെയെറിയാനാണ് പറയുന്നത്.
സ്ഥൂല ശരീരത്തില്‍ ഞാന്‍ എന്നുള്ള ഭാവം പാടേ നീങ്ങണം. അതിനാണ് വേണ്ടത്ര കരുതലോടെ അദ്ധ്യാസ അപനയം ചെയ്യേണ്ടത്. എത്ര കാലം അനാത്മ വസ്തുവായ ദേഹത്തില്‍ ഞാന്‍ എന്ന ഭാവമുണ്ടോ അത്രയും കാലം ഈ പ്രയത്നം വേണ്ടിവരും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: