ബംബോലിം: പൊരിഞ്ഞു കളിച്ചിട്ടും നിരവധി അവസരങ്ങള്‍ സൃഷ്ടിച്ചിട്ടും നിര്‍ണായക മത്സരത്തില്‍ ബ്ലാസ്റ്റേഴ്സ് സമനില കൊണ്ട് തൃപ്തരായി. ജംഷഡ്പൂര്‍ എഫ്സിയോടാണ് മഞ്ഞപ്പട ഗോള്‍രഹിത സമനില വഴങ്ങിയത്. ക്രോസ്ബാറും സൈഡ് പോസ്റ്റുകളും നേടിയ ഗോള്‍ അനുവദിക്കാത്ത റഫറിയുമാണ് ബ്ലാസ്റ്റേഴ്സ് വിജയത്തിന് വിലങ്ങുതടിയായത്. ഗോളെന്നുറച്ച നാലോളം ഷോട്ടുകളാണ് ക്രോസ്ബാറും പോസ്റ്റുകളും തടുത്തിട്ടത്.
ആദ്യപകുതിയുടെ തുടക്കത്തില്‍ ജംഷഡ്പൂര്‍ മുന്‍തൂക്കം നേടിയെങ്കിലും പതിയെ ബ്ലാസ്റ്റേഴ്സ് താളം കണ്ടെത്തി. പിന്നീട് കളംനിറഞ്ഞ ബ്ലാസ്റ്റേഴ്സ് ആക്രമണ തിരമാലകളുമായി എതിരാളികളെ പ്രതിരോധത്തിലാക്കി. ആദ്യപകുതിയില്‍ മാത്രം മഞ്ഞപ്പടയുടെ ഗോളെന്നുറച്ച നാലോളം കിക്കുകളാണ് ജംഷഡ്പൂര്‍ പോസ്റ്റിലിടിച്ച് തെറിച്ചത്. ഒരു ഗോള്‍ നേടിയെങ്കിലും റഫറി അത് അനുവദിച്ചില്ല. കളിയുടെ ഏഴാം മിനിറ്റില്‍ ജംഷഡ്പൂരിന്റെ മുന്നേറ്റതാരം നെരിയസ് വാല്‍സ്കിസിന്റെ ഉഗ്രന്‍ ഷോട്ട് ബ്ലാസ്റ്റേഴ്സ് പോസ്റ്റില്‍ തട്ടിത്തെറിച്ചു. ബ്ലാസ്റ്റേഴ്സ് ഗോള്‍കീപ്പര്‍ ആല്‍ബിനോ ഗോമസിന്റെ പിഴവില്‍ നിന്നാണ് വാല്‍സ്കിസ് പന്ത് പിടിച്ചെടുത്തത്.
ആദ്യ 15 മിനിട്ടുകളില്‍ മധ്യനിര താളം കണ്ടെത്താന്‍ കഴിയാതെ ബുദ്ധിമുട്ടിയതോടെ ഒരു ഗോളവസരം പോലും സൃഷ്ടിക്കാന്‍ ബ്ലാസ്റ്റേഴ്സിന് കഴിഞ്ഞില്ല. മധ്യനിരയില്‍ ഫക്കുണ്ടോ പെരേരയുടെ അസാനിധ്യം കളിയില്‍ പ്രകടമായിരുന്നു. നിരവധി പിഴവുകളും മഞ്ഞപ്പട ആദ്യ പകുതിയില്‍ വരുത്തി.
29-ാം മിനിട്ടില്‍ രോഹിത് കുമാറിലൂടെയാണ് ബ്ലാസ്റ്റേഴ്സ് ആദ്യമായി പോസ്സിലേക്ക് ഒരു ഷോട്ടുതിര്‍ത്തത്. ദുര്‍ബലമായ താരത്തിന്റെ കിക്ക് ജംഷഡ്പുര്‍ ഗോള്‍കീപ്പറും മലയാളിയുമായ രഹനേഷ് കൈയ്യിലൊതുക്കി. അതിനുശേഷം ബ്ലാസ്റ്റേഴ്സും ആക്രമിച്ച് കളിക്കാന്‍ തുടങ്ങിയതോടെ കളി ആവേശത്തിലായി. 35-ാം മിനിട്ടില്‍ ഗ്യാരി ഹൂപ്പര്‍ ജംഷഡ്പൂര്‍ വലയില്‍ പന്തെത്തിച്ചെങ്കിലും റഫറി ഓഫ്സൈഡ് വിളിച്ചു.
42-ാം മിനിട്ടില്‍ ബ്ലാസ്റ്റേഴ്സിന്റെ ഹൂപ്പറെടുത്ത തകര്‍പ്പന്‍ ലോങ്റേഞ്ചര്‍ ക്രോസ്ബാറിലിടിച്ച് തെറിച്ചു. ബാറിലിടിച്ച പന്ത് പോസ്റ്റിനുള്ളിലാണ് വീണതെങ്കിലും എന്നിട്ടും റഫറി ഗോള്‍ അനുവദിച്ചില്ല. ഇത് വിവാദങ്ങള്‍ക്ക് വഴിവെയ്ക്കുമെന്നുറപ്പായി. തൊട്ടുപിന്നാലെ മുറെയുടെ ഹെഡ്ഡറും പോസ്റ്റിലിടിച്ച് തെറിച്ചു. 43-ാം മിനിട്ടില്‍ മുറെ വീണ്ടും ബോക്സിനകത്ത് മികച്ച അവസരം സൃഷ്ടിച്ചെങ്കിലും അദ്ദേഹത്തിന്റെ കിക്ക് സൈഡ് നെറ്റിന്റെ സൈഡില്‍ പതിച്ചു.
ആദ്യപകുതി നിര്‍ത്തിയേടത്തുനിന്നായിരുന്നു ബ്ലാസ്റ്റേഴ്സ് രണ്ടാം പകുതി തുടങ്ങിയത്. രോഹിതും മുറെയുമാണ് അവസരങ്ങള്‍ തുടക്കത്തില്‍ തന്നെ പാഴാക്കിയത്. സമനിലയില്‍ കുടുങ്ങിയതോടെ 14 കളികളില്‍ നിന്ന് 15 പോയിന്റുമായി ജംഷഡ്പൂരും ബ്ലാസ്റ്റേഴ്സും ഏഴും എട്ടും സ്ഥാനങ്ങളിലേക്ക് ഉയര്‍ന്നു. 31ന് എടികെ മോഹന്‍ബഗാനെതിരെയാണ് ബ്ലാസ്റ്റേഴ്സിന്റെ അടുത്ത കളി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: