മുന്‍വര്‍ഷങ്ങളിലെ ബജറ്റില്‍ നിന്ന് ഏറെ വ്യത്യസ്തമായിരിക്കും 2021ലെ ബജറ്റ് എന്നാണ് നിര്‍മ്മല സീതാരാമന്റെ അവകാശവാദം. പാര്‍ലമെന്റ് മേശപ്പുറത്ത് വെച്ച സാമ്പത്തിക സര്‍വ്വേയില്‍ ഇതിന്റെ സൂചനകള്‍ ഉണ്ട്. വീണ്ടും ഇന്ത്യയുടെ ജിഡിപി 11 ശതമാനം വളര്‍ച്ചയിലേക്ക് കുതിക്കാന്‍ വേണ്ടതെല്ലാം ചെയ്യുമെന്ന ഉറപ്പാണ് ധനമന്ത്രി നല്‍കുന്നത്. എന്ത് മാജിക്കായിരിക്കും കോവിഡ് തകര്‍ത്തെറിഞ്ഞ ഇന്ത്യയുടെ സമ്പദ്ഘടനയെ തിരിച്ചുകൊണ്ടുവരാന്‍ നിര്‍മ്മല എടുത്തു പയറ്റുക?
കോവിഡ് തകര്‍ത്തെറിഞ്ഞ സമ്പദ്ഘടന
ഇന്ത്യയുടെ സമ്പദ്ഘടന കോവിഡ് മഹാമാരിയുടെ പിടിയില്‍പ്പെട്ട് അതീവ രോഗാവസ്ഥയിലാണ്. 2020ലെ ആദ്യ സാമ്പത്തികപാദത്തില്‍ ഇന്ത്യയുടെ മൊത്തആഭ്യന്തരോല്‍പാദനം (ജിഡിപി) മൈനസ് 23.9 ശതമാനമായിരുന്നു. രണ്ടാം സാമ്പത്തികപാദത്തില്‍ അത് മൈനസ് 7.5 ശതമാനമായി. മൂന്നാം പദാത്തില്‍ അത് ചെറിയ തോതില്‍ പോസിറ്റീവായി. എങ്കിലും ആ പോസീറ്റീവ് വളര്‍ച്ച നിലനിര്‍ത്താനും അതിന് ആക്കം കൂട്ടാനും ഏറെ പണിപ്പെടേണ്ട ഘട്ടത്തിലാണ് 2021ലെ ബജറ്റ് എത്തുന്നത്.
നിര്‍ജീവമായ സാമ്പത്തികരംഗത്ത് പ്രതീക്ഷയും ഉണര്‍വ്വും നിലനിര്‍ത്താന്‍ ആദ്യം വേണ്ടത് ആഭ്യന്തര ഉപഭോഗത്തിന് ആക്കം കൂട്ടുക എന്നതാണ്. ഒപ്പം കൂടുതല്‍ തൊഴിലവസരങ്ങള്‍ സൃഷ്ടിക്കണം. വ്യവസായ മേഖലയില്‍ വലിയ നിക്ഷേപങ്ങള്‍ ആകര്‍ഷിക്കണം. വലിയ തോതില്‍ പണം ചെലവഴിക്കുമ്പോള്‍ തന്നെ നാണയപ്പെരുപ്പം വരാതെ നോക്കണം.- ഇതൊക്കെയാണ് ഇന്നത്തെ തകര്‍ന്ന സമ്പദ്ഘടന ആവശ്യപ്പെടുന്ന പുനരുജ്ജീവന മന്ത്രങ്ങള്‍.
ഉപഭോഗം കൂട്ടല്‍ പ്രധാനം
ആഭ്യന്തര ഉപഭോഗമേഖല കോവിഡാനന്തര അടച്ചിടലോടെ ഏതാണ്ട് പൂര്‍ണ്ണമായും നിശ്ചലാവസ്ഥയിലായി. കോവിഡ് കാലഘട്ടം തൊഴില്‍ മേഖലയില്‍ വലിയ ആഘാതമാണ് സൃഷ്ടിച്ചത്. തൊഴില്‍ നഷ്ടമായത് മൂലം ജനങ്ങളുടെ വാങ്ങല്‍ ശേഷി നന്നേ ദുര്‍ബ്ബലമായി. അതിനാല്‍ നഗരങ്ങളിലും ഗ്രാമങ്ങളിലും കൂടുതല്‍ തൊഴിലുകള്‍ സൃഷ്ടിക്കാന്‍ നിര്‍മ്മലാ സീതാരാമന് കഴിയണം.
നടപ്പ് സാമ്പത്തിക വര്‍ഷം ഇന്ത്യയുടെ സാമ്പത്തിക വളര്‍ച്ച മൈനസ് എട്ടിലേക്ക് ഇടിയും എന്നാണ് ജെപി മോര്‍ഗനിലെ സാമ്പത്തിക വിദഗ്ധര്‍ പറയുന്നത്. രോഗവ്യാപനം കുറഞ്ഞതിനാല്‍ വിപണിയില്‍ പൊതുവേ ഉണര്‍വ്വനുഭവപ്പെടും. കോവിഡ് അടച്ചുപൂട്ടല്‍ കാലത്ത് വിപണിയില്‍ ഇറങ്ങാന്‍ കഴിയാത്ത സമ്പന്നര്‍ ഇപ്പോള്‍ അവരുടെ പണമിറക്കി ആര്‍ത്തിയോടെ സാധനങ്ങള്‍ വാങ്ങിക്കൂട്ടുന്നതും വിപണിയ്ക്ക് 2021ന്റെ ആദ്യ മാസങ്ങളില്‍ കുറച്ച് ഉണര്‍വ്വേകും. എന്നാല്‍ ഇതുകൊണ്ടൊന്നും ഒരു രാജ്യത്തിന്റെ ആകെ ഉപഭോഗമേഖല ഉണര്‍ന്നു എന്ന് കരുതാനാവില്ല.
വരുമാനമാര്‍ഗ്ഗങ്ങള്‍ അടഞ്ഞുപോവുകയോ കുറഞ്ഞുപോവുകയോ ചെയ്തതിനാല്‍ 2021ല്‍ ഭൂരിഭാഗം പേരും വിലകൂടിയ പുതിയ സാധനങ്ങള്‍ വാങ്ങാന്‍ ഉദ്ദേശിക്കുന്നില്ലെന്ന് സര്‍വ്വേകള്‍ പറയുന്നു. വീട്, കാര്‍, ടിവി, ഫ്രിഡജ് എന്നിവയുടെ ഉപഭോഗത്തില്‍ കുറവുണ്ടാകുമെന്ന് തീര്‍ച്ച. അതിനാല്‍ ആദ്യം ഉണരേണ്ടത് തൊഴില്‍ മേഖല തന്നെയാണ്. ജനങ്ങളുടെ ഉപഭോഗം കൂട്ടാന്‍ തൊഴില്‍ വിപണി ഉണര്‍ന്നേ മതിയാവൂ. ഇതാണ് നിര്‍മ്മല സീതാരാമനില്‍ നിന്നും ജനം കൂടുതലായി പ്രതീക്ഷിക്കുന്നത്. ഉയര്‍ന്ന മാസശമ്പളമുള്ള തൊഴിലവസരങ്ങള്‍ ഉണ്ടായാല്‍ ഉപഭോഗരംഗത്ത് അതിന്റെ പ്രതിഫലനം ഉണ്ടാകും.
വ്യവസായനിക്ഷേപം എന്ന സൗരോര്‍ജ്ജം
വ്യവസായസംരംഭകര്‍ കൂടുതല്‍ നിക്ഷേപം നടത്തിയാലേ കൂടുതല്‍ തൊഴിലവസരങ്ങള്‍ ഉണ്ടാകൂ. മഹാമാരി എത്തിയതോടെ വ്യവസായമേഖല ഒറ്റയടിക്ക് തകര്‍ന്നു. 2019-2020ല്‍ ആകെ വ്യവസായമേഖലയില്‍ നടന്ന നിക്ഷേപം 15.8 ലക്ഷം കോടി ആയിരുന്നു. 2020-21ല്‍ ഡിസംബര്‍ വരെ നടന്ന നിക്ഷേപം വെറും 2.7 ലക്ഷം കോടി മാത്രമാണ്. കഴിഞ്ഞ രണ്ട് ദശകത്തിലെ കണക്കെടുത്താല്‍ ഏറ്റവും കുറഞ്ഞ നിക്ഷേപമാണിത്. പ്രധാനമന്ത്രി മോദി വികസ്വരരാഷ്ട്രങ്ങളിലെ ബഹുരാഷ്ട്രഭീമന്മാരെ ഇന്ത്യയിലേക്ക് ആകര്‍ഷിക്കാന്‍ ശ്രമിച്ചിരുന്നു. ഇതില്‍ ഇനിയും കാര്യമായ ഫലം കൈവന്നിട്ടില്ല. കൊറോണ മഹാമാരിക്ക് ശേഷം ചൈനയും അമേരിക്കയും തമ്മിലുള്ള അകല്‍ച്ച മുതലാക്കി അമേരിക്കയിലെയും യൂറോപ്പിലെയും കമ്പനികളെ ഇന്ത്യയിലെത്തിക്കാമെന്നാണ് കണക്കുകൂട്ടല്‍. ഇത് വിജയിച്ചാല്‍ വന്‍ നിക്ഷേപം ഇന്ത്യയിലെത്തും.തൊഴില്‍മേഖലയിലെ കുഴപ്പങ്ങള്‍ നിയന്ത്രിച്ച് വ്യവസായമേഖലയില്‍ വന്‍തോതില്‍ നിക്ഷേപങ്ങളെത്തിക്കണം.
വായ്പാ മുരടിപ്പ് ഇല്ലാതാക്കണം
വിദേശകമ്പനികള്‍ എത്തിയാലൂം ഇല്ലെങ്കിലും ആഭ്യന്തരക്കമ്പനിളും സ്റ്റാര്‍ട്ടപ്പുകളും പുതിയ വ്യവസായസംരംഭകരും നിക്ഷേപമായി എത്തിയാല്‍ തന്നെ ഇന്ത്യയുടെ വ്യവസായരംഗം ഉണരും. പക്ഷെ ഇതിന് തടസ്സമാവുന്നത് മൂലധനമാണ്. 2008ലെ ധനപ്രതിസന്ധിക്ക് ശേഷം സംരംഭകര്‍ക്ക് നല്കിയ വായ്പകള്‍ പലതും മുടങ്ങി. പലരും വായ്പ തിരിച്ചടയ്ക്കാത്ത പ്രതിസന്ധിയുണ്ടായി. ഇതോടെ വായ്പകള്‍ കൊടുക്കാന്‍ ബാങ്കുകള്‍ക്കും മറ്റ് സാമ്പത്തികസ്ഥാപനങ്ങള്‍ക്കും ഭയമായി. വായ്പകള്‍ നിഷ്ക്രിയ ആസ്തികളായി മാറാതിരിക്കാന്‍ റിസര്‍വ്വ് ബാങ്ക് ബാങ്കുകളുടെയും ധനകാര്യസ്ഥാപനങ്ങളുടെയും മേല്‍ സമ്മര്‍ദ്ദം ചെലുത്തുണ്ട്. ഇത് ഉദാരമായി വായ്പകള്‍ നല്കുന്നതില് നിന്നും ബാങ്കുകളെയും ധനകാര്യസ്ഥാപനങ്ങളെയും പിന്തിരിപ്പിച്ചു. ഇത് കുറഞ്ഞ പലിശയില്‍ വായ്പ ലഭിക്കുന്ന സ്ഥിതിവിശേഷം ഇല്ലാതാക്കി. വായ്പയുടെ രംഗത്തുള്ള ഈ മുരടിപ്പ് ഇല്ലാതാക്കണം. കുറഞ്ഞ പലിശയ്ക്ക് കൂടുതല്‍ പണം വ്യവസായസംരംഭകര്‍ക്ക് കിട്ടാന്‍ അവസരമുണ്ടാക്കണം. ഇത് നിര്‍മ്മാല സീതാരാമനില്‍ നിന്നും ഇന്ത്യ പ്രതീക്ഷിക്കുന്ന ബജറ്റ്പ്രഖ്യാപനമാണ്.
പൊതുക്കടം കൂട്ടി സമ്പദ്ഘടന ചലിപ്പിക്കണം
എന്തായാലും ഉപഭോഗം വര്‍ധിപ്പിക്കാനും വ്യവസായരംഗത്ത് നിക്ഷേപം വര്‍ധിപ്പിക്കാനും കയറ്റുമിത മേഖല ചലിപ്പിക്കാനും സര്‍ക്കാര്‍ കടന്നുവന്നേ മതിയാവൂ. സര്‍ക്കാര്‍ കൂടുതല്‍ കടമെടുത്ത് ഉല്പാദന രംഗത്ത് നിക്ഷേപിക്കേണ്ടി വരും. ഇത് സര്‍ക്കാരിന്റെ ധനക്കമ്മി കൂട്ടുമെന്ന ആശങ്കയുണ്ട്. മൊത്ത ആഭ്യന്തരോല്പാദന(ജിഡിപി)ത്തിന്റെ മൂന്ന് ശതമാനം വരെ ധനക്കമ്മിയാകാമെന്നാണ് സാമ്പത്തികശാസ്ത്രത്തിന്റെ പൊതുതത്വം. പക്ഷെ ഇക്കുറി ധനകമ്മി ജിഡിപിയുടെ 7.25 ശതമാനം വരെയാകുമെന്നാണ് സാംപത്തിക വിദഗ്ധര്‍ പറയുന്നത്. ധനകമ്മി നിയന്ത്രിതമായ തോതില്‍ നിലനിര്‍ത്തേണ്ടത് ആവശ്യമാണെങ്കിലും കോവിഡ് മാഹാമാരി തീര്‍ത്ത ദുരന്തസമാനമായ അന്തരീക്ഷത്തില്‍ നിന്നും സമ്പദ്ഘടനയെ കരകയറ്റാന്‍ കൂടുതല്‍ കടമെടുത്തേ മതിയാവൂ. ആ കടം ആഭ്യന്തരവിപണിയില്‍ നിക്ഷേപിച്ച് വിപണിയെ ഉണര്‍ത്തിയെടുത്തേ മതിയാവൂ. റിയല്‍ എസ്റ്റേറ്റ്, ഹെല്‍ത്ത് കെയര്‍, വിദ്യാഭ്യാസം, അടിസ്ഥാനസൗകര്യവികസനം, പ്രതിരോധം തുടങ്ങി എല്ലാ രംഗങ്ങളിലേക്കും ഈ നിക്ഷേപമെത്തണം. അതേ സമയം സേവനം, കൃഷി, ആഭ്യന്തരോല്പാദനം, വീട് നിര്‍മ്മാണം തുടങ്ങിയ മേഖലകളെയും ഉണര്‍ത്തിയെടുത്തേ മതിയാവൂ.
പൊതുക്കടവും ജിഡിപിയും തമ്മിലുള്ള അനുപാതത്തെ ദോഷമായി ബാധിക്കുമെങ്കിലും സാമ്പത്തികരംഗം മെച്ചപ്പെടുന്നതോടെ വീണ്ടും പൊതുക്കടം കുറയുകയും ജിഡിപി മെച്ചപ്പെടുത്തുകയും ചെയ്യും. പക്ഷെ വലിയ തോതില്‍ എടുക്കുന്ന കടം വിപണിയെ ഉണര്‍ത്താന്‍ മാത്രമേ ഉപയോഗിക്കൂ എന്ന് സര്‍ക്കാരിന് നിര്‍ബന്ധബുദ്ധി വേണം. അതല്ലാതെ അത് റവന്യുചെലവിനായി ഇപയോഗിച്ചാല്‍ അത് പണപ്പെരുപ്പത്തിലേക്ക് നയിക്കും.
രാജ്യത്തിന്റെ ഉപഭോഗവും ഉല്‍പ്പാദനവും കൂടിയേ പറ്റൂ. അതിന് കൂടുതല്‍ നിക്ഷേപം വേണം. ഈ നിക്ഷേപം കുറഞ്ഞ വായ്പാനിരക്കില്‍ വിപണിയില്‍ എത്തിക്കുകയും വേണം. അപ്പോള്‍ സാമ്പത്തിക രംഗം ചലിക്കും. നികുതി ദായകനായ സാധാരണക്കാരിലേക്ക് കൂടുതല്‍ പണം എത്തണം. ഇതിന് സര്‍ക്കാര്‍ വന്‍തോതില്‍ നിക്ഷേപമിറക്കിയേ മതിയാവൂ.
പാവങ്ങള്‍ക്ക് വേണം ക്ഷേമപദ്ധതി
ഇനി പാവങ്ങളുടെ കാര്യം പറയാം. കോവിഡ് കാലത്ത് ഏറ്റവും വലിയ ദുരന്തത്തിനടിപ്പെട്ടത് ഈ രാജ്യത്തെ പാവങ്ങളാണ്. കോവിഡ് അടച്ചുപൂട്ടല്‍ കാലത്ത് സ്വന്തം വീടുകളില്‍ എത്തിപ്പെടാന്‍ സാധാരണക്കാരന് കാല്‍നടയായാണ് ആയിരക്കണക്കിന് കിലോമീറ്ററുകള്‍ താണ്ടിയത്. ചിലരൊക്കെ ക്ഷീണിച്ചവശരായി മരണത്തെ പുല്കി. ഇവര്‍ക്കായി മോദി സര്‍ക്കാര്‍ ഇടക്കാല ആശ്വാസം പ്രഖ്യാപിച്ചിരുന്നു. പക്ഷെ കൂടുതല്‍ സഹായം ഉണ്ടായേ മതിയാവൂ. രാജ്യത്തെ പാവപ്പെട്ടരെ മുന്ഗണനയിലെടുത്ത് അവര്‍ക്കായി എന്തെങ്കിലും ക്ഷേമപദ്ധതികള്‍ ധനമന്ത്രി പ്രഖ്യാപിക്കുമെന്ന് കരുതുന്നു.
വി-ആകൃതിയിലുള്ള കുതിപ്പ്
ഈ വെല്ലുവിളി നിര്‍മ്മല സീതാരാമന് ഏറ്റെടുക്കുമെന്നാണ് പ്രതീക്ഷ. സാമ്പത്തിക സര്‍വ്വേയില്‍ ഇതിന്റെ സൂചനകള്‍ ഉണ്ട്. വീണ്ടും ഇന്ത്യയുടെ ജിഡിപി 11 ശതമാനം വളര്‍ച്ചയിലേക്ക് കുതിക്കാന്‍ വേണ്ടതെല്ലാം ചെയ്യുമെന്ന ഉറപ്പാണ് ധനമന്ത്രി നല്‍കുന്നത്. ഉപഭോഗത്തിലും നിക്ഷേപത്തിലും വന്കുതിപ്പുണ്ടാക്കുമെന്നും ധനമന്ത്രി സാംപത്തിക സര്‍വ്വേയില്‍ ഉറപ്പുതരുന്നു. മാത്രമല്ല, ബജറ്റ് അതവരണത്തിന് 48 മണിക്കൂര്‍ മുന്‍പ് അവതരിപ്പിച്ച സാംപത്തിക സര്‍വ്വേയില്‍ വി-ആകൃതിയില്‍ കുതിക്കാന്‍ പോകുന്ന ഇന്ത്യന്‍ സംപദ് വ്യവസ്ഥയുടെ പ്രസന്നചിത്രവും അവതരിപ്പിക്കുന്നു. എന്തായാലും സിറ്റിഗ്രൂപ്പിന്റെ സാമ്പത്തികവിദഗ്ധന്‍ പറയുന്നതുപോലെ ഇക്കുറി അതിജീവനമല്ല, പുനരുജ്ജീവനത്തിനുള്ള സമഗ്രമായ നിര്‍ദേശങ്ങളാണ് ഈ ബജറ്റില്‍ ഉണ്ടാവേണ്ടത്. ഉയര്‍ന്ന ധനച്ചെലവ് ഇന്ത്യയുടെ ധനക്കമ്മി കൂട്ടുമ്പോള്‍ തന്നെ എല്ലാ മേഖലകളിലേക്കും അതിന്റെ ഗുണം എത്തുമെന്ന് ധനമന്ത്രി ഉറപ്പുവരുത്തകയും വേണം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: