കൊട്ടാരക്കര: കോവിഡ് വിലക്ക് നീങ്ങി സ്ഥാപനങ്ങള്‍ സജീവമായിട്ട് മാസങ്ങള്‍ കഴിഞ്ഞിട്ടും ഉത്സവ കച്ചവടക്കാര്‍ക്ക് ഇപ്പോഴും വിലക്കും പട്ടിണിയും. കഴിഞ്ഞ ഒരു വര്‍ഷത്തിലധികമായി കച്ചവടം നടത്താനാകാതെ വരുമാനം ഇല്ലാതെ കഷ്ടപ്പാടിലാണ് ഇവര്‍. ഇവരിലധികവും മറ്റ് ജോലിക്ക് പോകാന്‍ കഴിയാത്തവരാണ്. ഈ വര്‍ഷം അല്‍പ്പം പ്രതീക്ഷയുമായി ക്ഷേത്രോത്സവം, പള്ളി പെരുന്നാള്‍ എന്നിവ ആരംഭിച്ചെങ്കിലും ഇവിടേക്ക് എത്തുന്ന ഉത്സവ കച്ചവടക്കാരെ പോലീസ് ഉള്‍പ്പടെയുള്ള അധികൃതര്‍ ഭീഷണിപ്പെടുത്തി ഓടിക്കുകയാണ്.
ജില്ലയില്‍ മാത്രം ആയിരക്കണക്കിന് തൊഴിലാളികളാണ് ഉത്സവങ്ങളേയും പള്ളി പെരുന്നാളുകളേയും ആശ്രയിച്ച് ഉപജീവനം നടത്തുന്നത്. തൊഴിലാളികള്‍ കഴിഞ്ഞ ഒരു വര്‍ഷമായി പട്ടിണിയിലും ദുരിതത്തിലുമാണ്. ഇതില്‍ തന്നെ നിത്യ രോഗികളും നിരാലംബരായവരും ഉണ്ട്. ഇവര്‍ക്ക് കോവിഡ് സമയത്ത് സര്‍ക്കാരിന്റെ ഭാഗത്തു നിന്നും യാതൊരുവിധ സാഹായങ്ങളും ലഭിച്ചിട്ടില്ല. ഈ ഉത്സവ കാലയളവിലെങ്കിലും വ്യാപാരം നടത്തുവാനുള്ള അനുമതി ജില്ലാ ഭരണകൂടത്തിന്റെയും പോലിസിന്റെയും ഭാഗത്തുനിന്നും ഉണ്ടാകണമെന്നാണ് ഇവരുടെ ആവശ്യം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: