കൊട്ടിയം: മുഖംമൂടി ധരിച്ച് വീടിനുള്ളില്‍ പതിയിരുന്ന ശേഷം തക്കം നോക്കി ഗൃഹനാഥനെ ആക്രമിച്ച് കാലുകള്‍ തല്ലിയൊടിച്ച സംഭവത്തില്‍ ക്വട്ടേഷന്‍ സംഘത്തിലെ അഞ്ചുപേര്‍ പിടിയില്‍.
വടക്കേവിള സുരഭി നഗര്‍ 191 അജിതാ ഭവനില്‍ കുമാര്‍ എന്നു വിളിക്കുന്ന ശിവകുമാര്‍ (46), അയത്തില്‍ നഗര്‍ പുളിന്താനത്ത് തെക്കതില്‍ ബൈജു (48), സബീനാമന്സിലില് സനോജ് (37), പട്ടത്താനം ദര്‍ശനാനഗര്‍ കാര്‍ത്തിക വീട്ടില്‍ അരുണ്‍ (40), പട്ടത്താനം ജനകീയ നഗര്‍ ഭാമാ നിവാസില്‍ സന്തോഷ് (48) എന്നിവരാണ് ഇരവിപുരം പോലീസിന്റെ പിടിയിലായത്.
17ന് രാത്രി പത്തരയോടെയായിരുന്നു സംഭവം. പാലത്തറ ബൈപാസ് റോഡിനടുത്ത് എന്‍എസ് ആയുര്‍വേദ ആശുപത്രിക്ക് പുറകില്‍ അനില്‍കുമാറിന്റെ വീട്ടില്‍ ഒറ്റിയ്ക്ക് താമസിക്കുന്ന അനില്‍കുമാര്‍(52) ആണ് അക്രമത്തിനിരയായത്. ക്വട്ടേഷന്‍സംഘം അനില്‍കുമാറിന്റെ കാലുകള്‍ കമ്പിവടി ഉപയോഗിച്ച് തല്ലിയൊടിക്കുകയായിരുന്നു. രാത്രിയില്‍ നടന്ന സംഭവം രാവിലെയാണ് പുറംലോകം അറിയുന്നത്.
ബൈപാസ് റോഡിലും പരിസരത്തുമുള്ള നൂറോളം നിരീക്ഷണ ക്യാമറകളും, സൈബര്‍ സെല്ലിന്റെ സഹായത്തോടെ സമീപത്തെ മൊബൈല്‍ ടവ്വറുകളില്‍ നിന്നു പോയ പതിനായിരത്തോളം ഫോണ്‍കാളുകളും പരിശോധിച്ചാണ് പ്രതികള്‍ സഞ്ചരിച്ച വാഹനംപോലീസ് കണ്ടെത്തിയത്.
എസ്ഐമാരായ ദീപു, ഷമീര്‍, സൂരജ് ഭാസ്കര്‍, എഎസ്ഐ ജയപ്രകാശ് എന്നിവരടങ്ങിയ സംഘം എഴുകോണ്‍ കരീപ്രയിലുള്ള ഒളിസങ്കേതത്തില്‍ നിന്നാണ് പ്രതികളെ പിടികൂടിയത്. കാലുകള്‍ ഒടിഞ്ഞ് ആശുപത്രിയില്‍ കഴിയുന്ന അനില്‍കുമാറിന്റെ ബന്ധുവായ സന്തോഷിന്റെ ക്വട്ടേഷന്‍ പ്രകാരമാണ് ആക്രമണം നടത്തിയത്. കുടുംബ പ്രശ്നങ്ങളാണ് ക്വട്ടേഷന്‍ നല്കാന് കാരണമായതെന്ന് പോലീസ് പറഞ്ഞു. ഇരവിപുരം എസ്എച്ച്ഒ വിനോദ് കെ, എസ്ഐമാരായ അനീഷ് എ.പി, ബിനോദ് കുമാര്‍, ജിഎസ്ഐ ജയകുമാര്‍ എന്നിവരാണ് അന്വേഷണ സംഘത്തിലുണ്ടായിരുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: