കൊല്‍ക്കൊത്ത: 2021ല്‍ നടക്കാന്‍ പോകുന്ന ബംഗാള്‍ നിയമസഭാതെരഞ്ഞെടുപ്പ് അടുക്കുംതോറും തൃണമൂല്‍ നേതാക്കളുടെ ബിജെപിയിലേക്കുള്ള ഒഴുക്ക് തുടരുകയാണ്. പരാജയഭീതി പൂണ്ട മമത ഇപ്പോള്‍ എങ്ങിനെയെങ്കിലും ബിജെപിയുടെ തെരഞ്ഞെടുപ്പ് പ്രചാരണ രഥയാത്രകള്‍ തടയാനോ അതിന് കഴിഞ്ഞില്ലെങ്കില്‍ നീട്ടിവെക്കാനോ ശ്രമിക്കുകയാണ്.
തെരഞ്ഞെടുപ്പിലേക്ക് നീങ്ങുന്ന ബംഗാളില്‍ രഥയാത്രകള്‍ ഫ്ളാഗോഫ് ചെയ്യാന്‍ കേന്ദ്രമന്ത്രി അമിത്ഷായും ബിജെപി പ്രസിഡന്റ് ജെ.പി. നഡ്ഡയും തയ്യാറെടുക്കുമ്പോള്‍ അതിന് അനുമതി നിരസിക്കുകയാണ് മമത. രഥയാത്രകള്‍ക്ക് അനുമതി ലഭിക്കാന്‍ പഞ്ചായത്ത് അധികൃതരെ സമീപിക്കാനാണ് ചീഫ് സെക്രട്ടറിയുടെ ഓഫീസില്‍ നിന്നും ബിജെപി നേതാക്കള്‍ക്ക് ലഭിച്ച മറുപടി.
അഞ്ച് പരിവര്‍ത്തന്‍ യാത്രകളാണ് ഷായും നഡ്ഡയും ഫ്ളാഗോഫ് ചെയ്യാന്‍ തീരുമാനിച്ചിരിക്കുന്നത്. ഫിബ്രവരി ആറ് മുതല്‍ ഈ യാത്രകള്‍ തുടങ്ങാനും പദ്ധതിയിട്ടിരുന്നു. കൂച് ബീഹാര്‍, നബദ്വീപ്, കക്ദ്വീപ്, ജാര്‍ഗ്രാം, താരാപിഠ് എന്നീ അഞ്ച് സ്ഥലങ്ങളില്‍ നിന്നും 25 ദിവസം നീണ്ടു നില്ക്കുന്ന അഞ്ച് രഥയാത്രകളാണ് ആലോചിച്ചിരുന്നത്. എന്നാല്‍ എന്തുവിലകൊടുത്തും ഈ രഥയാത്രകള്‍ തടയാനാണ് മമതയുടെ ശ്രമം.
ബിജെപിയ്ക്ക് രഥയാത്രയ്ക്ക് അനുമതി ലഭിക്കുന്നതിന് മുന്‍പ് തന്നെ കല്‍ക്കത്ത ഹൈക്കോടതിയില്‍ ബിജെപി രഥയാത്രകള്‍ക്ക് എതിരായ പൊതുജനതാല്പര്യഹര്ജി ഫയല്‍ ചെയ്തിരിക്കുകയാണ് മമതയുടെ അനുയായികള്‍. റാലി തടയാന്‍ ക്രമസമാധാനപ്രശ്നവും കോവിഡ് 19 മഹാമാരിയുമാണ് കാരണമായി ചൂണ്ടിക്കാണിച്ചിരിക്കുന്നത്. കല്‍ക്കത്ത ഹൈക്കോടതിയിലെ അഭിഭാഷകനായ രാമപ്രസാദ് ശങ്കറാണ് രഥയാത്രയ്ക്ക് അനുമതി നല്‍കരുതെന്ന് ചൂണ്ടിക്കാട്ടി ഹര്‍ജി നല്‍കിയിരിക്കുന്നത്. 2018ല്‍ ബിജെപി നടത്താനിരുന്ന ഒരു രഥയാത്രയ്ക്ക് കോവിഡ് 19ന്റെ കാരണം ചൂണ്ടിക്കാട്ടി ഹൈക്കോടതി അനുമതി നിഷേധിച്ച ഉദാഹരണമാണ് ഹര്ജിക്കാരന് ചൂണ്ടിക്കാട്ടുന്നത്.
294 അംഗങ്ങളുള്ള ബംഗാള്‍ നിയമസഭയിലേക്ക് ഏപ്രില്‍ മെയ് മാസത്തില്‍ തെരഞ്ഞെടുപ്പ് നടക്കും. തൃണമൂലും ബിജെപിയുമാണ് പ്രധാന ഏതിരാളികള്‍. സിപിഎം-കോണ്‍ഗ്രസ് സഖ്യകക്ഷികളാണ്. തെരഞ്ഞെടുപ്പിന് മുന്നോടിയായി സുവേന്ദു അധികാരി ഉള്‍പ്പെടെ ഒരുപിടി മന്ത്രിമാരും എംഎല്‍എമാരും മമതയുടെ തൃണമൂലില്‍ നിന്നും ബിജെപിയിലേക്ക് ചേക്കേറിയിരിക്കുകയാണ്. മമതയുടെ മുസ്ലിം പ്രീണനനയങ്ങളില് പ്രതിഷേധിച്ചാണ് ഇവര്‍ ബിജെപി ക്യാമ്പിലെത്തിയിരിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: