കാര്‍ഷിക ബില്ലിനെതിരെ ദില്ലി അതിര്‍ത്തിയില്‍ കര്‍ഷസംഘടനകളുടെ 52 ദിവസം പിന്നിട്ട സമരം അതിന്റെ പരിസമാപ്തിയിലെത്താറായി. മുഖം നഷ്ടപ്പെട്ട്, നാണം കെട്ട് സമരം നിര്‍ത്തുമെന്ന് ഉറപ്പായപ്പോള്‍ പ്രതിപക്ഷപാര്‍ട്ടികള്‍ മറനീക്കി അവരുടെ പിന്തുണ പ്രഖ്യാപിച്ച് രംഗത്തെത്തിയിരിക്കുന്നു. അതോടെ ഈ സമരത്തിന് വെള്ളവും വളവും നല്കി നിലനിര്‍ത്തിയത് ആരാണെന്നതിന്റെ ചിത്രം ഇന്ത്യക്കാര്‍ക്ക് മുന്നില്‍ തെളിഞ്ഞിരിക്കുന്നു. റിപ്പബ്ലിക് ദിന അക്രമം നടന്നപ്പോഴൊന്നും പത്രസമ്മേളനം വിളിക്കാതിരുന്ന രാഹുല്‍ ഗാന്ധി ഒടുവില്‍ സമരം പൊളിയുമെന്നുറപ്പായപ്പോള്‍ പത്രസമ്മേളനം വിളിച്ചിരിക്കുന്നു. കര്‍ഷകരില്‍ വീര്യം കുത്തിവെച്ചും ഭയം നിറച്ചും അവരെ വീണ്ടും സമരത്തിലേക്ക് അഴിച്ചുവിടാനാണ് രാഹുല്‍ ശ്രമിച്ചത്. ഈ പത്രസമ്മേളനത്തില്‍ അദ്ദേഹം റിപ്പബ്ലിക് ദിനത്തില്‍ നടന്ന അതിക്രമത്തെ അപലപിച്ചില്ലെന്ന് മാത്രമല്ല, ചെങ്കോട്ടയിലേക്ക് അക്രമകാരികളെ കടത്തിവിട്ട ദല്ഹിപൊലീസിനെ കുറ്റപ്പെടുത്തുകയായിരുന്നു. പക്ഷെ പരിക്കേറ്റ് ചികിത്സയില്‍ കഴിയുന്ന 394 ദല്‍ഹി പൊലീസുകാരെപ്പോലും രാഹുല്‍ ഓര്‍ക്കാഞ്ഞതെന്തേ?
റിപ്പബ്ലിക് ദിനഅക്രമത്തിന് ശേഷം ഷഹ്ജഹന്പൂര്, സിംഘു, തിക്രി, ഗാസിപൂര്‍ അതിര്‍ത്തി പ്രദേശങ്ങളില്‍ നിന്നും കര്‍ഷകര്‍ പിന്‍വാങ്ങിത്തുടങ്ങുകയായിരുന്നു. നേതൃത്വമില്ലാത്ത, കൃത്യമായ ദിശാബോധമില്ലാത്ത സമരം പരാജയപ്പെടാന്‍ തുടങ്ങുകയായിരുന്നു. ഭാരതീയ കിസാന്‍ യൂണിയന് നേതാവ് രാകേഷ് ടികായത്തും ഏതാനും അനുയായികളും മാത്രം ഗാസിപൂര്‍ അതിര്‍ത്തിയില്‍ ഏതാനും ടെന്റുകളില്‍ കുത്തിയിരിപ്പ് തുടര്‍ന്നു. അദ്ദേഹത്തിന്റെ സഹോദരന് നരേഷ് ടികായത്തും സമരത്തില്‍ നിന്നും പിന്‍വാങ്ങുന്നതായി അറിയിച്ചതോടെ അദ്ദേഹത്തിന്റെ പിന്‍ഗാമികളായ കുറെപ്പേര് സമരപ്പന്തലൊഴിഞ്ഞു. ഗാസിയാബാദിലെ ജില്ലാ മജിസ്ട്രേറ്റ് ഐപിസി 133ാം സെക്ഷന്‍ പ്രകാരം ഒഴിഞ്ഞുപോകാന്‍ അവശേഷിക്കുന്ന നേതാവ് രാകേഷ് ടികായത്തിന് നോട്ടീസ് നല്‍കിയതാണ്.
ഉത്തര്‍പ്രദേശ് പൊലീസ് ഗാസിപൂര്‍ അതിര്ത്തിപ്രദേശമാകെ സീല്‍ ചെയ്തു. വെള്ളവും വൈദ്യുതിയും നിര്‍ത്തിവെച്ചു. സൗജന്യ ഭക്ഷണവും നിര്‍ത്തി. ദല്‍ഹി പൊലീസും യുപി പൊലീസും റാപിഡ് ആക്ഷന്‍ ഫോഴ്സും ബാക്കിയുള്ള സമരക്കാരെ കൂടി ഒഴിപ്പിക്കാന്‍ തയ്യാറായി എത്തി. അപ്പോഴാണ് വ്യാഴാഴ്ച രാകേഷ് ടികായത്തിന്റെ നാടകം അരങ്ങേറിയത്.
മാധ്യമങ്ങളുടെ ക്യാമറകള്‍ക്ക് മുമ്പിലായിരുന്നു ടികായത്തിന്റെ വൈകാരിക നാടകം. തന്റെ അനുയായികളെ ബലപ്രയോഗത്തിലൂടെ ഒഴിപ്പിച്ചാല്‍ വെടിവെപ്പുണ്ടാകുമെന്നായിരുന്നു ആദ്യ ഭീഷണി. ബലം പ്രയോഗിച്ച് നീക്കിയാല്‍ താന്‍ തൂങ്ങിമരിക്കുമെന്നായിരുന്നു രണ്ടാമത്തെ ഭീഷണി. തന്റെ പ്രസംഗത്തിന് ശേഷം അദ്ദേഹം അവസാന അടവും പുറത്തെടുത്തു. തേങ്ങലും പൊട്ടിക്കരച്ചിലുമായിരുന്നു അടുത്ത അടവ്. മാധ്യമപ്രവര്‍ത്തകര്‍ ഇതെല്ലാം ക്യാമറയില്‍ ഒപ്പിയെടുത്തു. അതേ സമയം രാകേഷ് ടികായത്തിന്റെ അനിയന് നരേഷ് ടികായത്ത് പഞ്ചായത്ത് പിരിച്ചുവിടുകയാണെന്നും സമരം നിര്‍ത്തുകയാണെന്നും പറഞ്ഞ് സ്ഥലം വിട്ടിരുന്നു. സമരക്കാരില്‍ ഭൂരിഭാഗമുണ്ടായിരുന്ന ഇദ്ദേഹത്തിന്റെ അനുയായികളും സ്ഥലം വിട്ടിരുന്നു. സമരനാളുകളില്‍ ദിവസേന മാധ്യമങ്ങളോട് രാകേഷ് ടികായത്ത് സംസാരിക്കുമ്പോള്‍ ഇദ്ദേഹമാണ് ഭാരതീയ കിസാന്‍ യൂണിയന്റെ നേതാവ് എന്നാണ് കരുതിയത്. എന്നാല്‍ യഥാര്‍ത്ഥ നേതൃത്വം ഇദ്ദേഹത്തിന്റെ അനുജന് നരേഷിന്റെ കൈകളിലാണെന്ന് അദ്ദേഹവും അനുയായികളും ഒഴിഞ്ഞുപോയപ്പോള്‍ കാലിയായ ടെന്റുകളില്‍ നി്ന്നും മനസ്സിലായി. പടിഞ്ഞാറന്‍ യുപിയിലെ പഞ്ചായത്തുകളില്‍ നിന്നുള്ള മുഴുവന്‍ പിന്തുണയും സമരക്കാര്‍ക്ക് ലഭിച്ചത് നരേഷ് ടികായത്ത് മൂലമായിരുന്നു.
ദല്‍ഹി പൊലീസ് ഏതാണ്ട് 35 കര്‍ഷകര്‍ക്കെതിരെ രാജ്യദ്രോഹക്കുറ്റം ചുമത്തിയിട്ടുണ്ട്. റിപ്പബ്ലിക് ദിനത്തിലെ അക്രമത്തിന്റെ പശ്ചാത്തലത്തിലായിരുന്നു ഇത്. ഈ കര്‍ഷകനേതാക്കളുടെ അറസ്റ്റ് ഉടനെയുണ്ടാകും. വെള്ളിയാഴ്ച തന്നെ പൊലീസ് ഇവര്‍ക്ക് സമന്‍സും അയച്ചിട്ടുണ്ട്. ബുധനാഴ്ച തൊട്ടേ യുപി പൊലീസ് കര്‍ഷകരെ നീക്കം ചെയ്യാന്‍ ആരംഭിച്ചിരുന്നു. കഴിഞ്ഞ 40 ദിവസമായി ദല്‍ഹി-ഷഹരന്‍പൂര്‍ ഹൈവേ ഉപരോധിച്ച കര്‍ഷകരെ ഒഴിപ്പിച്ചു. മീററ്റിനടുത്ത് ബഗ്പാട്ടില് കുത്തിയിരുപ്പ് നടത്തിയ കര്‍ഷകരുടെ ടെന്റുകളും പൊളിച്ചുമാറ്റി. ഭാരതീയ കിസാന്‍ യൂണിയന് (ഭാനു) പ്രസിഡന്റ് തകൂര്‍ ഭാനു പ്രതാപ് സിംഗ്, ഓള് ഇന്ത്യ കിസാന്‍ സംഘര്‍ഷ് കോഓര്‍ഡിനേഷന്‍ കമ്മിറ്റി അംഗം വി.എം. സിഗ് എന്നിവര്‍ ജനവരി 26ന് രാത്രി തന്നെ സമരത്തിനുള്ള പിന്തുണ പിന്‍വലിച്ചിരുന്നു.
രാജസഥാന്-ഹരിയാന റോഡിലെ ഷഹരന്‍പൂരില്‍ പ്രതിഷേധിച്ചിരുന്ന കര്‍ഷകരെ പ്രദേശവാസികള്‍ ഭീഷണിപ്പെടുത്തി ഒഴിപ്പിച്ചു. കഴിഞ്ഞ രണ്ട് മാസമായി ഈ കുത്തിയിരിപ്പ് ധര്‍ണ്ണ മൂലം പ്രാദേശിക ഗ്രാമവാസികള്‍ പ്രശ്നം നേരിടുകയായിരുന്നു. ദല്‍ഹി-ആഗ്ര ഹൈവേയിലെ പാല്‍വലിലെ അത്തോഹയിലും സമരക്കാര്‍ ടെന്റുകളെല്ലാം മടക്കിക്കെട്ടി. തിക്രി, സിംഘു അതിര്‍ത്തികളിലും കര്‍ഷകരുടെ സംഘം ഒഴിഞ്ഞുകൊണ്ടിരിക്കുകയായിരുന്നു.
തലമൂത്ത് കര്ഷകക്കാരണവര്മാര്ക്ക് റിപ്പബ്ലിക് ദിനത്തിലെ അഴിഞ്ഞാട്ടം കടുത്ത നിരാശയാണ് സമ്മാനിച്ചത്. പ്രതേ്്യകിച്ചും ദേശീയ പതാകയെ അപമാനിച്ച സംഭവം. ഹരിയാന, ഉത്തര്‍പ്രദേശ്, രാജസ്ഥാന്, മധ്യപ്രദേശ് എ്ന്നിവിടങ്ങളിലെ ഗ്രാമവാസികള്‍ റിപ്പബ്ലിക് ദിനത്തിലെ സംഭവത്തോടെ രോഷാകുലരായി മാറി. സമരത്തിന് നേതൃത്വം നല്‍കിയവരെ കുറ്റപ്പെടുത്താനും തുടങ്ങി.
സിംഘു അതിര്‍ത്തിയില്‍ അതുവരെ സമരക്കാര്‍ക്ക് സംരക്ഷണവും പിന്തുണയും നല്‍കിയിരുന്ന നാട്ടുകാര്‍ ദേശീയ പതാകയും പിടിച്ച് സമരക്കാര്‍ക്കെതിരെ അട്ടഹാസവുമായി എത്തി. ദല്‍ഹി-ഹരിയാന അതിര്‍ത്തി തുറക്കണമെന്നും വാഹനങ്ങളെ കടന്നുപോകാന്‍ അനുവദിക്കണമെന്നും ആവശ്യപ്പെട്ട് അവര്‍ ബഹളത്തിനൊരുങ്ങി. പലരും ആദ്യഘട്ടത്തില്‍ സമരത്തെ അനുകൂലിച്ചവരാണ്. എന്നാല്‍ കര്‍ഷകരുടെ അക്രമം കണ്ടതോടെ അവരുടെ മനസ്സ് മാറി.
എല്ലാ കര്‍ഷകസംഘടനകളുടെയും സംയുക്തസംഘടനയായ സംയുക്ത കിസാന്‍ മോര്‍ച്ച വ്യാഴാഴ്ച പറഞ്ഞത് എന്തുവന്നാലും സമരം തുടരുമെന്നായിരുന്നു. പക്ഷെ ഈ കര്‍ഷകനേതാക്കളുടെ ശരീരഭാഷയില്‍ തോല്‍വി നിറഞ്ഞുനിന്നു. കാരണം പിന്തുണക്കാന്‍ ആള്‍ക്കൂട്ടം ഇല്ലാതായിരിക്കുന്നു. ഏതാനും ട്രാക്ടറുകളേ സിംഘു അതിര്‍ത്തിയില്‍ ബാക്കിയുള്ളൂ. റിപ്പബ്ലിക് ദിനത്തിന് അണിനിരന്ന ആയിരക്കണക്കിന് ട്രാക്ടറുകള്‍ മടങ്ങിപ്പോയി.
ഹരിയാനയിലെ റെവാരിയിലെ മസനി ബാരേജിലെ ആയിരക്കണക്കിന് കര്‍ഷകര്‍ മടങ്ങിപ്പോയി. ചെങ്കോട്ടയിലെ അക്രമം കണ്ടപ്പോള്‍ കോപാകുലരായ പ്രദേശവാസികള്‍ കര്‍ഷകര്‍ക്ക് ഒഴിഞ്ഞുപോകാന്‍ അന്ത്യശാസനം നല്‍കുകയായിരുന്നു. പരിസരത്തെ 20 ഗ്രാമങ്ങളിലെ നാട്ടുകാരാണ് തടിച്ചുകൂടിയത്. 24 മണിക്കൂറിനുള്ളില്‍ ഒഴിഞ്ഞുപോകാനായിരുന്നു കര്‍ഷകര്‍ക്ക് അവര്‍ കൊടുത്ത അന്ത്യശാസനം. അധികം വൈകാതെ അവിടുത്തെ ടെന്റുകളെല്ലാം കാലിയായി.
ജനവരി 26ലെ അക്രമത്തിന്റെ പേരില്‍ പൊതുജനസഹതാപം നഷ്ടപ്പെട്ടതായി കര്‍ഷകനേതാക്കള്‍ തിരിച്ചറിഞ്ഞു. തിക്രിയിലെയും സിംഘുവിലെയും മെലിഞ്ഞുപോയ കര്‍ഷകസംഘം ഒരുകാര്യം വെളിവാക്കി- ഈ സമരത്തിന്റെ നേതൃത്വത്തിന് കൃത്യമായ ദിശാബോധമില്ല. മാത്രമല്ല, ഇവര്‍ക്കിടയില്‍ നിരാശയും ഭിന്നിപ്പുമുണ്ട്.
കഴിഞ്ഞ രണ്ട് മാസമായി കര്‍ഷകര്‍ക്ക് പാലും പഴങ്ങളും പച്ചക്കറിയും ധാന്യങ്ങളും വെള്ളവും നല്കിയവരാണ് ഈ ഗ്രാമവാസികള്‍. പക്ഷെ ഇപ്പോള്‍ അവര്‍ വെള്ളം പോലും കൊടുക്കാന്‍ തയ്യാറല്ല. സമരത്തില്‍ കുത്തിയിരുന്ന കര്‍ഷകര്‍ക്ക് പോലും ജനവരി 26ലെ സമരത്തിന് എതിര്‍പ്പുണ്ട്. അതാണ് അവരെ സമരപ്പന്തല്‍ വിട്ട് വീട്ടിലേക്ക് പോകാന്‍ പ്രേരിപ്പിച്ചത്. പക്ഷെ ഇപ്പോഴും ചില നേതാക്കള്‍ അവരുടെ തെറ്റ് അംഗീകരിക്കാന്‍ തയ്യാറല്ല. ഇക്കാര്യത്തില്‍ കര്‍ഷകനേതാക്കള്‍ പരസ്യമായി മാപ്പ് പറഞ്ഞ് സമരം നിര്‍ത്തുകയാണ് വേണ്ടത്. പണ്ട് ചൗരി ചൗരാ സംഭവമുണ്ടായപ്പോള്‍ മഹാത്മാഗാന്ധിപോലും ജനങ്ങളോട് മാപ്പുചോദിച്ച് സമരം നിര്‍ത്തുകയുണ്ടായി.
എന്തായാലും കര്‍ഷകനേതാക്കള്‍ക്ക് ഇന്ത്യന്‍ ജനതയുടെ വിശ്വാസം നഷ്ടമായിക്കഴിഞ്ഞു. രാജ്യത്തെ ജനങ്ങളില്‍ ഭൂരിഭാഗത്തിനും മുറിവേറ്റിരിക്കുന്നു. സമരക്കാരോ്ട് എല്ലാവര്ക്കും വെറുപ്പും വിദ്വേഷവുമാണ്. ദേശീയപതാകയെ അപമാനിച്ചവരോട് ദേശീയ സ്മാരകത്തില്‍ മൂത്രമൊഴിച്ചവരോട് മറ്റൊരു വികാരം ഉണ്ടാകില്ലെന്നുറപ്പ്.
നടന് ദീപ് സിദ്ദുവും സത്നം സിംഗ് പന്നുവും സര്‍വന്‍ സിംഗ് പാന്ററും അവരോടൊന്നിച്ച് സമരപ്പന്തലിലിരുന്നപ്പോള്‍ അവരും കര്ഷകരായിരുന്നൂു. എന്നാല്‍ ജനവരി 26ന്റെ അനിഷ്ടസംഭവത്തിന്റെ മുഴുവന്‍ കളങ്കവും ഈ മൂന്ന പേരുടെ മേലും കെട്ടിവെച്ച് കര്‍ഷകനേതാക്കള്‍ കൈകഴുകുകയാണ്. ഇപ്പോള്‍ മുടന്തന്‍ ന്യായം നിരത്തുന്ന കര്‍ഷകനേതാക്കളെ നിങ്ങള്‍ എത്രയും വേഗം അവശേഷിക്കുന്ന സമരം കൂടി നിര്‍ത്തിവെച്ച് മാപ്പ് പറയുന്നതല്ലേ എല്ലാവര്ക്കും നല്ലത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: