ന്യൂദല്‍ഹി : റിപ്പബ്ലിക് ദിന കലാപത്തെ തുടര്‍ന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത്ഷാ ഇന്ന് ചെങ്കോട്ട സന്ദര്‍ശിക്കും. കഴിഞ്ഞ ദിവസം കേന്ദ്രമന്ത്രി പ്രഹ്ളാദ് പട്ടേല്‍ ചെങ്കോട്ടയില്‍ കഴിഞ്ഞദിവസമെത്തി സ്ഥിതിഗതികള്‍ വിലയിരുന്നു. അതിനു പിന്നാലെയാണ് അമിത്ഷായും എത്തുന്നത്.
ഇന്ന് ഉച്ചയ്ക്ക് 12 മണിയോടെ അമിത് ഷാ വടക്കന്‍ ദല്‍ഹിയിലെ സിവില്‍ ലൈന്‍ ട്രോമ സെന്റര്‍, തിരുത്ത് റാം ആശുപത്രി എന്നിവിടങ്ങളില്‍ ചികിത്സയില്‍ കഴിയുന്ന ആക്രമണങ്ങളില്‍ പരിക്കേറ്റ പോലീസ് ഉദ്യോഗസ്ഥരെ സന്ദര്‍ശിക്കും.
അതിനിടെ കര്‍ഷക സമരമെന്ന പേരില്‍ ആക്രമണം അഴിച്ചുവിട്ട ഇടനിലക്കാരെ എത്രയും വേഗം കണ്ടെത്താന്‍ അമിത് ഷാ ദല്‍ഹി പോലീസിന് നിര്‍ദ്ദേശം നല്കി. ആഭ്യന്തര സെക്രട്ടറി അജയ് ഭല്ല, ദല്‍ഹി പോലീസ് കമ്മിഷണര്‍ എസ്.എന്‍. ശ്രിവാസ്തവ, ഇന്റലിജന്‍സ് ബ്യൂറോ മേധാവികള്‍ എന്നിവരുമാസി കൂടിക്കാഴ്ച നടത്തി സ്ഥിതിഗതികള്‍ വിലയിരുത്തുകയും സ്വീകരിക്കേണ്ട നടപടികള്‍ സംബന്ധിച്ച് നിര്‍ദ്ദേശങ്ങള്‍ നല്‍കുകയും ചെയ്തു.
ചെങ്കോട്ടയില്‍ കലാപമുണ്ടായതിന് പിന്നാലെ ഉന്നത ഉദ്യോഗസ്ഥരെ വിളിച്ചു വരുത്തി അമിത്ഷാ വിശദാംശങ്ങള്‍ തേടിയിരുന്നു. കൂടാതെ പ്രദേശത്ത് ക്രമസമാധാനം നിലനിര്‍ത്തുന്നതിനായി 4500 അര്‍ദ്ധ സൈനികരെ വിന്യസിക്കുകയും ചെയ്തിരുന്നു.
അതേസമയം കര്‍ഷക സമരത്തിനിടെ സര്‍ക്കാര്‍ സാമൂഹിക വിരുദ്ധരെ മനപ്പൂര്‍വ്വം ചെങ്കോട്ടയിലേക്ക് കയറ്റിവിട്ടതാണെന്നാണ് ഇപ്പോള്‍ പ്രതിപക്ഷം പുതിയ ആരോപണം ഉന്നയിക്കുന്നത്. രഹസ്യാന്വേഷണ വിഭാഗത്തിന്റേയും പോലീസിന്റേയും ഭാഗത്തും വീഴ്ചയുള്ളതായും കോണ്‍ഗ്രസ് ആരോപിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: