ലണ്ടന്‍: ആവേശപ്പോരാട്ടത്തില്‍ ടോട്ടനത്തെ വീഴ്ത്തി ലിവര്‍പൂര്‍ വിജയവഴിയില്‍ തിരിച്ചെത്തി. പ്രീമയര്‍ ലീഗില്‍ നിലവിലെ ചാമ്പ്യന്മാരായ ലിവര്‍പൂള്‍ ഒന്നിനെതിരെ മൂന്ന് ഗോളുകള്‍ക്കാണ് ടോട്ടനത്തെ തോല്‍പ്പിച്ചത്. അഞ്ചു മത്സരങ്ങള്‍ക്കുശേഷം ഇതാദ്യമായാണ് ലിവര്‍പൂള്‍ വിജയം നേടുന്നത്. ഇതോടെ കിരീടം നിലനിര്‍ത്താനുള്ള സാധ്യതകള്‍ സജീവമായി.
ഒന്നാം പകുതിയുടെ ഇഞ്ചുറി ടൈമിന്റെ നാലാം മിനിറ്റില്‍ റോബര്‍ട്ടോ ഫിര്‍മിനോ ലിവര്‍പൂളിനെ മുന്നിലെത്തിച്ചു. 483 മിനിറ്റുകള്‍ക്ക് ശേഷം ലിവര്‍പൂളിന്റെ ആദ്യ ഗോളാണിത്. രണ്ടാം പകുതിയുടെ തുടക്കത്തില്‍ അലക്സാണ്ടര്‍ അര്‍നോള്‍ഡ് ലീഡ് 2-0 ആയി ഉയര്‍ത്തി. എന്നാല്‍ രണ്ട് മിനിറ്റിനുള്ളില്‍ ടോട്ടനം ഒരു ഗോള്‍ മടക്കി. ഹോജ്ബെര്ജാണ് സ്കോര്‍ ചെയ്തത്. അറുപത്തിയഞ്ചാം മിനിറ്റില്‍ സാദിയോ മാനെയും ഗോള്‍ അടിച്ചതോടെ ലിവര്‍പൂള്‍ ജയിച്ചുകയറി. കളിയുടെ തുടക്കത്തില്‍ തന്നെ ടോട്ടനത്തിനായി സണ്‍ ഹിയൂങ് മിന് ഗോള്‍ നേടിയെങ്കിലും ഗോള്‍ അനുവദിച്ചില്ല. സണ്‍ ഓഫ് സൈഡായിരുന്നെന്ന് വാര് വിധിച്ചു.
ഈ വിജയത്തോടെ ഇരുപത് മത്സരങ്ങളില്‍ മുപ്പത്തിയേഴ് പോയിന്റുമായി ലിവര്‍പൂള്‍ നാലാം സ്ഥാനത്തെത്തി. ഒന്നാം സ്ഥാനത്തുള്ള മാഞ്ചസ്റ്റര്‍ സിറ്റിയെക്കാള്‍ നാലു പോയിന്റിന് പിന്നിലാണ് നിലവിലെ ചാമ്പ്യന്മാര്. മാഞ്ചസ്റ്റര്‍ സിറ്റിക്ക് പത്തൊമ്പത് മത്സരങ്ങളില്‍ നാല്‍പ്പത്തിയൊന്ന് പോയിന്റാണുള്ളത്. മാഞ്ചസ്റ്റര്‍ യുണൈറ്റഡ് ഇരുപത് മത്സരങ്ങളില്‍ നാല്‍പ്പത് പോയിന്റുമായി രണ്ടാം സ്ഥാനത്തുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: