കണ്ണൂര്‍: സുധാകരന്റെ അധ്യക്ഷ മോഹത്തിന് തടയിട്ടത് കെ.സി. വേണുഗോപാല്‍. ഇതു സംബന്ധിച്ച് കോണ്‍ഗ്രസിനത്ത് ഗ്രൂപ്പ് തിരിഞ്ഞ് ചര്‍ച്ചകള്‍ ചൂടുപിടിക്കുന്നു. എഐസിസി സംഘടനാ ചുമതലയുളള ജനറല്‍ സെക്രട്ടറിയായ കെ.സി.വേണുഗോപാലും കെ. സുധാകരനുമായി കാലങ്ങളായി നിലനില്‍ക്കുന്ന ഭിന്നതയാണ് കൈയെത്തും ദൂരത്തെത്തിയ സുധാകരന്റെ അധ്യക്ഷ പദവി നഷ്ടപ്പെടാന്‍ വഴിയൊരുക്കിയതെന്നാണ് സൂചന.
വേണുഗോപാല്‍ സുധാകരന്റെ സ്ഥാനലബ്ധിക്ക് തടയിടുമെന്ന് നേരത്തേ തന്നെ പല കോണുകളില്‍ നിന്ന് അഭിപ്രായമുയര്‍ന്നിരുന്നു. സുധാകരന്റെ പ്രസിഡണ്ട് മോഹത്തിന് തടയിട്ടത് വേണുഗോപാലാണെന്നത് സംബന്ധിച്ച് സുധാകര അനുകൂലികള്‍ക്കിടയിലും ചര്‍ച്ചകള്‍ സജീവമായിട്ടുണ്ട്. സാമൂഹ്യ മാധ്യമ ഗ്രൂപ്പുകളിലും മറ്റും ഇതു സംബന്ധിച്ച് സുധാകരാനുകൂലികള് പോസ്റ്റുകള്‍ പ്രചരിപ്പിക്കുന്നുണ്ട്.
കണ്ണൂരിലെ കോണ്‍ഗ്രസ് രാഷ്ട്രീയത്തില്‍ സുധാകരനില്‍ നിന്നകന്ന് സ്വന്തം ഗ്രൂപ്പ് ഉണ്ടാക്കി. ഒടുവില്‍ സുധാകരന് മുന്നില്‍ പിടിച്ചു നില്ക്കാനാവാതെ കെ.സി. വേണുഗോപാല്‍ ആലപ്പുഴയിലേക്ക് വണ്ടി കയറുകയായിരുന്നു. തുടര്‍ന്ന് എംപിയായി ദൽഹിയിലെത്തി എഐസിസി നേതൃത്വത്തില്‍ ഉന്നത തസ്തികയില്വരെയെത്തി സുധാകരനെ ഗൗനിക്കാതെ മുന്നോട്ട് പോവുകയായിരുന്നു. അതു കൊണ്ടുതന്നെ തന്നേക്കാളും ജൂനിയറായ കെസിയുമായി കാലങ്ങളായി സുധാകരന് അടുപ്പത്തിലല്ല.
സുധാകരന് കെപിസിസി അധ്യക്ഷ സ്ഥാനത്തെത്തുന്നതോടെ കേരളത്തിലെ കോണ്‍ഗ്രസില്‍ തനിക്കുളള പിടിവിടുമെന്നും നിയമസഭാ തെരഞ്ഞെടുപ്പില്‍ തന്റെ അനുയായികള്‍ സ്ഥാനാര്‍ത്ഥി സ്ഥാനത്തേക്ക് തഴയപ്പെടുമെന്നുളള തിരിച്ചറിവ് കെസിക്കുണ്ട്. കൂടാതെ ഏതെങ്കിലും വിധേന യുഡിഎഫ് അധികാരത്തിലെത്തിയാൽ മുഖ്യമന്ത്രി മുതൽ മന്ത്രിമാർ വരെയുള്ളവരെ തന്റെ ഇംഗിതത്തിനനുസരിച്ച് നിയമിക്കുന്നതിനും സുധാകരന്റെ അധ്യക്ഷ സ്ഥാനം തടസമാവും എന്നതു കൂടിയാണ് സുധാകരന്റെ പ്രസിഡണ്ട് സ്ഥാനത്തേക്കുളള കടന്നു വരവിന് തടയിടാന്‍ കെസിയെ പ്രധാനമായും പ്രേരിപ്പിച്ചതെന്നാണ് അണിയറ സംസാരം.
തന്റെ താല്‍പ്പര്യം സംരക്ഷിക്കാന്‍ സുധാകരന് പ്രസിഡണ്ടാകുന്നതില്‍ അസംതൃപ്തരായ കോണ്‍ഗ്രസിലെ നേതാക്കളെയെല്ലാം കൂടെ നിര്‍ത്തുകയും നിലവിലെ കെപിസിസി പ്രസിഡണ്ടായ മുല്ലപ്പളളിയടക്കമുളളവരുമായി കൂടിയാലോചനങ്ങള്‍ നടത്തിയാണ് കെസിയുടെ നീക്കങ്ങളെന്ന് ഏതാനും ദിവസങ്ങളില്‍ കോണ്‍ഗ്രസിനത്ത് നടന്ന സംഭവങ്ങള്‍ ചൂണ്ടിക്കാട്ടുന്നു.
ദിവസങ്ങള്‍ക്ക് മുമ്പ് മുല്ലപ്പളളി അധ്യക്ഷ സ്ഥാനമൊഴിഞ്ഞ് തെരഞ്ഞെടുപ്പില്‍ മത്സരിക്കുമെന്നും കെപിസിസി അധ്യക്ഷനായി സുധാകരന് നിയമിക്കപ്പെടുമെന്നും ചില കോണ്‍ഗ്രസ് നേതാക്കള്‍ തന്നെ പരസ്യമായും രഹസ്യമായും അഭിപ്രായപ്പെട്ടിരുന്നു. മുല്ലപ്പളളിയും ഇക്കാര്യം സ്ഥിരീകരിച്ചിരുന്നു. ഹൈക്കമാന്‍ഡ് ആവശ്യപ്പെട്ടാല്‍ താന്‍ പ്രസിഡണ്ട് പദവി ഏറ്റെടുക്കാന്‍ തയ്യാറെന്ന് സുധാകരനും വെളിപ്പെടുത്തുകയുണ്ടായി. എന്നാല്‍ തുടര്‍ന്നുളള ദിവസങ്ങളില്‍ താന്‍ മത്സരത്തിനില്ലെന്ന് മുല്ലപ്പളളി തന്നെ അറിയിക്കുകയായിരുന്നു. കെപിസിസി അധ്യക്ഷ പദവിയില്‍ തുടരാന്‍ തന്നെയാണ് താല്പര്യമെന്നും കാണിച്ച് മുല്ലപ്പള്ളി ഹൈക്കമാന്‍ഡിന് കത്തും നല്കി. ഇതിന് പിന്നിലും സുധാകരനെതിരായ നീക്കമാണെന്ന് തെളിയുകയാണ്.
വേണുഗാപാലിന്റെയും മറ്റ് ചില നേതാക്കളുടേയും തീരുമാന പ്രകാരമാണ് ഇതെല്ലാം നടന്നതെന്നാണ് ആരോപണം ഉയരുന്നത്. തെരഞ്ഞെടുപ്പില്‍ മുല്ലപ്പളളി മത്സരിക്കാതിരിക്കുന്നതോടെ അധ്യക്ഷ പദവിയില്‍ താല്‍ക്കാലം മാറ്റം ആവശ്യമില്ലെന്ന അവസ്ഥയുണ്ടാവുകയും അതുവഴി സുധാകരന്റെ നീക്കത്തിന് തടയിടാമെന്നുമുളള വ്യക്തമായ ആസൂത്രണത്തിന്റെ ഭാഗമാണ് നീക്കങ്ങളെല്ലാം നടന്നതെന്നാണ് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍തന്നെ രഹസ്യമായി പറയുന്നത്.
കെപിസിസി അധ്യക്ഷ സ്ഥാനത്തു നിന്നും കെപിസിസിയോ കെ. സുധാകരനോ ഔദ്യോഗികമായി എവിടെയും അധ്യക്ഷ പദം മാറുന്നതിനെ കുറിച്ച് സംസാരിച്ചിട്ടില്ലെന്ന് വേണുഗോപാല്‍ കഴിഞ്ഞ ദിവസം വ്യക്തമാക്കുകയും ഉണ്ടായി. ഇതെല്ലാം ഇതിന്റെ തുടര്‍ച്ചയാണെന്ന് വിവരം. ഹൈക്കമാന്‍ഡില്‍ ശക്തമായ സ്വാധീനമുളള വേണുഗോപാലിന്റെ സാന്നിധ്യം സുധാകരന് പ്രസിഡണ്ട് സ്ഥാനത്തെത്തുന്നതിന് കടുത്ത വെല്ലുവിളിയാവുകയാണ്.
കണ്ണൂര്‍ രാഷ്ട്രീയത്തിലെ ഗ്രൂപ്പ് യുദ്ധത്തില്‍ സുധാകരനോട് ഏറ്റുമുട്ടാന്‍ സാധിക്കാതെ ജില്ല വിടേണ്ടി വന്ന കെ.സി കണ്ണൂരിലും ഒപ്പം സംസ്ഥാനത്താകമാനവും വീണ്ടും ഗ്രൂപ്പ് ശക്തപ്പെടുത്തുകയാണെന്ന ആരോപണവും കെ. സുധാകരനെ പിന്തുണയ്ക്കുന്നവരുടെ ഭാഗത്തു നിന്നും ഉയര്‍ന്നു തുടങ്ങിയിട്ടുണ്ട്. കെസിയുടെ നീക്കങ്ങള്‍ കേരളത്തിലെ കോണ്‍ഗ്രസിലെ ഗ്രൂപ്പ് സമവാക്യങ്ങളിലും ഗ്രൂപ്പ് പോരിലും പുതിയ സംഭവ വികാസങ്ങള്‍ക്ക് വഴിതുറക്കുമെന്നുറപ്പാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: