മാഡ്രിഡ്: സൂപ്പര്‍ സ്റ്റാര്‍ ലയണല്‍ മെസി ബാഴ്സയ്ക്കായി അറുനൂറ്റിഅമ്പതാം ഗോള്‍ കുറിച്ച മത്സരത്തില്‍ ടീമിന് വിജയം. ലാ ലിഗിയില്‍ ബാഴ്സലോണ ഒന്നിനെതിരെ രണ്ട് ഗോളുകള്‍ക്ക് അത്ലറ്റിക് ബില്‍ബാവോയെ പരാജയപ്പെടുത്തി.
മത്സരത്തിന്റെ ഇരുപതാം മിനിറ്റിലാണ് മെസി ഗോള്‍ നേടിയത്. മനോഹരമായ ഫ്രീ കിക്കിലൂടെയാണ് സ്കോര്‍ ചെയ്തത്. അത്ലറ്റിക് ഗോളി സൈമണ്‍ പന്ത് വലയിലേക്ക് കയറുന്നത് നോക്കി നില്‍ക്കാനേ കഴിഞ്ഞൂള്ളൂ. ബാഴ്സയ്ക്കായുള്ള സൂപ്പര്‍ സ്റ്റാറിന്റെ അറുനൂറ്റിയമ്പതാം ഗോള്‍.
മെസിയുടെ ഗോളില്‍ ബാഴ്സ് ലീഡ് പിടിച്ചു. എന്നാല്‍ രണ്ടാം പകുതിയില്‍ അത്ലറ്റിക് ഗോള്‍ മടക്കി സമനില പിടിച്ചു. ബാഴ്സ താരം ജോര്‍ഡി അല്‍ബയുടെ സംഭാവനയായിരുന്നു ഈ ഗോള്‍. നാല്‍പ്പത്തിമൂന്നാം മിനിറ്റിലാണ് ജോര്‍ജി സെല്‍ഫ് ഗോള്‍ വഴങ്ങിയത്.
വിജയത്തിനായി പൊരുതിയ ബാഴ്സ എഴുപത്തിനാലാം മിനിറ്റില്‍ ലക്ഷ്യം കണ്ടു. ഡെംബെലെയുടെ പാസ് മുതലാക്കി അന്റോയ്ന്‍ ഗ്രീസ്മാനാണ് ഗോള്‍ നേടിയത്. ഈ വിജയത്തോടെ ബാഴ്സ ചിരവൈരികളായ റയല്‍ മാഡ്രിഡിനെ പിന്തള്ളി പോയിന്റ് നിലയില്‍ മൂന്നാം സ്ഥാനത്തെത്തി. ബാഴ്സയ്ക്കും റയലിനും ഇരുപത് മത്സരങ്ങളില്‍ നാല്‍പ്പത് പോയിന്റുണ്ട്. എന്നാല്‍ ഗോള്‍ ശരാശരിയില്‍ ബാഴ്സയാണ് മൂന്നില്‍.
അത്ലറ്റിക്കോ മാഡ്രിഡാണ് പോയിന്റ് നിലയില്‍ ഒന്നാം സ്ഥാനത്ത്. കാഡിസിനെ രണ്ടിനെതിരെ നാല് ഗോളുകള്‍ക്ക് തോല്‍പ്പിച്ച അത്ലറ്റിക്കോ മാഡ്രിഡിന് പത്തൊമ്പത് മത്സരങ്ങളില്‍ അമ്പത് പോയിന്റുണ്ട്. ലൂയി സുവാരസിന്റെ ഇരട്ട ഗോളാണ് അത്ലറ്റിക്കോയ്ക്ക് വിജയം നേടിക്കൊടുത്തത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: