ദുബായ്: പ്രഥമ ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പിന്റെ ഫൈനലില്‍ എത്തുന്ന ആദ്യ ടീമായി ന്യൂസിലന്‍ഡ്. കൊറോണ മഹാമാരിയെ തുടര്‍ന്ന് ഓസ്ട്രേലിയയുടെ ദക്ഷിണാഫ്രിക്കന്‍ പര്യടനം മാറ്റിവച്ചതിനെ തുടര്‍ന്നാണ് ന്യൂസിലന്‍ഡിന് ഫൈനല്‍ ഉറപ്പായത്.
ഓസ്ട്രേലിയ- ദക്ഷിണാഫ്രിക്ക ടെസ്റ്റ് പരമ്പര അനിശ്ചിത കാലത്തേക്കാണ് നീട്ടിവച്ചിരിക്കുന്നത്. ഈ സാഹചര്യത്തില്‍ ഒരു ടീമിനും ന്യൂസിലന്‍ഡിന്റെ എഴുപത് ശതമാനം പോയിന്റ് മറികടക്കാനാകില്ല.
വെള്ളിയാഴ്ച ആരംഭിക്കുന്ന ഇന്ത്യ- ഇംഗ്ലണ്ട് ടെസ്റ്റ് പരമ്പര, ന്യൂസിലന്‍ഡിന്റെ ഫൈനലിലെ എതിരാളികളെ നിശ്ചയിക്കും. ഇന്ത്യ, ഇംഗ്ലണ്ട്, ഓസ്ട്രേലിയ എന്നീ മൂന്ന് ടീമുകള്‍ക്കും ഫൈനലില്‍ കടക്കാന്‍ സാധ്യതയുണ്ട്. 71.7 ശതമാനം പോയിന്റുള്ള ഇന്ത്യയാണ് പോയിന്റ് നിലയില്‍ ഒന്നാം സ്ഥാനത്ത്. ന്യൂസിലന്‍ഡിന് 70 ശതമാനം പോയിന്റും ഓസ്ട്രേലിയയ്ക്ക് 69.2 ശതമാനം പോയിന്റും ഇംഗ്ലണ്ടിന് 65.2 ശതമാനം പോയിന്റുമാണുള്ളത്.
നാലു മത്സരങ്ങളുളള പരമ്പരയില്‍ ഇംഗ്ലണ്ടിനെ തോല്‍പ്പിച്ചാല്‍ ഇന്ത്യക്ക് ഫൈനലില്‍ കടക്കാം. ഇംഗ്ലണ്ടാണ് പരമ്പര നേടുന്നതെങ്കില്‍ അവര്‍ ഫൈനലിലെത്തും. പരമ്പര സമനിലയായാല്‍ ഓസീസിന് സാധ്യത തെളിയും. ഇംഗ്ലണ്ടിലെ ലോര്‍ഡ്സില്‍ ജൂണ്‍ പതിനെട്ടിന് ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പിന്റെ ഫൈനല്‍ ആരംഭിക്കും.
ദക്ഷിണാഫ്രിക്കയില്‍ കൊറോണ കേസുകള്‍ വര്‍ധിക്കുന്ന സാഹചര്യത്തിലാണ് ഓസ്ട്രേലിയക്കെതിരായ ടെസ്റ്റ് പരമ്പര അനിശ്ചിതകാലത്തേറ്റ് മാറ്റിവച്ചത്. മൂന്ന് മത്സരങ്ങളാണ് പരമ്പരയില്‍ ഉണ്ടായിരുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: