കൊല്ലം: വല വിഴുങ്ങി അവശനായി കൊല്ലം തങ്കശ്ശേരി പുലിമുട്ടില്‍ അടിഞ്ഞ ഡോള്‍ഫിന്‍ രണ്ട് മണിക്കൂറിനുള്ളില്‍ ചത്തു. ആന്‍ഡമാന്‍ നിക്കോബാര്‍ ദ്വീപിനോട് ചേര്‍ന്ന് ഉള്‍ക്കടലില്‍ കണ്ടുവരാറുള്ള സ്ട്രിപ്പിഡ് ഇനത്തില്‍പ്പെട്ട ഡോള്‍ഫിനാണ് ചത്തത്.
തങ്കശ്ശേരി പുലിമുട്ടിന് സമീപം ശരീരത്തില്‍ വല കുരുങ്ങിയ നിലയിലാണ് ഡോള്‍ഫിനെ കണ്ടത്. മത്സ്യത്തൊഴിലാളികള്‍ ഡോള്‍ഫിനെ ഉള്‍ക്കടലിലേക്ക് ഒഴുക്കിവിടാന്‍ ശ്രമിച്ചെങ്കിലും മിനിറ്റുകള്‍ക്കകം മടങ്ങിയെത്തി. സ്ഥലത്തെത്തിയ കോസ്റ്റല്‍ പോലീസ് വനംവകുപ്പിനെ വിവരമറിയിച്ചു.
അഞ്ചല്‍ ഫോറസ്റ്റ് റേഞ്ച് ഫോറസ്റ്റ് ഓഫീസര്‍ ജയന് ബി.ആറിന്റെ നേതൃത്വത്തില്‍ വനംവകുപ്പ് സംഘമെത്തി കോസ്റ്റല്‍ പോലീസിന്റെ ബോട്ടില്‍ ഡോള്‍ഫിനെ കരയ്ക്കെത്തിച്ചു. തുടര്‍ന്ന് വനം വകുപ്പിന്റെ ഡോക്ടര്‍ സിബി.വി.ജിയുടെ നേതൃത്വത്തില്‍ നടന്ന പോസ്റ്റ്മോര്‍ട്ടത്തില്‍ ഡോള്‍ഫിന്റെ ആമാശയത്തില്‍ നിന്നും പ്ലാസ്റ്റിക് വല കണ്ടെടുത്തു.
ആമാശയത്തില്‍ വല നിറഞ്ഞതിനാല്‍ രണ്ട് ദിവസമായി ആഹാരം കഴിക്കാനാകാതെ അവശനായാണ് ഡോള്‍ഫിന്‍ ചത്തതെന്ന് കരുതുന്നു. 2.2 മീറ്റര്‍ നീളവും 70 കിലോ ഭാരവുമുണ്ട്. കോസ്റ്റല്‍ എസ്എച്ച്ഒ എസ്. ഷെറീഫ്, എസ്ഐമാരായ നാസര്‍കുട്ടി, സജയന്, പ്രശാന്തന്, പ്രൊഫ. ഹരലിന്, ലൈഫ് ഗാര്‍ഡ് രാജു എന്നിവരുടെ നേതൃത്വത്തിലുള്ള സംഘമാണ് ഡോള്‍ഫിനെ കരയ്ക്കെത്തിച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: