കണ്ണൂര്‍ : സംസ്ഥാനത്തെ കോവിഡ് രോഗികളുടെ എണ്ണം ദിനംപ്രതി വര്‍ധിക്കുമ്പോള്‍ നിയന്ത്രണങ്ങളെല്ലാം കാറ്റില്‍ പറത്തി അദാലത്ത് സംഘടിപ്പിച്ച് ആരോഗ്യമന്ത്രി കെ.കെ. ഷൈലജ. തളിപ്പറമ്പില്‍ നടക്കുന്ന് അദാലത്തിലാണ് ഗുരുതരമായ പ്രോട്ടോക്കോള്‍ ലംഘനം ഉണ്ടായിരിക്കുന്നത്.
അദാലത്തിന് എത്തിയ ആരോഗ്യമന്ത്രിയും മറ്റും മാസ്ക് ധരിച്ചു എന്നതൊഴിച്ചാല്‍ സാമൂഹിക അകലം ഉള്‍പ്പടെ യാതൊന്നും പാലിക്കുന്നില്ല. കൊറോണ വൈറസ് ബാധയ്ക്കെതിരെ സംസ്ഥാനം ഇപ്പോഴും പൊരുതുകയാണ്. വൈറസ് വ്യാപനം ഇപ്പോഴും തുടരുമ്പോഴും ജനങ്ങള്‍ക്ക് മാതൃക കാണിക്കേണ്ട ആരോഗ്യ വകുപ്പ് മന്ത്രി തന്നെയാണ് ഇത്രയും നിരുത്തരവാദിത്ത പരമായി പൊതുപരിപാടിയില്‍ പങ്കെടുക്കുന്നത്.
ജില്ലാ ഭരണകൂടത്തിന്റെ നേതൃത്വത്തിലാണ് പരിപാടികള്‍ സംഘടിപ്പിക്കുന്നത്. മന്ത്രിമാരായ കെ.കെ ശൈലജ, ഇ.പി. ജയരാജന്, കടന്നപ്പള്ളി രാമചന്ദ്രന് എന്നിവരാണ് അദാലത്തില്‍ പങ്കെടുക്കുന്നത്. പ്രോട്ടോക്കോള്‍ പാലിക്കാതെ നൂറ് കണക്കിന ആളുകളാണ് ഇവിടെ തടിച്ചുകൂടിയത്. പങ്കെടുക്കാനെത്തുന്നവര്‍ക്കായി വേദിയില്‍ കസേരകള്‍ ഒരുക്കിയിരുന്നെങ്കിലും ആളുകള്‍ തിക്കിതിരക്കി വേദിയിലേക്ക് എത്തുകയായിരുന്നു.
കഴിഞ്ഞ ദിവസം പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പങ്കെടുക്കുന്ന ഐശ്വര്യ കേരള യാത്ര കണ്ണൂരില്‍ എത്തിയപ്പോള്‍ ജനക്കൂട്ടമുണ്ടായെന്നും കോവിഡ് പ്രോട്ടോക്കോള്‍ ലംഘനമാണെന്നും ചൂണ്ടിക്കാട്ടി പോലീസ് കേസെടുത്തു. എന്നാല്‍ ഇപ്പോള്‍ ജനങ്ങളെ നിയന്ത്രിക്കാന്‍ പോലീസ് ഒരു നടപടിയുമെടുക്കാത്ത സാഹചര്യമാണ് ഉള്ളത്. ഇതേക്കുറിച്ച് ഒന്നും പറയാനില്ലെന്നാണ് അവിടെ ചുമതലയിലുള്ള തളിപ്പറമ്പ് ഇന്‍സ്പെക്ടര്‍ സത്യനാഥിന്റെ പ്രതികരണം.
തെരഞ്ഞെടുപ്പ് കാലത്തിന്റെ തുടക്കത്തില്‍ തന്നെ കൊവിഡ് ചട്ടങ്ങള്‍ക്ക് പുല്ലുവില കല്‍പ്പിച്ചാണ് രാഷ്ട്രീയ നേതാക്കളുടെ നീക്കങ്ങളെന്ന് ആക്ഷേപം ഉയര്‍ന്നിരുന്നതാണ്. ആലപ്പുഴ എടത്വയില്‍ മന്ത്രിമാര്‍ പങ്കെടുക്കുന്ന അദാലത്തിലും കോവിഡ് പ്രോട്ടോക്കോള്‍ ലംഘിച്ച് വന്‍ ആള്‍ക്കൂട്ടം എത്തിയിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: