തിരുവനന്തപുരം: സംസ്ഥാന ചലച്ചിത്ര അവാര്‍ഡ് ജേതാക്കളെ സര്‍ക്കാരും മുഖ്യമന്ത്രിയും വിളിച്ചു വരുത്തി അപമാനിച്ചതായി നിര്‍മാതാവ് ജി.സുരേഷ്കുമാര്‍. അവാര്‍ഡുകള്‍ മേശപ്പുറത്തു വച്ചു കൊടുത്തതിലൂടെ ജേതാക്കളെ അപമാനിക്കുകയാണ് സര്‍ക്കാര്‍ ചെയ്തതെന്ന് അദേഹം വിമര്‍ശിച്ചു.
കൊറോണ മാനദണ്ഡങ്ങള്‍ പാലിച്ചുകൊണ്ട് തന്നെ മുഖ്യമന്ത്രിക്ക് ജേതാക്കള്‍ക്ക് അവാര്‍ഡു നല്‍കാമായിരുന്നു. അതിനു സാധിച്ചില്ലെങ്കില്‍ മറ്റു മന്ത്രിമാരെകൊണ്ടെങ്കിലും അവാര്‍ഡുകള്‍ നല്‍കാമായിരുന്നു. കഴിഞ്ഞ ദിവസം നടന്നത് രാജഭരണ കാലത്തു പോലും നടക്കാത്ത സംഭവമാണെന്നും സുരേഷ് കുമാര്‍ പറഞ്ഞു.
ഇങ്ങനെ വിളിച്ച് അപമാനിക്കുന്നതിലും ഭേദം അവാര്‍ഡുകള്‍ വീടുകളില്‍ എത്തിച്ചു കൊടുക്കുന്നതായിരുന്നു. വേദിയില്‍ വെച്ചുതന്നെ അപമാനിതരായിട്ടും അതു തുറന്നു പറയാനുള്ള തന്റേടം ആരും കാണിക്കാത്തത് കഷ്ടമാണെന്നും അദേഹം പറഞ്ഞു.
ദേശീയ ചലച്ചിത്ര അവാര്‍ഡുകളില്‍ 10 എണ്ണം രാഷ്ട്രപതി റാംനാഥ് കോവിന്ദും ശേഷിച്ചതു കേന്ദ്ര മന്ത്രിമാരും വിതരണം ചെയ്തതിന്റെ പേരില്‍ ചടങ്ങു ബഹിഷ്കരിച്ച നടന്മാര് ഇവിടെയുണ്ട്. എന്നാല്‍ അന്നു ഫാല്‍ക്കെ അവാര്‍ഡ് ഉള്‍പ്പെടെ എല്ലാ പ്രധാന അവാര്‍ഡുകളും രാഷ്ട്രപതിയാണ് വിതരണം ചെയ്തത്. കേരളത്തില്‍ അതിനു തുല്ല്യമായി കരുതുന്ന ജെ.സി.ഡാനിയേല്‍ അവാര്‍ഡ് പോലും എടുത്തു കൊടുക്കാന്‍ മുഖ്യമന്ത്രി തയാറായില്ലന്നു സുരേഷ് കുമാര്‍ വിമര്‍ശിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: