റിപ്പബ്ലിക് ദിനത്തില്‍ ഡല്‍ഹിയില്‍ നടന്ന രാജ്യദ്രോഹ പ്രവര്‍ത്തനവും കലാപവും ആസ്വദിച്ച കുറേപ്പേരുണ്ട്. അത്തരത്തിലൊന്ന് നടക്കണം എന്നാഗ്രഹിച്ച് അതിനായി കാലേകൂട്ടി പ്രവര്‍ത്തിച്ചവര്‍ അനവധിയാണ്. അവസാനം വിചാരിച്ചതിലേറെ അക്രമവും തേര്‍വാഴ്ചയും രാജ്യദ്രോഹ നടപടികളും ഉണ്ടായപ്പോള്‍ സന്തോഷിച്ചു പരവശരായവരെയും നാം കണ്ടു. അവരൊക്കെ തങ്ങളുടെ നിലപാടും മനസിന്റെ അവസ്ഥയും ട്വിറ്ററിലൂടെയും ടിവി ചാനലുകളിലൂടെയും മറ്റും കാണിച്ചുതന്നു. ഇത് പക്ഷെ, രണ്ടു കേന്ദ്രങ്ങളില്‍ നിന്ന് ശക്തമായ പ്രതികരണത്തിന് വഴിവെക്കുമെന്ന് ഇക്കൂട്ടര്‍ കരുതിയില്ലെന്ന് തോന്നുന്നു. അതിലൊന്ന് സുപ്രീം കോടതിയില്‍ നിന്നുതന്നെയാണ് എന്നതാണ് ഏറെ ശ്രദ്ധിക്കേണ്ടത്; അതും ചീഫ് ജസ്റ്റിസില്‍ നിന്ന്. മറ്റൊന്ന് ഉത്തര്‍ പ്രദേശ് പോലീസില്‍ നിന്ന്. ഇത് രണ്ടും കപട മതേതര രാജ്യദ്രോഹ ശക്തികളെ തുറന്നുകാട്ടുന്നതായി. അതിലേറെ ശ്രദ്ധിക്കേണ്ടത്, യുപി പോലീസ് രജിസ്റ്റര്‍ ചെയ്ത കേസില്‍ പേര് പറയാത്ത ഒരാളുണ്ട്; അതാരാവാം ? പരാജിതനായ ‘യുവരാജാ’വാണോ?, അറിയില്ല, കാത്തിരുന്ന് കാണുക.
കര്‍ഷകരുടെ ട്രാക്ടര്‍ റാലിയും തുടര്‍ന്നുണ്ടായ കലാപവും ഇന്ത്യന്‍ സംസ്കൃതിയെ തെല്ലൊന്നുമല്ല വികൃതമാക്കിയത്, കുത്തിനോവിച്ചത്. രാജ്യത്തോട് ഏതെങ്കിലും തരത്തിലുള്ള പ്രതിബദ്ധതയുള്ള ഒരാളും അതിനെ ന്യായീകരിക്കുകയില്ല. അത്രവലിയ കലാപമാണ് ആസൂത്രണം ചെയ്തത്; ചുവപ്പുകോട്ടയിലെ ദേശീയ പതാകയെ അപമാനിക്കാനും രാജ്യത്തിന്റ ആത്മാഭിമാനത്തെ ചോദ്യം ചെയ്യാനും തയ്യാറായ ഗുണ്ടാപ്പടക്കൊപ്പം അണിനിരക്കാന്‍ നമ്മുടെ കുറെ മാധ്യമങ്ങളും പ്രതിപക്ഷ നേതാക്കളും തയ്യാറാവുന്നതും പിന്നീട് കണ്ടു. കലാപം രാജ്യമെമ്പാടുമാവാത്തതില് ദു:ഖവും രോഷവുമൊക്കെ പ്രകടിപ്പിക്കാന്‍ രാഹുല്‍ ഗാന്ധി തിരഞ്ഞെടുത്തത് കേരളത്തിലെ ഒരു പൊതുപരിപാടിയാണ്. ശശി തരൂര്‍, മാധ്യമ പ്രവര്‍ത്തകരായ രാജ്ദീപ് സര്‍ദേശായി, മൃദുല സിന്‍ഹ, ‘കാരവന്’ മാസികയുടെ മേലാളന്മാര്, ‘ക്വാമി ആവാസ് ‘-ന്റെ പത്രാധിപര്‍ എന്നിവര്‍ക്കെതിരെ രാജ്യദ്രോഹ കുറ്റം ചുമത്തിക്കൊണ്ട് നടപടിയെടുക്കാന്‍ തയ്യാറായത് യു. പി പൊലീസാണ്. ഇന്ത്യന്‍ ശിക്ഷാ നിയമത്തിലെ 153(എ ), 153(ബി ), 295(എ ), 298, 506, 505(2), 124(എ )/34/120(ബി ) എന്നീ വകുപ്പുകളാണ് അവര്‍ക്കെതിരെയുള്ള എഫ്ഐആറില്‍ സൂചിപ്പിച്ചിരിക്കുന്നത്. ഇവര്‍ക്കൊക്കെ പുറമെയാണ് ഒരാള്‍ കൂടിയുണ്ട് എന്ന് പേര് വ്യക്തമാക്കാതെ പറഞ്ഞിരിക്കുന്നത്. അത് അന്വേഷണത്തിന്റെ അവസാനഘട്ടത്തിലാവും മിക്കവാറും പുറത്തുവരിക. രാഹുല്‍ ഗാന്ധി നടത്തിയ ചില പ്രസ്താവനകള്‍ സൂചിപ്പിച്ചുകൊണ്ട് അത് അദ്ദേഹമാവാമെന്ന് കരുതിപ്പോയ ചില മാധ്യമ പ്രവര്‍ത്തകരെ നാം ഇതിനിടയില്‍ കാണുകയുമുണ്ടായി. ബേജാര് പല കേന്ദ്രങ്ങളിലും പ്രകടമാണ് എന്നര്‍ത്ഥം.
രാജ്യ തലസ്ഥാനത്ത് അന്ന് അക്രമം നടക്കുന്നതിനിടയില്‍ ഒരു യുവാവ് ട്രാക്ടര്‍ മറിഞ്ഞ് മരണമടഞ്ഞിരുന്നു. ആ ട്രാക്ടര്‍ മറിയുന്നതും പോലീസുകാരും മറ്റും ചേര്‍ന്ന് ആളെ രക്ഷിക്കാന്‍ ശ്രമിക്കുന്നതും മറ്റും വീഡിയോയിലൂടെ, ചില വാര്‍ത്താ ചാനലുകളിലൂടെ രാജ്യം കണ്ടതുമാണ്. എന്നാല്‍ പോലീസ് വെടിവെപ്പിലുണ്ടായ മരണമാണിതെന്ന് പെട്ടെന്നുതന്നെ പ്രസ്താവിച്ചവരില്‍ രാജ്ദീപ് സര്ദേശായിയുമുണ്ട്. തുടങ്ങിയ കലാപത്തെ മറ്റൊരു ദിശയിലേക്ക് നയിക്കുകയായിരുന്നു ലക്ഷ്യമെന്ന് ആരും സംശയിക്കാനാവുന്ന വിധത്തിലുള്ള നീക്കം. ഇത്രയൊക്കെ അക്രമവും പ്രകോപനവും രാജ്യദ്രോഹ നടപടികളുമുണ്ടായിട്ടും ദല്‍ഹി പോലീസ് തികഞ്ഞ സംയമനമാണ് പാലിച്ചത്. തങ്ങളുടെ ദേഹത്തേക്ക് ട്രാക്ടര്‍ ഓടിച്ചു കയറ്റിയിട്ടും ബാരിക്കേഡുകള്‍ തകര്‍ത്തിട്ടും അനവധിപോലീസുകാര് ആക്രമണത്തിന് വിധേയമായിട്ടും ദല്‍ഹി പോലീസ് സേനയിലെ ഒരാളും നിയന്ത്രണം വിട്ടില്ല. അവരുടെ പക്കല്‍ തോക്കും ലാത്തിയും മറ്റുമുണ്ടായിട്ടുണ്ടാവണം; പക്ഷെ അവര്‍ അത് പുറത്തെടുത്തില്ല. ടിയര്‍ ഗ്യാസിനപ്പുറം അവിടെ യാതൊന്നും പ്രയോഗിച്ചില്ല. അതായിരുന്നു സര്‍ക്കാരിന്റെ നയവും. അപ്പോഴാണ് ഒരു കള്ളക്കഥ മെനഞ്ഞെടുത്ത് കലാപത്തെ ആളിക്കത്തിക്കാന്‍ ചിലര്‍ ശ്രമിച്ചത്. രാജ്യത്തെ കുഴപ്പത്തിലേക്ക് ചാടിക്കുക എന്നതുമാത്രമാണ് അവര്‍ ലക്ഷ്യമിട്ടത്. അതില്‍ രാജ്ദീപ് സര്‍ദേശായി എന്ന ‘ഇന്ത്യ ടുഡേ’- യുടെ കണ്‍സള്‍ട്ടിങ് എഡിറ്ററുമുണ്ടായിരുന്നു. ആ വ്യാജവാര്‍ത്ത സംപ്രേഷണം ചെയ്തതിന്റെ പേരില്‍ രാജ്ദീപിനെ ‘ഇന്ത്യ ടുഡേ’ ഉടനെതന്നെ സസ്പെന്‍ഡ് ചെയ്തു. അവസാനം ഗതികെട്ട്, നാണംകെട്ട് അയാള്‍ ചാനലില്‍ നിന്ന് രാജിവെച്ചു. സോണിയ പരിവാറിന്റെ സ്വന്തമായ ആ ചാനലിന് പോലും അതൊക്കെ അബദ്ധമായി എന്ന് തോന്നി. ഇവിടെ യുപി പോലീസില്‍ നിന്ന് ശക്തമായ നടപടിയുണ്ടായി എന്നതാണ് ശ്രദ്ധിക്കേണ്ടത്. ഒരുപക്ഷെ, അതും ഇന്ത്യ ടുഡേ-യെ വിഷമത്തിലാക്കിയിരിക്കാം. എന്നാല്‍ ‘കാരവനി’ല്‍ നിന്നോ ‘ക്വാമി ആവാസി’ല്‍ നിന്നോ അത്തരത്തിലുള്ള എന്തെങ്കിലും നടപടി പ്രതീക്ഷിക്കേണ്ടതില്ല.
ഇതിനൊപ്പമാണ് സുപ്രീം കോടതി ചീഫ് ജസ്റ്റിസ് ഉള്‍പ്പെട്ട മൂന്നംഗ ബെഞ്ചില്‍ നിന്ന് ശക്തമായ ചില നിരീക്ഷണങ്ങള്‍ ഉണ്ടായത്. ‘ ചിലതരം ടിവി വാര്‍ത്തകള്‍ അക്രമത്തിലേക്കും കലാപത്തിലേക്കും ക്രമസമാധാന പ്രശ്നങ്ങളിലേക്കും ജനങ്ങളെ പ്രകോപിപ്പിക്കുന്നതാണ്. ബാരിക്കേഡുകള്‍ വെയ്ക്കുന്നത് പോലെതന്നെ അതിനെയും പ്രതിരോധിക്കേണ്ടതുണ്ട്, തടയേണ്ടതുണ്ട്. ജനങ്ങളെ പ്രകോപിപ്പിക്കുന്നത് തടയുന്നത് പോലീസുകാര്‍ക്ക് ലാത്തികള്‍ കൊടുക്കുന്നത് പോലെ തന്നെ പ്രധാനമാണ്……… ‘ചീഫ് ജസ്റ്റിസ് എസ്എ ബോഡ്ബെ തുറന്ന കോടതിയില്‍ പറഞ്ഞു. സോളിസിറ്റര്‍ ജനറല്‍ തുഷാര്‍ മേത്തയോടായിരുന്നു ഇതൊക്കെ പറഞ്ഞത്. സംഘട്ടനങ്ങള്‍, സംഘര്‍ഷങ്ങള്‍, വര്‍ഗീയ ലഹള എന്നിവയൊക്കെ സൃഷ്ടിക്കാത്ത ടിവിയിലെ എന്തും ജനങ്ങള്‍ കാണട്ടെ. മറിച്ചു ചെയ്യുന്നതാണ് ഞങ്ങളെ ആശങ്കാകുലരാക്കുന്നത്. സത്യസന്ധവും ന്യായയുക്തവുമായ റിപ്പോര്‍ട്ടിങ് നടന്നാല്‍ കോടതിക്ക് ഒരു പ്രശ്നവുമില്ല. പക്ഷെ, സംപ്രേഷണവും വാര്‍ത്തകളുമൊക്കെ മറ്റുള്ളവരെ സംഘര്‍ഷത്തിലേക്ക് തള്ളിവിടുന്നതിനു വേണ്ടിയാവുമ്പോഴാണ് പ്രശ്നമാവുന്നത്. ജനങ്ങളെ പ്രകോപിപ്പിക്കാനുദ്ദേശിച്ചുള്ള സംപ്രേഷണവും പരിപാടികളുമുണ്ട് നമ്മുടെ ചാനലുകളില്‍. അത് ഏതെങ്കിലും ഒരു വിഭാഗത്തില്‍ മാത്രമല്ല എല്ലാവരിലുമുണ്ട്. എന്തുകൊണ്ടാണ് നിങ്ങള്‍ അവയോട് കണ്ണടക്കുന്നത്, എന്നും സര്‍ക്കാരിനുവേണ്ടി ഹാജരായ സോളിസിറ്റര്‍ ജനറലിനോട് രാജ്യത്തിന്റെ ചീഫ് ജസ്റ്റിസ് ചോദിച്ചു.
ഡല്‍ഹിയിലെ കര്‍ഷക കലാപവുമായി ബന്ധപ്പെട്ടിട്ടായിരുന്നില്ല ആ കേസ്; കോവിഡ് കാലഘട്ടത്തില്‍ തബ് ലീഗ് നടപടികള്‍ക്കെതിരെ മാധ്യമങ്ങള്‍ നടത്തിയ വിമര്‍ശനങ്ങളെ സംബന്ധിച്ച് ചില മുസ്ലിം സംഘടനകള്‍ നല്കിയ ഹര്‍ജികളാണ് സുപ്രീം കോടതി പരിഗണിച്ചത്. റിപ്പബ്ലിക് ദിനത്തിലെ കലാപം കോടതി കണ്ടിരിക്കുമല്ലോ. ചില ചാനലുകള്‍ ഭീകരതയെ അറിഞ്ഞോ അറിയാതെയോ പ്രോത്സാഹിപ്പിക്കുന്നുണ്ടെന്ന കാര്യം സോളിസിറ്റര്‍ ജനറല്‍ കോടതിയില്‍ ബോധിപ്പിക്കുകയും ചെയ്തു. ഇത് സ്വതന്ത്ര ഇന്ത്യയിലെ ഭാവാത്മകമായ നീക്കമാണെന്ന് തീര്‍ച്ച. മാധ്യമ സ്വാതന്ത്ര്യം നമ്മുടെ അടിസ്ഥാന പ്രമാണമാണ്. അതില്‍ വെള്ളം ചേര്‍ക്കാന്‍ ഒരിക്കലും നരേന്ദ്ര മോഡി തയ്യാറാവുകയില്ല. മാധ്യമ സ്വാതന്ത്ര്യത്തിന് വേണ്ടി നിലകൊണ്ടിട്ടുള്ളവരാണ് ബിജെപി. അടിയന്തരാവസ്ഥയുടെ ദുരാനുഭവമുള്ളവര് ഒരിക്കലും മറിച്ച് ചിന്തിക്കുകയേയില്ലല്ലോ. മാധ്യമസ്വാതന്ത്ര്യം ഒരിക്കലും രാജ്യത്തിന് ദോഷമാകരുത്. ഭരണഘടന പ്രദാനം ചെയ്യുന്ന സ്വാതന്ത്ര്യവും അവകാശവും ദുരുപയോഗിച്ചുകൂടാ. ദുരുപയോഗിക്കുന്നവര്‍ക്കെതിരെ ശക്തമായ നടപടിയെടുക്കണം എന്നതാണല്ലോ സുപ്രീം കോടതി പറഞ്ഞതിന്റെ അര്‍ഥം.
ഇവിടെ ഈ ചാനലുകള്‍ സംപ്രേഷണം ചെയ്തതിനേക്കാള്‍ അപകടകരമായിരുന്നു കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി നടത്തിയ പ്രസ്താവനയും നിരീക്ഷണവും. രാജ്യമെമ്പാടും കലാപമുണ്ടാവണം എന്നതാണ് മുന്‍ കോണ്‍ഗ്രസ് അധ്യക്ഷന്‍ നടത്തിയ ആഹ്വാനം. 350 -ലേറെ പോലീസുകാര്‍ക്ക് ഗുരുതരമായി പരിക്കേറ്റ അക്രമങ്ങളും കലാപവുമൊക്കെ അരങ്ങേറിയതിന് പിന്നാലെയാണിത് രാജ്യം കേട്ടത്. ചെങ്കോട്ടയില്‍ ദേശീയ പതാക അപമാനിക്കപ്പെട്ടതിന് ശേഷമാണ്. ജനങ്ങള്‍ക്കെതിരെ ഒരുതരം യുദ്ധപ്രഖ്യാപനമല്ലേ അദ്ദേഹം നടത്തിയത്. തന്റെ നിലപാടുകള്‍ പ്രധാനമന്ത്രി അംഗീകരിക്കുന്നില്ലെങ്കില്‍ കലാപമുണ്ടാവുമെന്നാണല്ലോ പറഞ്ഞത്. തിരഞ്ഞെടുപ്പില്‍ ജനങ്ങള്‍ ദയനീയ പരാജയം സമ്മാനിച്ച ഒരു നേതാവില്‍നിന്നാണ് ഇതൊക്കെ കേട്ടത്. അത് യഥാര്‍ഥത്തില്‍ സുപ്രീം കോടതി ചീഫ് ജസ്റ്റിസ് സൂചിപ്പിച്ച ടിവി ചാനല്‍ വാര്‍ത്തകളേക്കാള്‍ അപകടകരമല്ലേ. തീര്‍ച്ചയായും, സംശയമില്ല.
പാര്‍ലമെന്റിന്റെ സംയുക്ത സമ്മേളനത്തെ അഭിസംബോധനചെയ്തുകൊണ്ട് രാഷ്ട്രപതി രാംനാഥ് കോവിന്ദ് നടത്തിയ ആഹ്വാനം ശ്രദ്ധിക്കേണ്ടതാണ്. ഒന്നാമത്, കാര്‍ഷിക നിയമ ഭേദഗതി ഇവിടെ നിലനില്ക്കുക തന്നെ ചെയ്യുമെന്ന് വ്യക്തമാക്കി. മറ്റൊന്ന്, റിപ്പബ്ലിക് ദിനത്തില്‍ ചെങ്കോട്ടയിലും ഡല്‍ഹിയിലും നടന്ന അക്രമങ്ങളെയും ദേശീയ പതാകയെ അപമാനിച്ചതിനെയും അദ്ദേഹം ശക്തമായി അപലപിച്ചു. അവസാനം വള്ളത്തോളിന്റെ പ്രസിദ്ധമായ കവിതചൊല്ലിക്കൊണ്ടാണ് അദ്ദേഹം അവസാനിപ്പിച്ചത്; ‘ ഭാരതമെന്ന പേര് കേട്ടാല്‍ അഭിമാനപൂരിതമാവണം അന്തരംഗം ……… ‘. ദേശാഭിമാനവും രാഷ്ട്ര ഭക്തിയും പ്രചോദിപ്പിക്കുന്ന പ്രസംഗം. അതാണ് ഇന്ത്യയുടെ സംസ്കാരം. അതാണ് ഇന്നിന്റെ ആവശ്യവും. അതിനായി കോടതികള്‍ ശക്തമായ നിലപാടുകള്‍ സ്വീകരിക്കണം, പോലീസും മറ്റു അന്വേഷണ ഏജന്‍സികളും തങ്ങളുടെ ജോലി കൃത്യമായി നിര്‍വഹിക്കണം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: