അമ്പലപ്പുഴ: തെര്‍മോകോള്‍ മത്സ്യബന്ധന വള്ളങ്ങളെക്കുറിച്ചുള്ള വൈശാഖിയുടെ പഠനം ദേശീയ ബാലശാസ്ത്ര കോണ്‍ഗ്രസിലേക്ക്. നീര്‍ക്കുന്നം എസ്ഡിവി ഗവ. യുപി സ്കൂളിലെ ഏഴാം ക്ലാസ് വിദ്യാര്‍ഥിനി പുറക്കാട് പുന്തല അമ്പാടിയില്‍ വീട്ടില്‍ ജയകൃഷ്ണന്- ശീജിനി ദമ്പതികളുടെ മകള്‍ എസ്. വൈശാഖി നടത്തിയ മാസങ്ങള്‍ നീണ്ട പഠനമാണ് 28-ാമത് ദേശീയ ബാലശാസ്ത്ര കോണ്‍ഗ്രസില്‍ പങ്കെടുക്കാന്‍ അവസരമായത്.
കൊവിഡ് മഹാമാരിക്കാലത്ത് മത്സ്യ ബന്ധനത്തിനു വിലക്കുണ്ടായെങ്കിലും കടലില്‍ ഒരാള്‍ക്കു മാത്രം ജോലിക്കു പോകാവുന്ന തെര്‍മോകോള്‍ (പൊന്തു) വള്ളങ്ങളില്‍ നിന്നു ലഭിച്ച മത്സ്യങ്ങള്‍ വൈശാഖിയുടെ അന്വേഷണങ്ങള്‍ക്കുള്ള വഴി തുറക്കുകയായിരുന്നു. ലഭ്യതയുടെ കുറവ് വ്യാപകമായുണ്ടായെങ്കിലും അമ്പലപ്പുഴ പുറക്കാട് നിവാസികള്‍ക്ക് പൊന്തുവള്ളങ്ങളില്‍ നിന്നു ലഭിക്കുന്ന മത്സ്യങ്ങള്‍ ഊണുമേശയിലെ വിഭവങ്ങളായി. തുടര്‍ന്ന് പുറക്കാട് പഞ്ചായത്തില്‍ ആകെയുള്ള പൊന്തുവള്ളങ്ങളുടെ എണ്ണം, ഇവയിലെ മത്സ്യലഭ്യത, ആവശ്യമായി വരുന്ന ചെലവ്, നിത്യേനയുള്ള വരുമാനം എന്നിവയെക്കുറിച്ചും, ജൂണ്‍ മുതല്‍ സെ
പ്റ്റംബര്‍ വരെയുള്ള നാലു മാസം ഏതൊക്കെ ഇനം മത്സ്യങ്ങള്‍ ലഭ്യമായി എന്നതിലും സമഗ്രമായ പഠനം. ഇതില്‍ നിന്ന് വള്ളം പുതുതായി ഇറക്കാന്‍ ആവശ്യമായി വരുന്ന തുക 20,000 രൂപയെന്നും, നിത്യേനയുള്ളവരുമാനം 1000 മുതല്‍ 1500 രൂപ വരെയെന്നും വൈശാഖി മനസ്സിലാക്കി. ഒപ്പം പൊന്തുവള്ളങ്ങളില്‍ ഗില്‍നെറ്റ് വല ഉപയോഗിച്ചുള്ള മത്സ്യ ബന്ധനം പ്രകൃതി സൗഹൃദ മത്സ്യ ബന്ധനമാണെന്നും കണ്ടെത്തി. പരമ്പരാഗത മത്സ്യതൊഴിലാളികള്‍ക്ക് കൊവിഡ് ഏല്‍പ്പിച്ച കനത്ത ആഘാതത്തിലും തെര്‍മോകോള്‍ വള്ളങ്ങളിലെ മത്സ്യബന്ധനം ആശ്വാസമേകി.
തെര്‍മോകോളിനു പകരം ഫൈബര്‍ റീ ഇന്‍ഫോഴ്സ്ഡ് പ്ലാസ്റ്റിക് (എഫ്ആര്‍പി) ഉപയോഗിച്ച് ഡിസൈന്‍ ചെയ്ത് രജിസ്ട്രേഷന് ലഭ്യമാക്കിയാല്‍ ഈ മേഖലയില്‍ കൂടുതല്‍ തൊഴില്‍ സുരക്ഷ ഉണ്ടാക്കാമെന്നും വൈശാഖി കണ്ടെത്തി. ഇതിന് സിഐഎഫ്ടി, സിഐഎഫ്എന്‍ഇടി പോലുള്ള ഈ രംഗത്തെ ഗവേഷണ സ്ഥാപനങ്ങളിലെ ശാസ്ത്രജ്ഞരുടെ സഹായത്തോടെ വള്ളങ്ങള്‍ ഡിസൈന്‍ ചെയ്ത് ലൈഫ് ജാക്കറ്റ് ഉള്‍പ്പടെയുള്ള സുരക്ഷാ ഉപകരണങ്ങള്‍ നിര്‍ബന്ധമാക്കണം എന്നതും പഠനത്തിന്റെ ഭാഗമായുള്ള നിര്‍ദേശങ്ങളായി വൈശാഖി മുമ്പോട്ടു വച്ചു. ഇതാണ് വൈശാഖിക്ക് ബാല ശാസ്ത്ര കോണ്‍ഗ്രസിലേക്ക് ഇടം നേടി കൊടുക്കാന്‍ സഹായകമായത്. ആറ്, ഏഴ്, എട്ട് ക്ലാസുകളായ ജൂനിയര്‍ വിഭാഗത്തില്‍ സംസ്ഥാനത്തെ പ്രതിനിധീകരിക്കുന്ന ആറു പേരില്‍ ഒരാളാണ് വൈശാഖി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: