കൊട്ടാരക്കര: തൈപ്പൂയ പകലിന് പീലിക്കാവടികളുടെ അഴക് ചാര്‍ത്തി വിലങ്ങറയില്‍ കാവടിയാട്ടം ഭക്തി നിര്‍ഭരമായി നടന്നു. ഇന്നലെ പുലര്‍ച്ചെ ഇണ്ടിളയപ്പന്റെ നടയില്‍ നിന്നും പനിനീര് കാവടികളുമേന്തി കുട്ടികള്‍ വിലങ്ങറ വേലായുധ സ്വാമിയുടെ നടയിലെത്തി ആഘോഷത്തിന് ആരവം കുറിച്ചു. തുടര്‍ന്ന് കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ച് സ്വാമിമാര്‍ കാവടികളേന്തി. 11 മണിയോടെ ആയിരവല്ലി ദുര്‍ഗ്ഗാദേവി ക്ഷേത്രത്തില്‍ നിന്നുള്ള പഞ്ചലോഹ കാവടി എഴുന്നള്ളത്ത് വിലങ്ങറ ഇണ്ടിളയപ്പന് സ്വാമി ക്ഷേത്രത്തില്‍ എത്തിച്ചേര്‍ന്നു.
ഉച്ചയ്ക്ക് ഒരു മണിയോടെ സ്വര്ണ്ണക്കാവടി ആനപ്പുറത്ത് എഴുന്നള്ളിച്ചു. പിന്നീട് കളഭ കാവടി ഘോഷയാത്ര സുബ്രഹ്മണ്യ സ്വാമി ക്ഷേത്രത്തിലേക്ക് ആരംഭിച്ചു. വാദ്യമേളങ്ങളുടെയും സ്വാമിമാരുടെയും അകമ്പടിയോടെ നടന്ന ഘോഷയാത്ര ഒന്നരയോടെ ക്ഷേത്രത്തില്‍ എത്തി പ്രദക്ഷിണം പൂര്‍ത്തിയാക്കി സമാപിച്ചു. തുടര്‍ന്ന് ദേവന് കളഭാഭിഷേകവും നടന്നു.
വൈകിട്ട് 6.30ന് ഭസ്മ കാവടി എഴുന്നള്ളത്തും രാത്രി 8ന് ഭസ്മ പുഷ്പാഭിഷേകങ്ങള്ക്കും ശേഷം നടന്ന ഇടുമ്പന് പൂജയോടെ കാവടിയാട്ട ചടങ്ങുകള്‍ സമാപിച്ചു. കാവടിയാട്ടത്തിന്റെ ഭാഗമായി രാവിലെ 9 മുതല്‍ ഉച്ചവരെ പ്രത്യേക അഭിഷേകങ്ങളും ഉണ്ടായിരുന്നു.
നിയന്ത്രണത്തിന്റെ ഭാഗമായി ഉച്ചയ്ക്കുള്ള കാവടിയാട്ടത്തില്‍ നാല്പതോളം ക്ഷേത്രങ്ങളില്‍ നിന്നുള്ള ആയിരക്കണക്കിന് സ്വാമിമാരുടെ വേല്‍ക്കാവടി ഉള്‍പ്പെടെ ഇത്തവണ ഒഴിവാക്കിയിരുന്നു. രാത്രിയിലെ അഗ്നി കാവടിയും ഇല്ലായിരുന്നു. പകരം സ്വാമിമാര്‍ പ്രത്യേക പൂജ നടത്തി. പുലര്‍ച്ചെ മുതല്‍ ഭക്തരെ ചെറു സംഘങ്ങളായിട്ടാണ് ക്ഷേത്രത്തില്‍ പ്രവേശിപ്പിച്ചത്. ഉമ്മന്നൂര്‍ പ്രാഥമികരോഗ്യകേന്ദ്രത്തില്‍ നിന്നുള്ള ആരോഗ്യവകുപ്പ് ജീവനക്കാരും സന്നിഹിതരായിരുന്നു. കെഎസ്ആര്‍ടിസി പ്രത്യേക സര്‍വീസുകള്‍ നടത്തി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: