കോട്ടയം: കഥകളി ആചാര്യന് മാത്തൂര്‍ ഗോവിന്ദന് കുട്ടി (81) അന്തരിച്ചു. കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ വച്ചായിരുന്നു അന്ത്യം. കഥകളിയിലെ സ്ത്രീ വേഷങ്ങളിലൂടെയാണ് അദ്ദേഹം പ്രശസ്തനായിരുന്നത്. ശ്വാസകോശത്തിലെ അണുബാധയെ തുടര്‍ന്ന് ചികിത്സയില്‍ ആയിരുന്നു. കോവിഡ് ബാധിതനായി കഴിഞ്ഞമാസം അവസാനം ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു.
സ്ത്രീ വേഷം കൊണ്ടു കഥകളി പ്രേമികളുടെ മനം കവര്‍ന്ന മാത്തൂരിന്റെ നളചരിതത്തിലെ ദമയന്തി, ദുര്യോധന വധത്തിലെ പാഞ്ചാലി, കര്‍ണശപഥത്തിലെ കുന്തി തുടങ്ങിയ വേഷങ്ങള്‍ പ്രശസ്തമാണ്. കേന്ദ്ര സംസ്ഥാന സംഗീത നാടക അക്കാദമി അവാര്‍ഡുകള്‍, കേന്ദ്ര സാംസ്കാരിക വകുപ്പിന്റെ സീനിയര്‍ ഫെലോഷിപ്പ്, കേരള സംസ്ഥാന കഥകളി പുരസ്കാരം, കേരള കലാമണ്ഡലം ഫെലോഷിപ്പ്, കലാമണ്ഡലം കൃഷ്ണന് നായര്‍ അവാര്‍ഡ് തുടങ്ങിയവ നേടിയിട്ടുണ്ട്.
1940ൽ കുട്ടനാട്ടിലെ മാത്തൂർ കുടുംബത്തിലാണ് മാത്തൂർ ഗോവിന്ദൻ കുട്ടി ജനിച്ചത്. പതിനാലാം വയസിൽ ജ്യേഷ്ഠൻ മോഹനകുഞ്ഞു പണിക്കരുടെ പ്രേരണയിൽ കഥകളി അഭ്യസിക്കാൻ തുടങ്ങി. തകഴി ക്ഷേത്രത്തിൽ ഗോവിന്ദൻ കുട്ടി അവതരിപ്പിച്ച കാലകേയവധം ആട്ടക്കഥയിലെ ഇന്ദ്രാണി വേഷം കണ്ട കലാമണ്ഡലം കൃഷ്ണൻ നായരാണ് കല്ലുവഴി ചിട്ടയിൽ കഥകളി പരിശീലിപ്പിച്ചത്.
പ്രമുഖ കഥകളി കലാകാരന്മാരായ മാങ്കുളം വിഷ്ണു നമ്പൂതിരി, കലാമണ്ഡലം കൃഷ്ണന് നായര്‍, കലാമണ്ഡലം രാമന്‍കുട്ടി നായര്‍, കലാമണ്ഡലം ഗോപി എന്നിവരോടൊപ്പം നിരവധി നായികാ വേഷങ്ങള്‍ അവതരിപ്പിച്ചിട്ടുണ്ട്. തന്റെ ഗുരുവായിരുന്ന കഥകളി ആചാര്യൻ കുടമാളൂർ കരുണാകരൻ നായരുടെ മകൾ രാജേശ്വരിയെയാണ് അദ്ദേഹം വിവാഹം കഴിച്ചത്. ചെണ്ട വിദ്വാൻ ഗോപീ കൃഷ്ണൻ, കഥകളി നടന് കുടമാളൂര്‍ മുരളീ കൃഷ്ണന് എന്നിവരാണ് മക്കൾ.
പ്രതികരിക്കാൻ ഇവിടെ എഴുതുക: