തിരുവനന്തപുരം : സംസ്ഥാനത്തെ നിയമസഭസാ തെരഞ്ഞെടുപ്പ് പ്രചാരണങ്ങള്‍ക്ക് തുടക്കമിടുന്നതിനായി ബിജെപി ദേശീയ അധ്യക്ഷന്‍ ജെ.പി. നദ്ദ ഇന്ന് കേരളത്തിലെത്തും. രണ്ട് ദിവസത്തെ സന്ദര്‍ശനത്തിനായി എത്തുന്ന നദ്ദ തിരുവനന്തപുരം, തൃശൂര്‍ എന്നിവിടങ്ങളില്‍ സന്ദര്‍ശിക്കും. ഇന്ന് ഉച്ചയ്ക്ക് 12 മണിയോടെ തിരുവനന്തപുരം വിമാനത്താവളത്തിലെത്തുന്ന നദ്ദയെ പാര്‍ട്ടി പ്രവര്‍ത്തകര്‍ സ്വീകരിക്കും. തുടര്‍ന്ന് സംസ്ഥാന കോര്‍കമ്മിറ്റി യോഗത്തില്‍ അദ്ദേഹം പങ്കെടുക്കും.
നദ്ദയുടെ കേരള സന്ദര്‍ശനത്തിലൂടെ മിഷന് കേരളം എന്ന പേരില്‍ നിയമസഭാ പോരാട്ടത്തിന് വിപുലമായ ഒരുക്കങ്ങളാണ് ബിജെപി നടത്തുന്നത്. ഇതിന്റെ ഭാഗമായി പാര്‍ട്ടി മണ്ഡലം ഭാരവാഹികളുടേയും ജനപ്രതിനിധികളുടേയും യോഗത്തിലും നദ്ദ പങ്കെടുക്കും. ഇത് കൂടാതെ പുറമെ പ്രമുഖ വ്യക്തികളുമായും സാമുദായിക നേതാക്കളുമായും ചര്‍ച്ച നടത്തും.
കോര്പ്പറേഷന്, മുന്‍സിപ്പാലിറ്റി കൗണ്‍സിലര്‍മാരുടെ യോഗത്തെയും നദ്ദ അഭിസംബോധന ചെയ്യും. വൈകുന്നേരം ശ്രീപദ്മനാഭ സ്വാമി ക്ഷേത്രത്തില്‍ ദര്‍ശനം നടത്താനും തീരുമാനിച്ചിട്ടുണ്ട്. തുടര്‍ന്ന് എന്‍ഡിഎ നേതാക്കളുമായി ചര്‍ച്ച നടത്തിയശേഷം വ്യാഴാഴ്ച രാവിലെ നെടുമ്പാശ്ശേരിയിലേക്ക് തിരിക്കും. അവിടെ വടക്കുംനാഥ ക്ഷേത്ര മൈതാനത്ത് നടക്കുന്ന പൊതുസമ്മേളനം ജെ.പി. നദ്ദ ഉദ്ഘാടനം ചെയ്ത് സംസാരിക്കും.
നിയമസഭാ തെരഞ്ഞെടുപ്പില്‍ ഇത്തവണ ബിജെപി സ്വീകരിക്കേണ്ട തന്ത്രങ്ങളും നിലപാടുകളും എന്‍ഡിഎയിലെ മറ്റ് ഘടകകക്ഷികളുമായി ചര്‍ച്ച നടത്തുന്നതിനും സീറ്റ് സംബന്ധിച്ച് ധാരണയില്‍ എത്തുന്നതിനുമാണ് നദ്ദ കേരളത്തില്‍ രണ്ട് ദിവസത്തെ സന്ദര്‍ശനത്തിനായി എത്തുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: