ന്യൂദല്‍ഹി: കാര്‍ഷിക നിയമങ്ങള്‍ക്കെതിരായ സമരത്തിന്റെ മറവില്‍ ചെങ്കോട്ട അടിച്ചു തകര്‍ക്കുകയും ദല്‍ഹിയില്‍ കലാപം അഴിച്ചുവിടുകയും ചെയ്ത അക്രമികള്‍ക്കെതിരെ നടപടികള്‍ കേന്ദ്ര സര്‍ക്കാരും ദല്‍ഹി പോലീസും ശക്തമാക്കി. കേന്ദ്ര സേനയും ദല്‍ഹി-യുപി പോലീസും സംയുക്തമായി ഇടനിലക്കാരുടെ സമരപന്തലുകള്‍ വളഞ്ഞു. എത്രയും പെട്ടന്ന് അക്രമ സമരം അവസാനിപ്പിക്കാന്‍ നിര്‍ദേശം നല്കി. ഗാസിപൂരിലെ സമരപന്തല്‍ അടിയന്തരമായി ഒഴിയണമെന്നാണ് പോലീസ് നിര്‍ദേശം നല്‍കിയിരിക്കുന്നത്.
എഫ്ഐആറില്‍ പേരുള്‍പ്പെട്ട കര്‍ഷക നേതാക്കള്‍ക്കെതിരെ പോലീസ് ലുക്കൗട്ട് നോട്ടീസ് പുറത്തിറക്കി. ഇവരുടെ പാസ്പോര്‍ട്ട് കണ്ടുകെട്ടുമെന്നും ദല്‍ഹി പോലീസ് അറിയിച്ചു. സംസ്ഥാനത്ത് നടക്കുന്ന എല്ലാ കര്‍ഷക സമരങ്ങളും എത്രയും വേഗം പിരിച്ചു വിടാന്‍ ജില്ലാ മജിസ്ട്രേറ്റുമാര്‍ക്കും എസ്പിമാര്‍ക്കും യുപി സര്‍ക്കാര്‍ ഉത്തരവ് നല്കി.
അതിനിടെ കലാപത്തിന് നേതൃത്വം നല്കിയ കര്‍ഷക നേതാക്കളില്‍ പ്രധാനിയായ രാകേഷ് തിക്കായത്ത് പോലീസില്‍ ഉടന്‍ കീഴടങ്ങിയേക്കും. പോലീസുമായുണ്ടാക്കിയ ധാരണ ലംഘിച്ച് ദല്ഹിക്കകത്ത് കയറി കലാപം നടത്തിയ സംഭവത്തില്‍ മറുപടി നല്കാന് കര്‍ഷക നേതാക്കളോട് പോലീസ് ആവശ്യപ്പെട്ടിട്ടുണ്ട്. പോലീസുമായി ധാരണ ഒപ്പുവച്ച ശേഷം ഇത്തരത്തില്‍ പെരുമാറിയതിനാണ് മറുപടി വേണ്ടത്. സംഘടനയിലെ ഏതൊക്കെ പ്രവര്‍ത്തകരാണ് ഇത്തരത്തില്‍ കലാപത്തില്‍ പങ്കെടുത്തതെന്നും മൂന്നു ദിവസത്തിനകം പോലീസിന് വിവരം കൈമാറണമെന്നാണ് നിര്‍ദ്ദേശം.
യുപിയിലേക്ക് രക്ഷപ്പെട്ട കലാപകാരികളെ ദല്‍ഹി പോലീസിന് പിടിച്ചു കൊടുക്കുമെന്ന് യുപി എഡിജിപി പ്രശാന്ത്കുമാര്‍ അറിയിച്ചു. 394 പോലീസുകാര്‍ക്ക് പരിക്കേറ്റ കലാപത്തില്‍ 44 കര്‍ഷക നേതാക്കളെ പ്രതിചേര്‍ത്ത് 33 എഫ്ഐആറുകളാണ് രജിസ്റ്റര്‍ ചെയ്തത്. രാകേഷ് തിക്കായത്തും യോഗേന്ദ്ര യാദവും മേധാ പട്ക്കറും അടക്കമുള്ളവരെയാണ് കലാപം, വധശ്രമം, ഗൂഢാലോചന തുടങ്ങിയ വകുപ്പുകള്‍ ചുമത്തി കേസുകളില്‍ പ്രതികളാക്കിയത്. പഞ്ചാബി നടനും ഖാലിസ്ഥാനി അനുയായിയുമായ ദീപ് സിദ്ദുവിനെതിരെയും പോലീസ് കേസെടുത്തിട്ടുണ്ട്. ഇയാള്‍ ഒളിവിലാണ്. പോലീസ് നടപടി ശക്തമാക്കിയതോടെ ദീപ് സിദ്ദുവും അയാളുടെ കുടുംബവും നാടുവിട്ടു. ചെങ്കോട്ടയില്‍ പതാക ഉയര്‍ത്തിയ പഞ്ചാബി സ്വദേശിയായ കലാപകാരിയും അയാളുടെ വീട്ടുകാരും നാട്ടില്‍ നിന്ന് മുങ്ങിയിട്ടുണ്ട്.
സിസിടിവിയും ചാനല്‍ വീഡിയോകളും പരിശോധിച്ച് മുഴുവന്‍ പ്രതികളെയും കണ്ടെത്തുമെന്നും ഒരാളെയും വെറുതെ വിടില്ലെന്നും ദല്‍ഹി പോലീസ് കമ്മീഷണര്‍ എന്‍. എസ്. ശ്രീവാസ്തവ പറഞ്ഞു. സത്നാം സിങ് പന്നു, ദര്ശന് പാല് തുടങ്ങിയ കര്‍ഷക നേതാക്കള്‍ പ്രവര്‍ത്തകരെ അക്രമത്തിന് പ്രേരിപ്പിച്ചെന്നും ദല്‍ഹി പോലീസ് കമ്മീഷണര്‍ പറഞ്ഞു. കര്‍ഷക സമരക്കാര്‍ ദല്‍ഹിയില്‍ കടന്നുകയറി കലാപം നടത്തിയപ്പോള്‍ കടുത്ത നടപടികളിലേക്ക് കടക്കാതെ സമാധാനപരമായി സംഘര്‍ഷം കൈകാര്യം ചെയ്ത പോലീസ് സേനാംഗങ്ങള്‍ക്ക് നന്ദി പറഞ്ഞ് കമ്മീഷണര്‍ കത്തയച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: