ആലപ്പുഴ: കേരളത്തിലെ ദേശീയപാത വികസന പദ്ധതികള്‍ വളരെ വേഗത്തില്‍ പുരോഗമിക്കുന്നതായി കേന്ദ്ര ഉപരിതല ഗതാഗത മന്ത്രി നിതിന്‍ ഗഡ്ഗരി പറഞ്ഞു. ആലപ്പുഴ ബൈപ്പാസ് ജനങ്ങള്‍ക്ക് തുറന്നു നല്‍കിക്കൊണ്ട് സംസാരിക്കുകയായിരുന്നു അദ്ദേഹം. 2024ഓടെ 52,007 കോടി രൂപയുടെ പദ്ധതികള്‍ കമ്മീഷന് ചെയ്യും. 177 കിലോമീറ്റര്‍ റോഡ് 604 കോടി രൂപ ചെലവില്‍ പൂര്‍ത്തിയാക്കാനുള്ള പ്രവര്‍ത്തനങ്ങള്‍ നടക്കുന്നു.
തുറമുഖങ്ങളെ ബന്ധിപ്പിച്ചുകൊണ്ടുള്ള റോഡ് പദ്ധതികള്‍ ഏറെ പ്രാധാന്യമര്‍ഹിക്കുന്നു. 119 കിലോമീറ്റര്‍ ദൈര്‍ഘ്യമുള്ള 11 റോഡുകളുടെ വീതി കൂട്ടുന്നതിനുള്ള നടപടികള്‍ നടക്കുന്നു. കേരളത്തിന്റെ ടൂറിസം വികസനത്തില്‍ റോഡുകളുടെ വികസനവും പ്രധാനമാണ്. ആലപ്പുഴ ബൈപ്പാസ് കേരളത്തെ സംബന്ധിച്ച് ഏറെ പ്രധാനമാണ്. ആലപ്പുഴയുടെ ഗതാഗതക്കുരുക്കിന് വലിയ പരിഹാരമാണുണ്ടായിരിക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു. സ്ഥലം ഏറ്റെടുപ്പ് വേഗത്തില്‍ നടത്തിയതിന് മുഖ്യമന്ത്രിയെയും സര്‍ക്കാരിനെയും കേന്ദ്രമന്ത്രി അഭിനന്ദിച്ചു. കയര്‍, ചണം എന്നിവ കൊണ്ടുള്ള മാറ്റ് റോഡ് നിര്‍മാണത്തില്‍ ഉപയോഗിക്കുന്നത് പരിഗണിക്കുന്നുണ്ട്. ഇതേക്കുറിച്ച് കൂടുതല്‍ ഗവേഷണം നടത്തുകയും ഇതിനായി പൊതുമാനദണ്ഡം രൂപീകരിക്കുകയും ചെയ്യുമെന്ന് മന്ത്രി പറഞ്ഞു.
കേരളത്തിലെ റോഡപകടങ്ങള്‍ 50 ശതമാനമായി കുറയ്ക്കാനാണ് സര്‍ക്കാര്‍ ലക്ഷ്യമിടുന്നതെന്ന് മുഖ്യമന്ത്രി പിണറായി വിജയന് പറഞ്ഞു. ഇതിനാവശ്യമായ നടപടികളുമായി മുന്നോട്ടു പോകും. റോഡ് അപകടങ്ങളില്‍ പൊലിയുന്ന ജീവനുകളെ സര്‍ക്കാര്‍ ഗൗരവമായാണ് കാണുന്നതെന്നും അദ്ദേഹം പറഞ്ഞു.
കൊല്ലം, ആലപ്പുഴ, കൊച്ചി എന്നിവിടങ്ങളിലായി നാലു വന്‍കിട പാലങ്ങളാണ് ഗതാഗത യോഗ്യമാക്കിയത്. 12,691 കോടി രൂപയുടെ ഏഴു പദ്ധതികള്‍ക്കാണ് കാസര്‍കോട്, കണ്ണൂര്‍, കോഴിക്കോട്, ഇടുക്കി ജില്ലകളില്‍ തുടക്കമിട്ടത്. പാലാരിവട്ടം പാലം മേയില്‍ നാടിനു സമര്‍പ്പിക്കും. നൂറ് വര്‍ഷം ഗ്യാരന്റിയുള്ള പാലമാണ് ഉദ്ദേശിക്കുന്നത്. കേന്ദ്ര ഉപരിതല ഗതാഗത മന്ത്രി നിതിന്‍ ഗഡ്ഗരി നിര്‍ദ്ദേശിച്ചതു പോലെ ഡല്‍ഹിയില്‍ ഉദ്യോഗസ്ഥരുടെ സാന്നിധ്യത്തില്‍ വിവിധ പദ്ധതികള്‍ ചര്‍ച്ച ചെയ്യാമെന്ന് മുഖ്യമന്ത്രി പറഞ്ഞു.
348 കോടി രൂപ ചെലവഴിച്ചാണ് ആലപ്പുഴ ബൈപ്പാസ് യഥാര്‍ത്ഥ്യമാക്കിയത്. കേന്ദ്ര സംസ്ഥാന സര്‍ക്കാരുകള്‍ 174 കോടി രൂപ വീതമാണ് ഇതിനായി ചെലവഴിച്ചത്. എത്ര വലിയ പദ്ധതിയും കേരളത്തിലെ പൊതുമരാമത്ത് വകുപ്പിന് മനോഹരമായി ചെയ്യാനാവുമെന്ന് ആലപ്പുഴ ബൈപ്പാസ് തെളിയിക്കുന്നു. വിഴിഞ്ഞം തുറമുഖത്തിന്റെ റിംഗ് റോഡുമായി ബന്ധപ്പെട്ട കാര്യങ്ങളില്‍ കേന്ദ്ര സഹായം ആവശ്യമാണെന്ന് മുഖ്യമന്ത്രി പറഞ്ഞു.
അടിസ്ഥാന സൗകര്യ വികസനത്തില്‍, പ്രത്യേകിച്ച് ഹൈവേ വികസനത്തില്‍, കഴിഞ്ഞ നാലര വര്‍ഷത്തില്‍ വലിയ മുന്നേറ്റമാണ് കേരളം നടത്തിയതെന്ന് മുഖ്യമന്ത്രി പറഞ്ഞു.
പൊതുമരാമത്ത് മന്ത്രി ജി. സുധാകരന് അധ്യക്ഷത വഹിച്ചു. ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന് മുഖ്യാതിഥിയായിരുന്നു. കേന്ദ്ര സഹമന്ത്രിമാരായ വി.കെ. സിംഗ്, വി. മുരളീധരന്, ധനമന്ത്രി ഡോ. ടി. എം. തോമസ് ഐസക്ക്, പൊതുവിതരണ മന്ത്രി പി. തിലോത്തമന്, എ. എം. ആരിഫ് എം.പി, നഗരസഭാധ്യക്ഷ സൗമ്യരാജ് എന്നിവര്‍ സംബന്ധിച്ചു
പ്രതികരിക്കാൻ ഇവിടെ എഴുതുക: