ഇടയ്ക്കിടെ കൂടണയാനെത്തുന്ന പക്ഷികളുടെ ചിറകടി ശബ്ദമൊഴിച്ചാല്‍ ആലിലയുടെ നേരിയ മര്മ്മരം മാത്രം ക്ഷേത്രത്തിലെ നിശ്ശബ്ദതയെ ഭേദിച്ച് മുഴങ്ങിക്കൊണ്ടിരുന്നു.
മിക്കവാറും മൂകമായ അന്തരീക്ഷത്തില്ആല്ത്തറയിലിരുന്ന് അയാള്‍ നെടുവീര്‍പ്പിട്ടു. ഏതാനും നാള് മുന്‍പുവരെ ത്രിസന്ധ്യ നേരത്ത് അവിടെ നിലനിന്നിരുന്ന അലൗകികമായ അന്തരീക്ഷത്തെക്കുറിച്ച് അയാളോര്‍ത്തു. നാഗസ്വരത്തിന്റേയും ഇടയ്ക്കയുടേയും താളത്തിനിടയില്‍ ഉയര്‍ന്നു പൊങ്ങുന്ന ദീപാരാധനയുടെ മണിനാദത്തില്‍ ആ ക്ഷേത്രപരിസരം ദിവ്യമായ ഏതോ അനുഭൂതിയില്‍ വിലയിച്ചിരുന്നു.
ഈശ്വരസ്മരണയില് ധ്യാനനിരതനായി ഇടയ്ക്കയില്‍ താളമിട്ട് താന്‍ ആലപിച്ചിരുന്ന ഗീതഗോവിന്ദത്തിലെ വരികള്‍. സാന്ധ്യശ്രീയില് അവയും ഈശ്വരസന്നിധിയില് അലിഞ്ഞുചേര്‍ന്നിരിക്കാം. ഇന്നും ഓര്‍മയില്‍ പുളകച്ചാര്‍ത്തണിയിക്കുന്ന ആ സന്ധ്യാവേളകള്‍ ഇനി എന്നാണോ മടങ്ങിയെത്തുക. നിര്‍മലമായ ആ മാനസികാവസ്ഥ ഒരിക്കല്‍ താന്‍ തന്നെ നഷ്ടപ്പെടുത്തിക്കളഞ്ഞുവല്ലോ.
അല്ലെങ്കിലും ഒരു ഭക്തന് ചേര്‍ന്നതാണോ താന്‍ ചെയ്തത്. മാലകെട്ടല് മറന്ന്, ഇടയ്ക്കയുടെ താളത്തിലും തന്റെ ഗാനാലാപനത്തിലും സ്വയം മറന്നിരിക്കുന്ന രവിവര്‍മ്മ ചിത്രംപോലെയുള്ള മാലിനിയുടെ രൂപസൗഭഗം! അതിന്റെ അനന്തരഫലം! ചെയ്തുപോയ അപരാധത്തിന്റെ തിക്തഫലം ഇന്ന് വേണ്ടുവോളം അനുഭവിച്ചു തുടങ്ങിയിരിക്കുന്നു.
”കൃഷ്ണാ… ഭക്തവത്സലാ…
ജഗത്പാലക… മാപ്പുതരണേ.”
അറിയാതെ ചുണ്ടുകള്‍ വിതുമ്പി. കൈകള്‍ കൂപ്പി ഒരു നിമിഷം പ്രാര്‍ത്ഥനാനിരതനായി നിന്നശേഷം അയാള്‍ ആല്‍ത്തറയില്‍ നിന്നിറങ്ങിനടന്നു.
കവലയില്‍ അടഞ്ഞുകിടക്കുന്ന മാടക്കടകള്‍ ഒരു ദുരന്തകാലത്തിന്റെ മൂകസാക്ഷികളെപ്പോലെ നില കൊണ്ടു. അപ്പോള്‍ വിലാസിനിയുടെ വാക്കുകളോര്‍ത്തു. ”ആ ജങ്ഷനിലെ പീടിക തുറന്നിട്ടുണ്ടെങ്കില്‍ രണ്ടു കിലോ അരികൂടി വാങ്ങിച്ചോളൂട്ടോ. ഇവിടെ ഉണ്ടായിരുന്നതെല്ലാം തീര്‍ന്നു തുടങ്ങി.” അറിയാതെ ഷര്‍ട്ടിന്റെ ശൂന്യമായ പോക്കറ്റിലേക്കു കരങ്ങള്‍ നീണ്ടു. കടകള്‍ തുറന്നിരുന്നെങ്കില്ത്തന്നെ അരി വാങ്ങുവാന്‍ തന്റെ കയ്യില്‍ നയാപൈസയില്ല എന്നുളള കാര്യം അവളെ അറിയിക്കുവാനാവില്ലല്ലോ എന്നോര്‍ത്ത് നെടുവീര്‍പ്പിട്ടു. ഇന്നുവരെ ഒന്നിനും കുറവു വരുത്താതെ കുടുംബം പരിപാലിച്ചു പോന്ന താന്‍. ഗള്‍ഫില്‍ കഴിയുന്ന മകനേയും വടക്കന്‍ ദിക്കിലേക്ക് കല്യാണം കഴിച്ചയച്ച മകളേയും ചെണ്ട കൊട്ടലിലൂടെയും അമ്പലത്തിലെ ഇടയ്ക്ക വാദനത്തിലൂടെയും ഒന്നുമറിയിക്കാതെ വളര്‍ത്തി.
പ്രായമാകുമ്പോള്‍ മക്കളുടെ മുന്നില്‍ കൈ നീട്ടേണ്ടി വരരുതെന്നോര്ത്താണ് ബാങ്കില്‍ നിന്ന് കടമെടുത്ത് വീട്ടില്‍തന്നെ സ്വന്തമായി വാദ്യോപകരണങ്ങള്‍ വാടകയ്ക്കു കൊടുക്കുന്ന ഒരു സ്ഥാപനത്തിനു തുടക്കമിട്ടത്. തനിക്കറിയാമായിരുന്ന ചെണ്ടയും ഇടയ്ക്കയും പോലുള്ള വാദ്യോപകരണങ്ങള്‍ കുട്ടികളെ പഠിപ്പിക്കുന്നതിലൂടെയും നല്ല വരുമാനമുണ്ടാക്കിയിരുന്നു. എന്നാല്‍ മഹാമാരി എല്ലാ കണക്കുകൂട്ടലുകളും തെറ്റിച്ചിരിക്കുന്നു. വീട്ടില്‍ ഒരു നേരമെങ്കിലും അടുപ്പു പുകയ്ക്കാന്‍ കഴിയാത്ത ദിനരാത്രങ്ങള്‍. വാദ്യോപകരണങ്ങള്‍ കൈകാര്യം ചെയ്യാനല്ലാതെ മറ്റൊരു തൊഴിലും അറിയാത്ത താന്‍ ഇനി എന്തു ചെയ്യാനാണ്?
വാര്‍ദ്ധക്യത്തിന്റെ അവശത അറിഞ്ഞു തുടങ്ങിയത് ഇപ്പോഴാണ്. മടിക്കുത്തില്‍ അറിയാതെ കൈ തടഞ്ഞപ്പോള്‍ ഉള്ളില്‍ ഒരു നടുക്കം മിന്നിമറഞ്ഞു. അന്ന് മാലിനിയില്‍ നിന്ന് പിടിച്ചുവാങ്ങി മടിക്കുത്തില്‍ സൂക്ഷിച്ചു വച്ചിരുന്ന ഒതളങ്ങക്കായകള്!
അവള് ഗര്‍ഭിണിയാണെന്ന് അറിഞ്ഞ നിമിഷം. അന്നൊരു നിറസന്ധ്യയില്‍ ഭീഷണിയും കണ്ണുനീരും ഇടകലര്‍ത്തി അവള് പതിഞ്ഞ സ്വരത്തില്‍ അലറി. ”ഞാന്‍ മരിക്കും.”
”ഈശ്വരാ… ഈ പരീക്ഷണത്തില്‍നിന്ന് രക്ഷപ്പെടാന്‍ എന്താണൊരു വഴി. അല്‍പ്പം പണം നല്കി അവളെ ആശ്വസിപ്പിക്കാമെന്നുവച്ചാല് അതിനും തന്റെ കയ്യില്‍ ഒന്നുമില്ലല്ലോ…”
പ്രായമായ മക്കള്‍ക്കു മുന്നില്‍, വിലാസിനിക്കു മുന്നില്‍ ഉത്തരമില്ലാതെ വിളറിയ ഒരു ശവംപോലെ നില്ക്കേണ്ടിവരുന്നതോര്ത്തപ്പോള് മഹാമാരി വന്ന് തന്നെ പൊതിഞ്ഞിരുന്നെങ്കില്‍ എന്നാഗ്രഹിച്ചു. പിന്നീട് അവളുടെ കയ്യില്‍നിന്ന് ഒതളങ്ങ കായ്കള്‍ പിടിച്ചുവാങ്ങി മടിക്കുത്തില്‍ നിക്ഷേപിക്കുകയായിരുന്നു.
”അല്ലാ, നിങ്ങള്‍ പോയിട്ട് വെറും കയ്യോടെ മടങ്ങിയോ? എവിടെ അരിയും പലവ്യഞ്ജനങ്ങളും.” അവശതയാര്‍ന്ന ചുമ കേട്ട് പുറത്തേക്കിറങ്ങി വന്ന വിലാസിനിയുടെ ചോദ്യത്തിനു മുന്നില്‍ ഇടര്‍ച്ചയോടെ പറഞ്ഞു. ”കവലയില്‍ കടകളെല്ലാം അടഞ്ഞുകിടക്കുകയാണ്. രാവിലെ ഒരു നിശ്ചിത സമയംവരെയെ പലവ്യഞ്ജനക്കട തുറക്കുകയുള്ളൂ. ഒന്നും വാങ്ങാന്‍ കഴിഞ്ഞില്ല…”
അവളുടെ മുഖത്തു നോക്കാതെ ഒരു കുറ്റവാളിയെപ്പോലെ മുന്നോട്ടു നടന്നു. പൂമുഖത്തിനടുത്ത മുറിയില്‍ നിരന്നിരിക്കുന്ന വാദ്യോപകരണങ്ങളില്‍ ദൃഷ്ടി പതിഞ്ഞപ്പോള്‍ അങ്ങോട്ടു നടന്നു ചെന്നു. അവ ഓരോന്നും തന്നെ നോക്കി പല്ലിളിക്കുന്നതായി തോന്നി..
”അല്ല.. ആരോ ചെണ്ട വാടകയ്ക്ക് വാങ്ങാന്‍ വരണുണ്ടെന്ന് കാലത്തെ പറഞ്ഞിരുന്നല്ലോ.ന്നിട്ട് ആരേം ഇതുവരേം കണ്ടില്യാലോ…”
കൊവിഡ് മൂലം മുക്കൂട്ടുതറയിലെ ഉത്സവം മാറ്റിവച്ച കാര്യം അല്‍പ്പം മുന്‍പാണറിഞ്ഞത്. എല്ലാക്കൊല്ലവും ഉത്സവം മുടങ്ങാതെ നടത്തണമെന്ന ജ്യോത്സ്യപ്രവചനങ്ങള്‍ ഇക്കൊല്ലം മുടങ്ങുമെന്നറിയാതെയാണ് ഭാര്യയ്ക്ക് ആശ നല്‍കിയത്. ഒന്നും മിണ്ടാതെ തന്റെ പ്രിയപ്പെട്ട ഇടയ്ക്ക കയ്യിലെടുത്തു. ഒരുകുഞ്ഞിനെയെന്നപോലെ തഴുകി. അറിയാതെ കൈകള്‍ മടിക്കുത്തിലേക്കു നീണ്ടു ചെന്നു. പിന്നെ ഉറക്കറയില്‍ കടന്നു വാതിലടയ്ക്കുമ്പോള് ശരീരത്തില്‍ ഇഴഞ്ഞു നടക്കുന്ന ഏതോസൂക്ഷ്മാണുക്കളുടെ പുണരലിനായുള്ള അതിശക്തമായ മോഹം… ഇടറിയ കണ്ഠനാളത്തില്‍ നിന്ന് ഒഴുകിയിറങ്ങിയ ഗീതഗോവിന്ദത്തിലെ പദമലരുകള്‍ വാതില്‍ പഴുതിലൂടെ ഊര്‍ന്നിറങ്ങി, ഇടയ്ക്കയുടെ നാദത്തോടൊപ്പം എങ്ങോട്ടെന്നില്ലാതെ പ്രവഹിച്ചു.
സുധ അജിത്
പ്രതികരിക്കാൻ ഇവിടെ എഴുതുക: