കെ ആര് സുധാമന്
ഇന്ത്യയിലെ പൊതു ബജറ്റ് പ്രയാസകരമായ ഒരു സംഗതിയാണ്; ഈ ഫെബ്രുവരിയില്‍ അവതരിപ്പിക്കുന്ന പുതിയ ബജറ്റും വ്യത്യസ്തമാകില്ല. അഭൂതപൂര്‍വമായ കൊവിഡ്19 മഹാമാരിയുടെ പ്രത്യാഘാതം സമ്പദ്വ്യവസ്ഥയെ ബാധിക്കുന്നതു കുറയ്ക്കുകയെന്ന ലക്ഷ്യത്തോടെ, വളര്‍ച്ചയും ശക്തമായ സ്ഥൂല-സാമ്പത്തിക അടിസ്ഥാനങ്ങളും തമ്മിലുള്ള സന്തുലിതാവസ്ഥ നിലനിര്‍ത്തുന്നതിനിടയില്‍ പരസ്പരവിരുദ്ധമായ ആവശ്യങ്ങള്‍ നിറവേറ്റുന്നതിന് ധനമന്ത്രി കടുത്ത ഞാണിന്മേല്‍ക്കളിതന്നെ നടത്തേണ്ടിവരും. എന്നിരുന്നാലും, പല റേറ്റിംഗ് ഏജന്‍സികളും 2021-22 ല്‍ ഇരട്ട അക്ക വളര്‍ച്ച പ്രവചിക്കുന്നു. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ആത്മനിര്‍ഭര്‍ ഭാരത് കാര്യപരിപാടിക്ക് കൂടുതല്‍ ആക്കമേകാന്‍ നിര്‍മലാ സീതാരാമന് ബാധ്യസ്ഥയാണ് . ഉയര്‍ന്ന വളര്‍ച്ചാ പാതയിലേക്ക് സമ്പദ് വ്യവസ്ഥയെ ഉത്തേജിപ്പിക്കുന്നതിന് ഇതാണ് ഏക പോംവഴി .
ഘടനാപരമായ പരിഷ്കാരങ്ങള്‍ ശക്തമായി പിന്തുടരുന്നില്ലെങ്കില് തുടര്‍ന്നുള്ള വര്‍ഷങ്ങളില്‍ ‘എല്ലാം എല്ലായ്പ്പോഴത്തെയുംപോലെ’ എന്ന സമീപനം ഇന്ത്യയെ 6-6.5 ശതമാനം വളര്‍ച്ചാ കൊണ്ട് തൃപ്തി അടയേണ്ടിവരും എന്ന് റേറ്റിംഗ് ഏജന്‍സികള്‍ സൂചിപ്പിച്ചു. 5 ലക്ഷംകോടി ഡോളര്‍ സമ്പദ് വ്യവസ്ഥ അതിവേഗം കൈവരിക്കാനുള്ള മോദിയുടെ ശ്രമം ഇന്ത്യ യാഥാര്‍ഥ്യമാക്കാന്‍ ,രാജ്യം 8-9 ശതമാനം വളര്‍ച്ചയുടെ പാതയിലേക്ക് സുസ്ഥിരമായിത്തന്നെ മടങ്ങേണ്ടതുണ്ട്. ഇന്ത്യയില്‍ സ്ഥാപനങ്ങള്‍ ആരംഭിക്കാന്‍ കൂടുതല്‍ വിദേശ കമ്പനികളെ പ്രോത്സാഹിപ്പിക്കുന്നതിനും ഇന്ത്യയെ ആഗോള ഉല്പാദന കേന്ദ്രമാക്കി മാറ്റുന്നതിനും നിര്‍മലാ സീതാരാമന് ആത്മ നിര്‍ഭര്‍ ഭാരതത്തിനു കീഴില്‍ കൂടുതല്‍ സാമ്പത്തിക ആനുകൂല്യങ്ങള്‍ പ്രഖ്യാപിച്ചാല്‍ മാത്രമേ ഇത് സാധ്യമാകൂ.
ജിഡിപിയുടെ 15 ശതമാനം വരുന്ന മൂന്ന് ആത്മനിര്‍ഭര്‍ ധന പാക്കേജുകള്‍ ഗവണ്മെന്റ് പ്രഖ്യാപിച്ചതോടെയാണ് ഇതിലേക്കു വിത്തു പാകിയത്. ‘മേയ്ക് ഇന്‍ ഇന്ത്യ’, ആത്മനിര്‍ഭര്‍ ഭാരത് എന്നിവ ഒരേ നാണയത്തിന്റെ രണ്ട് വശങ്ങളാണ്. 2014 ല്‍ അധികാരമേറ്റപ്പോള്‍ മുതല്‍ മോദിയുടെ സിദ്ധാന്തമാണിത്. സമ്പദ് വ്യവസ്ഥയില്‍ ആവശ്യമായ ഇടം സൃഷ്ടിച്ചുകൊണ്ട് ഒന്നാം മോദി ഗവണ്മെന്റ് ഇതിന് അടിത്തറയിട്ടു. ഉല്പാദനത്തിലും കാര്‍ഷിക മേഖലയിലും സമ്മര്‍ദ്ദം ചെലുത്തുന്നതിലൂടെ മാത്രമേ വളര്‍ച്ച കൈവരിക്കാനാകൂ എന്നതിനാല്‍ മഹാമാരിയും ആഗോള -രാഷ്ട്രീയ സാഹചര്യവും ‘ആത്മനിര്‍ഭര്‍ ഭാരതില്‍ ഒരു വലിയ മുന്നേറ്റത്തിന് കളമൊരുക്കി. ജിഡിപിയുടെ 50 ശതമാനത്തിലധികം വരുന്ന സേവനങ്ങള്‍ മൂന്ന് പതിറ്റാണ്ടായി ആധിപത്യം പുലര്‍ത്തിയ ശേഷം ഇതിനകം വളര്‍ച്ചാ സമതലത്തിലെത്തി. ഐടി ഹാര്ഡ്വെയര് നിര്‍മ്മാണം ഒരു പ്രധാന അവസരം നല്കുന്നു, കൂടാതെ ആത്മ നിര്‍ഭര്‍ ധന പാക്കേജിന്റെ ഭാഗമായി ഗവണ്മെന്റ് പ്രധാന നടപടികള്‍ കൈക്കൊണ്ടിട്ടുണ്ട്. തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുന്ന ഈ ഹൈടെക് മേഖലയിലേക്ക് വരാനിരിക്കുന്ന ബജറ്റില്‍ കൂടുതല്‍ പ്രതീക്ഷിക്കുന്നു.
മഹാമാരിക്കാലത്തെ നിര്‍ബന്ധിത ലോക്ക്ഡൗണിനുശേഷം സമ്പദ് വ്യവസ്ഥയെ മാറ്റിമറിക്കാന്‍ ആവശ്യമായ പൊതുചെലവ് വര്‍ദ്ധിപ്പിക്കുന്നതിന് അടിസ്ഥാന സൗകര്യ വികസനം പ്രധാനമാണ്. ആത്മനിര്‍ഭര്‍ പാക്കേജിന്റെ ഭാഗമായി, ഇന്ത്യയില്‍ നിര്‍മിക്കുക സമീപനം പ്രതിരോധ ഉല്പാദനത്തെ പ്രോത്സാഹിപ്പിക്കുമെന്നും കൂടുതല്‍ മെട്രോ റെയിലുകള്‍ക്ക് പുറമെ കൂടുതല്‍ ചരക്ക് ഇടനാഴികളും ബുള്ളറ്റ് ട്രെയിന്‍ പദ്ധതികളും ബഡ്ജറ്റില്‍ പ്രഖ്യാപിക്കുമെന്നും പ്രതീക്ഷിക്കുന്നു. ഇത് തൊഴിലധിഷ്ഠിത നിര്‍മാണ വ്യവസായത്തെ പുനരുജ്ജീവിപ്പിക്കും. ഈ പൊതുചെലവ് കാരണം ദേശീയപാതകള്‍, എക്സ്പ്രസ് ഹൈവേകള്‍, വിമാനത്താവളം, തുറമുഖ വികസനങ്ങള്‍ എന്നിവയില്‍ കൂടുതല്‍ നിക്ഷേപത്തിനും ഇടയാക്കും.
ലോക്ക്ഡൗണിനും കഴിഞ്ഞ കുറച്ച് വര്‍ഷങ്ങളായുള്ള സമ്പദ് വ്യവസ്ഥയുടെ പൊതുവായ മാന്ദ്യത്തിനും ശേഷം, കൂടുതല്‍ പണം ആളുകള്‍ക്ക് ലഭ്യമാക്കിക്കൊണ്ട് ആവശ്യം വര്‍ധിപ്പിക്കുക എന്നതാണ് ഒരു വിഭാഗം സാമ്പത്തിക ശാസ്ത്രജ്ഞര്‍ വാദിക്കുന്നത്. മഹാത്മാഗാന്ധിദേശിയ ഗ്രാമീണ തൊഴിലുറപ്പു പദ്ധതി (MGNREGA) പദ്ധതിയിലൂടെയും എംഎസ്എംഇ മേഖലയെ പ്രചോദിപ്പിക്കുന്നതിന് നല്കിയ സാമ്പത്തിക ആനുകൂല്യങ്ങളിലൂടെയും ഗവണ്മെന്റ് കൃത്യമായി ചെയ്തതുപോലെയാണ് ഇത് ചെയ്യേണ്ടത്. സമ്പദ് വ്യവസ്ഥയിലെ ഒരു പ്രധാന തൊഴില്‍ സ്രഷ്ടാവാണ് കയറ്റുമതിയുടെ 40 ശതമാനവും ഉല്‍പ്പാദനത്തിന്റെ 45 ശതമാനവുമുള്ള എംഎസ്എംഇ മേഖല. ദരിദ്രര്‍ തങ്ങളുടെ സമ്പാദ്യത്തിന്റെ ഭൂരിഭാഗവും ലോക്ക്ഡൗണ്‍ സമയത്ത് ചെലവഴിച്ചതിനാല്‍ ഈ ഘട്ടത്തില്‍ കൂടുതല്‍ പണം ആളുകളുടെ കൈയില്‍ വയ്ക്കുക എന്നത് പൂര്‍ണ്ണമായും നടപ്പാകില്ല. ചെലവഴിക്കുന്നതിനേക്കാള്‍ കൂടുതല്‍ പണം അവരുടെ കൈകളിലേക്ക് നേരിട്ട് എത്തുന്നത് ഒരുപക്ഷേ, ആവശ്യങ്ങള്‍ പൂര്‍ത്തീകരിച്ചേക്കാം. അത്തരമൊരു സാഹചര്യത്തില്‍, മോദി ഗവണ്മെന്റ് നേരത്തേ ചെയ്തതുപോലെ സൗജന്യ റേഷന്‍ ഭക്ഷ്യധാന്യങ്ങള്‍, പാചക വാതകം, എംജിഎന്‍ആര്‍ഇജിഎയിലൂടെ കൂടുതല്‍ ഗ്രാമീണ ജോലികള്‍ എന്നിവയിലൂടെ മാനുഷികപിന്തുണ നല്‍കുക എന്നതാണ് മെച്ചപ്പെട്ട മാര്‍ഗം. ഗ്രാമീണ ആവശ്യങ്ങള്‍ പൂര്‍ത്തീകരിക്കുകയെന്ന ലക്ഷ്യത്തോടെയായിരുന്നു ഇത്. കാര്‍ഷിക പരിഷ്കാരങ്ങളിലേക്കുള്ള കൂടുതല്‍ മുന്നേറ്റം ഗ്രാമീണ സമ്പദ് വ്യവസ്ഥയെ പുനരുജ്ജീവിപ്പിക്കാനും സഹായിക്കും.
ഈ വര്‍ഷം ഇതിനകം 13 ശതമാനം ചെലവ് വര്‍ദ്ധിച്ചു. എന്നാല്‍ ഇത് 2020-21ല്‍ ഇന്ത്യയുടെ ധനക്കമ്മി ജിഡിപിയുടെ 7.2 ശതമാനത്തിലേക്ക് ഉയര്‍ത്തും. സംസ്ഥാനങ്ങളും ധനക്കമ്മി ജിഡിപിയുടെ 4 ശതമാനത്തില്‍ കൂടുതലായി റിപ്പോര്‍ട്ട് ചെയ്യും. മൊത്തം വായ്പ ജിഡിപിയുടെ 11 ശതമാനമായി ഉയരും. എന്നിരുന്നാലും, സര്‍ക്കാരിന് ഇപ്പോള്‍ ലഭിച്ചിട്ടുള്ള ഏറ്റവും വലിയ നേട്ടം കുറഞ്ഞതോ ഗുണപരമോ ആയ കമ്മിയും ഉയര്‍ന്ന വിദേശനാണ്യ കരുതലുമുള്ളതിനാല്‍ ധനമന്ത്രി വിഷമിക്കേണ്ടതില്ല. ഉയര്‍ന്ന ധനക്കമ്മി നികത്താന്‍ ഇത് വളരെയധികം സാധ്യത നല്കുന്നു.
കഴിഞ്ഞ കുറച്ച് മാസങ്ങളായി കണ്ട പ്രതീക്ഷാമുകുളങ്ങള്‍ 2021-22ല്‍ ഇരട്ട അക്ക വളര്‍ച്ചാ നിരക്കും ശക്തമായ നികുതി വരുമാന വളര്‍ച്ചയും ഉപയോഗിച്ച് സമ്പദ് വ്യവസ്ഥയെ തിരിച്ചുപിടിക്കാന്‍ സഹായിക്കും. ഓഹരി വിറ്റഴിക്കല്‍, ഗവണ്മെന്റിന്റെ സ്വകാര്യവല്‍ക്കരണ പദ്ധതി, 5 ജി ലേലം എന്നിവയില്‍ നിന്നുള്ള നികുതിയേതര വരുമാനം പോലും വരും വര്‍ഷത്തില്‍ മികച്ചതായിരിക്കും. ഇത് ധനപരമായ ഏകീകരണം ഉറപ്പാക്കിക്കൊണ്ട് പൊതുചെലവ് വര്‍ദ്ധിപ്പിക്കുന്നതിന് നിര്‍മലാ സീതാരാമന് മതിയായ ഇടം നല്‍കും. അടുത്ത സാമ്പത്തിക വര്‍ഷത്തില്‍ ധനക്കമ്മി 5 മുതല്‍ 5.5 ശതമാനമായി അടങ്ങിയിരിക്കുന്നതിനാല്‍ കുറഞ്ഞത് 10 ശതമാനമെങ്കിലും ചെലവ് വര്‍ദ്ധിപ്പിക്കാം. നികുതി വരുമാനം അടുത്ത വര്‍ഷം 18 ശതമാനത്തിലധികമാകും. കോര്‍പ്പറേറ്റ് നികുതി നിരക്ക് കുറയ്ക്കുക, 13 മേഖലകളിലേക്ക് ഉല്പാദനവുമായി ബന്ധപ്പെട്ട ആനുകൂല്യങ്ങള്‍ നല്‍കുക, നിക്ഷേപം ആകര്‍ഷിക്കുന്നതിനായി അനായാസ വ്യവസായ നടത്തിപ്പ് സാഹചര്യം മെച്ചപ്പെടുത്തുക എന്നിങ്ങനെ ധാരാളം പ്രവര്‍ത്തനങ്ങള്‍ ഇതിനകം നടന്നിട്ടുണ്ട്.
അന്തര്‍ദേശീയ നാണയ നിധി (ഐ.എം.എഫ്) പോലും മോദിയുടെ ആത്മനിര്‍ഭര്‍ ഭാരത് ഒരു പ്രധാന സംരംഭമായി വിശേഷിപ്പിച്ചു. ധനകാര്യ ദുരിതാശ്വാസ പാക്കേജുകളിലൂടെയും പരിഷ്കരണ നടപടികളിലൂടെയും കേന്ദ്ര ഗവണ്മെന്റ് പ്രാഥമിക, ദ്വിതീയ മേഖലകള്‍ക്ക് വഴികള്‍ സൃഷ്ടിക്കുകയും അവസരങ്ങള്‍ തുറക്കുകയും ചെയ്തു. കാര്‍ഷിക മേഖലയിലെ മാന്ദ്യം ഇല്ലാതാക്കുന്നതും ഉല്പാദനത്തിനുള്ള തൊഴില്‍ നിയമം ലളിതമാക്കുന്നതും ജനങ്ങളുടെ വരുമാനം മെച്ചപ്പെടുത്തുമെന്ന് ഐ.എം.എഫ്. നിരീക്ഷിക്കുന്നു. ഉല്പാദനവുമായി ബന്ധപ്പെട്ട പ്രോത്സാഹനങ്ങള്‍ ഓട്ടോ, സാങ്കേതിക ഉള്‍പ്പെടെയുള്ള മേഖലകളിലേക്ക് സ്വാശ്രയത്വം കൊണ്ടുവരുന്നത് ആഭ്യന്തര ഉല്പാദനം വര്‍ദ്ധിപ്പിക്കുന്നതിന് സാമ്പത്തിക ആനുകൂല്യങ്ങള്‍ വാഗ്ദാനം ചെയ്യുന്നതിനേക്കാള്‍ തൊഴിലവസരങ്ങള്‍ സൃഷ്ടിക്കാന്‍ ഉതകുമെന്നും പ്രതീക്ഷിക്കുന്നു.
കൂടാതെ, വ്യവസായ നടത്തിപ്പ്അനായാസമാക്കുന്നത് ഇന്ത്യയിലെ എംഎസ്എംഇ മേഖലയ്ക്ക് സുസ്ഥിരമായ ഒരു അന്തരീക്ഷം സൃഷ്ടിക്കുകയും നവീനത വളര്‍ത്തുകയും നൈപുണ്യ വികസനം വര്‍ദ്ധിപ്പിക്കുകയും തൊഴില്‍ പ്രോത്സാഹിപ്പിക്കുകയും ചെയ്യും.
പലപ്പോഴും പറയുന്നത് പോലെ , ഓരോ പ്രതിസന്ധിയും സ്വയം ഒരു അവസരംകൂടി നല്‍കുന്നുണ്ട്. അതുപോലെ, കോവിഡ് -19 മഹാമാരിയും ഇന്ത്യയ്ക്ക് ഒരു അവസരം കൊണ്ടുവന്നു. പ്രധാനമന്ത്രി നരേന്ദ്ര മോദി അതിനെ ആത്മനിര്‍ഭര്‍ ഭാരത് എന്ന് ശരിയായി തിരിച്ചറിഞ്ഞു – ഇന്ത്യയെ സ്വയം പര്യാപ്തമാക്കുന്നതാണത്. 2014-ല്‍ ‘ഇന്ത്യയില്‍ നിര്‍മിക്കുക’ എന്ന ആശയം പ്രഖ്യാപിച്ചപ്പോള്‍, അത് ആശയം ജ്വലിപ്പിക്കുന്നതില്‍ വിജയിച്ചു. ആ ആശയം പൂര്‍ണ്ണമായും നടപ്പിലാക്കുന്നതിന് ഉചിതമായ സമയമാണിത്. നിക്ഷേപകര്‍ക്കിടയില്‍ വീറുറ്റ ചൈതന്യം പുനരുജ്ജീവിപ്പിക്കാന്‍ വരാനിരിക്കുന്ന ബജറ്റില്‍ ധനമന്ത്രി നിര്‍മലാ സീതാരാമന് വളരെയധികം കാര്യങ്ങള്‍ ഉള്‍പ്പെടുത്തും എന്നാണ് പ്രതീക്ഷ.
ലേഖകന്‍ ദില്ലി കേന്ദ്രമാക്കി പ്രവര്‍ത്തിക്കുന്ന സ്വതന്ത്ര പത്രപ്രവര്‍ത്തകനാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: